ഒരാശ്വാസം, നടിമാരൊന്നും ദിലീപിനെ കാണാൻ പോയില്ലല്ലോ; ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ സിനിമാക്കാർ സന്ദർശിക്കുന്നതിനെ വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യം?. എല്ലാവരും ഉക്കം നടിക്കുകയാണ്. ഇവരൊന്നും ദിലീപിനെ വ്യക്തിപരമായി കാണാൻ പോയതാണെന്നു പോലും പറയുന്നില്ലല്ലോ? അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ഗണേഷ്കുമാറും പോയില്ലേ? 

ആർക്കോ വേണ്ടി ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നതുപോലെ കാണിച്ച് പിന്നിൽ നിന്ന് പിന്തുണയ്ക്കുകയല്ലേ എല്ലാവരും. ഒരു ജനപ്രതിനിധിപോലും തന്റെ സുഹൃത്തിന് വേണ്ടി പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുമ്പോൾ സമൂഹമാണ് പ്രതികരിക്കേണ്ടത്. ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ജനങ്ങളല്ലേ. ഇങ്ങനെയൊരാൾ എങ്ങനെയാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്. ജനപ്രതിനിധി വ്യക്തി വേണ്ടിയല്ല സംസാരിക്കേണ്ടത്. വിഷയത്തിന് വേണ്ടിയാണ്.

എനിക്ക് ഒരാശ്വാസമുണ്ട്, നടിമാരൊന്നും ജയിലിൽ പോയി ദിലീപിനെ കണ്ടില്ലല്ലോ എന്ന്. അവരിലും പോകണമെന്ന് ആഗ്രഹമുള്ളവരുണ്ടാകും. അവര്‍ ജയിലിനെ പേടിച്ചായിരിക്കും പോകാതിരുന്നത്. അതുകൊണ്ടാണല്ലോ അമ്മയുടെ യോഗത്തിൽ ഇവർ മിണ്ടാതിരുന്നത്. 

ദിലീപിനെ കാണാൻ ജയിലിൽ പോയവരെല്ലാം എല്ലാ ഒാണത്തിനും ഒത്തുകൂടുന്നവരാണോ? പരസ്പരം ഒാണക്കോടി കൈമാറാറുണ്ടോ. ഉണ്ടെങ്കിൽ അതെല്ലാം വാർത്തയാകുമായിരുന്നില്ലേ? അങ്ങനെ ഒത്തുചേരാറുണ്ടായിരുന്നുവെങ്കിൽ അവർ തന്നെ അത് മാധ്യമങ്ങളെ അറിയിച്ചേനെ. ഇവരെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാൻ ആഗ്രഹിക്കുന്നവർ തന്നെയാണ്. 

ദിലീപിനെ കാണാൻ പോയവരൊന്നും ആ പെൺകുട്ടിയെ കാണാൻ പോകാതിരുന്നതെന്തുകൊണ്ടാണ്?. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് പറയുന്നവർ ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ് അവളെ കാണാനും ആശ്വസിപ്പിക്കാനും പോകാതിരിക്കുന്നത്. അവളുടെ അടുത്ത് ഒാണക്കോടിയുമായി പോയി നിന്നോടൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൂടെ. 

എന്നെക്കാണാൻ ആരും വന്നില്ലെന്നും എന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ഒാണമായിരുന്നു ഇൗ കഴിഞ്ഞുപോയതെന്നും അവൾ പറഞ്ഞത് ആരും കേട്ടില്ലേ? സഹതാപ തരംഗം സൃഷ്ടിച്ച് ഇവർ ദിലീപിനെ പിന്തുണയ്ക്കുമ്പോൾ അതെല്ലാം ദിലീപിനെതിരായി വരുമെന്ന് അവർ അറിയുന്നില്ല. അയാൾ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് ആരും പറയാത്തതെന്താണ്.?

ഞങ്ങൾ ന്യൂനപക്ഷമായ സ്ത്രീ സമൂഹം അവളോടൊപ്പമുണ്ട്. അതിന് ഒരു ഒാണക്കോടിയുടേയും ആവശ്യമില്ല. ഞങ്ങൾ അവളോടൊപ്പമുണ്ടെന്നും അവൾക്കുമറിയാം, ഞങ്ങൾക്കുമറിയാം. അതിന് ബോധിപ്പിക്കേണ്ട കാര്യമില്ല. കഴിഞ്ഞദിവസവും അവൾക്ക് മെസേജ് അയച്ചിരുന്നു. അവൾ തിരക്കിലാണ്. യാത്രയിലാണ്. 

അവൾക്ക് നീതി കിട്ടുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. ഇതിനു പിന്നിൽ ആരൊക്കെ ഉണ്ടെങ്കിലും അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇനിയും ആളുകളുണ്ടെന്ന് പറയുന്നു. എല്ലാവരരേയും നിയമത്തിനു മുന്നിൽ ഹാജരാക്കുമെന്നും അവർക്ക് ശിക്ഷ ലഭിക്കുമെന്നും ഉറച്ച് ഞങ്ങൾ വിശ്വസിക്കുകയും ചെയ്യും. , ഭാഗ്യലക്ഷ്മി മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.