സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുൻനിര താരങ്ങളുടെ അസാന്നിധ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. സിനിമയെ പ്രോൽസാഹിപ്പിക്കാനാണ് അവാർഡുകളെന്നും ഇത്തരം ചടങ്ങുകളെ സിനിമാലോകം ശരിയായ രീതിയിൽ കാണുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ഡോ.ബിജു രംഗത്ത്.
ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം–
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യ അതിഥികളായി ക്ഷണിച്ച താരങ്ങളും ആദരിക്കാനായി വിളിച്ചതിൽ ചില താരങ്ങളും എത്താതിരുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചതായി കണ്ടു. പുരസ്കാരം ലഭിച്ചവരെ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യത മറ്റ് താരങ്ങൾക്കും ഉണ്ട് അതുകൊണ്ട് അവർ പങ്കെടുക്കേണ്ടതായിരുന്നു എന്നും വരിക എന്നത് ഒരു വികാരമായി എടുക്കേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞതായി അറിയുന്നു .
ഈ ഒരു സാഹചര്യത്തിൽ ബഹുമാന്യനായ മുഖ്യമന്ത്രിയുടെ അറിവിലേക്കായി ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ. പുരസ്കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും ഉള്ളത് താരങ്ങളേക്കാൾ കൂടുതൽ സർക്കാരിനാണ്. കലാമൂല്യമുള്ള സാംസ്കാരിക സാമൂഹ്യ പ്രതിബദ്ധത ഉള്ള സിനിമകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ സർക്കാർ പുരസ്കാരങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ അത്തരം സിനിമകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനും കൂടുതലായി നിർമിക്കപ്പെടുവാനും പ്രദർശന സംവിധാനങ്ങൾ ഉറപ്പ് വരുത്തുവാനും ഒക്കെയുള്ള കടമ സംസ്ഥാന സർക്കാരിനുണ്ട് .
പുരസ്‌കാര വിതരണ ചടങ്ങിൽ താരങ്ങൾ ക്ഷണിതാക്കളായി പങ്കെടുക്കുക എന്നതിലല്ല കാര്യം മറിച്ചു ഇത്തരം സിനിമകളുടെ പ്രോത്സാഹനത്തിനായി സർക്കാർ എന്ത് ചെയ്യുന്നു എന്നതാണ് പ്രാഥമികമായി വിലയിരുത്തേണ്ട കാര്യം. നിർഭാഗ്യവശാൽ സിനിമ ഒരു കലയും സംസ്കാരവും എന്ന നിലയിൽ പ്രോത്സാഹിപ്പിക്കാനോ നില നിർത്തുവാനോ കേരള സർക്കാർ ഒരു കാലത്തും ഒന്നും ചെയ്തിട്ടില്ല. മറാത്തയും ബംഗാളും യു പി യും ഗുജറാത്തും ഒക്കെ കലാമൂല്യ സിനിമകൾക്ക് സബ്‌സിഡിയും പ്രദർശന സംവിധാനവും ഉറപ്പ് വരുത്തുന്ന നടപടികളും നിയമ നിർമാണവും ഒക്കെ വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ നടത്തിയിട്ടുള്ളത് അങ്ങയുടെ ശ്രദ്ധയിൽ പെടുത്തിക്കൊള്ളട്ടെ.
കേരളത്തിൽ കലാമൂല്യ സിനിമകളുടെ പ്രോത്സാഹനത്തിനും സബ്‌സിഡിക്കുമായി നിരവധി നിർദ്ദേശങ്ങൾ അടങ്ങിയ അടൂർ കമ്മറ്റി റിപ്പോർട്ട് ഉൾപ്പെടെ രണ്ട് വിശദമായ റിപ്പോർട്ടുകൾ സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആ രണ്ടു റിപ്പോർട്ടുകളും മുഖ്യമന്ത്രി ആയ അങ്ങയുടെയും സിനിമാ വകുപ്പ് മന്ത്രിയുടെയും മേശവലിപ്പിൽ ഒരു നടപടി പോലും സ്വീകരിക്കപ്പെടാതെ വിശ്രമിക്കുന്നുണ്ട്.
ആ റിപ്പോർട്ടുകളിന്മേൽ ഇനിയെങ്കിലും എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ എന്നാണ് ഞങ്ങൾ ഉറ്റു നോക്കുന്നത്. അതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പുരസ്കാരം കിട്ടിയവർക്ക് കയ്യടിക്കാൻ താരങ്ങൾ മെഗാ ഷോയിൽ എത്തിയോ എത്തിയില്ലയോ എന്നതല്ല പ്രധാനം മറിച്ചു സിനിമയെ കലാപരമായും സാംസ്കാരികമായും നില നിർത്താൻ സർക്കാർ എന്തെങ്കിലും ക്രിയാത്മകമായ സമീപനം സ്വീകരിക്കാൻ തയ്യാറാകുമോ എന്നതാണ് .
അതെ പോലെ മറ്റൊരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തിക്കൊള്ളട്ടെ . കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്തിരുന്നത് ലളിതവും എന്നാൽ സാംസ്കാരിക പൂർണവുമായ ചടങ്ങിൽ വെച്ച് ആയിരുന്നു. ദേശീയ പുരസ്കാരങ്ങൾ ഇപ്പോഴും വിതരണം ചെയ്യുന്നത് അതിന്റെ അന്തഃസത്തയും ഔദ്യോഗികതയും കാത്തു സൂക്ഷിച്ച് തന്നെയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ടെലിവിഷൻ ചാനലുകളുടെ മാതൃകയിൽ ആഘോഷങ്ങൾ നിറഞ്ഞ താര മാമാങ്കങ്ങൾ ആയി മാറ്റിയത്.
സർക്കാർ അവാർഡുകളുടെ ഗൗരവബോധവും സാംസ്കാരികതയും നശിപ്പിച്ച് തമാശ നിറഞ്ഞ ഒരു ജനക്കൂട്ട താര ആരവ ചടങ്ങായി മാറ്റപ്പെട്ടു സംസ്ഥാന അവാർഡുകൾ. മുൻപ് ദൂരദർശൻ തത്സമയ സംപ്രേഷണം നടത്തിയിരുന്ന പുരസ്‌കാര ചടങ്ങ് സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് സംപ്രേഷണത്തിനായി കച്ചവടം നടത്തിയതോടെ ടെലിവിഷൻ താല്പര്യത്തിനനുസരിച്ചു ഡാൻസും മിമിക്രിയും കുത്തി നിറച്ചും, മുഖ്യ അതിഥികൾ ആയി താരങ്ങളെ പങ്കെടുപ്പിച്ചും , ആദരിക്കൽ ചടങ്ങുകൾ തിരുകി കയറ്റിയും ഒക്കെ വാണിജ്യവൽക്കരിക്കുകയാണ് ഉണ്ടായത് .
ബഹുമാനപ്പെട്ട മുഖ്യ മന്ത്രി സിനിമ എന്ന മാധ്യമത്തിൽ ഓരോ വർഷവും സാംസ്കാരികമായും കലാപരമായും സൗന്ദര്യപരമായും സാങ്കേതികപരമായും ഉന്നതമായ സംഭാവനകൾ ചെയ്തവർക്ക് ഒരു സംസ്ഥാനം നൽകുന്ന ഔദ്യോഗിക ആദരവ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം .അത് നൽകുന്ന വേദി കുറേക്കൂടി ഗൗരവാവഹവും സാംസ്കാരികപൂർണവുമാകാൻ അങ്ങ് നിർദ്ദേശിക്കണം . അവിടെ പുരസ്കാരം ലഭിച്ചവരാണ് മുഖ്യ അതിഥികൾ. അവരെ മറികടന്ന് എന്തിനാണ് താരങ്ങളെ മുഖ്യ അതിഥികൾ എന്ന നിലയിൽ ആ വേദിയിലേക്ക് ക്ഷണിച്ചു വരുത്തുന്നത്?.
പുരസ്കാരം കിട്ടിയവരെ ആണ് ആ വേദിയിൽ ആദരിക്കേണ്ടത് . അവരെ മറികടന്ന് എന്തിനാണ് വേറെ പത്ത് പതിനഞ്ച് ആളുകളെ ആദരിക്കാനായി പ്രത്യേകം ക്ഷണിച്ചു വരുത്തുന്നത് ?. ഇത്തരം കാര്യങ്ങളിൽ അങ്ങയുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. അടുത്ത വർഷം എങ്കിലും ദേശീയ പുരസ്‌കാര വിതരണ ചടങ്ങിന്റെ മാതൃകയിൽ അന്തസ്സുറ്റ ഒരു വേദിയിൽ നിന്ന് കൊണ്ട് അങ്ങ് പുരസ്‌കാര വിതരണം നടത്തുന്നതിന് ഞങ്ങൾ സാക്ഷ്യം വഹിക്കും എന്ന് കരുതുന്നു . ഒപ്പം അങ്ങയുടെ മേശപ്പുറത്ത് ഒരു വർഷമായി ഇരിക്കുന്ന നല്ല സിനിമകളുടെ പ്രോത്സാഹനത്തിനും സബ്‌സിഡി ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ആ രണ്ടു റിപ്പോർട്ടുകളിന്മേലും അടിയന്തിര നടപടികൾ സ്വീകരിക്കുവാനും അപേക്ഷിക്കുന്നു.
സിനിമയെ കലാമൂല്യമുള്ള സാംസ്കാരിക ഇടമായി നില നിർത്താനും അത്തരം സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കേണ്ടത് സർക്കാർ ആണ്. മറ്റുള്ള ഭാഷകളിൽ സർക്കാർ അത് ചെയ്യുന്നുണ്ട്. കേരളത്തിൽ മാത്രം എത്ര കാലം നമുക്ക് അത്തരം ഇടപെടലുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ സാധിക്കും . ആർജ്ജവവും കാഴ്ചപ്പാടുമുള്ള ഒരു സർക്കാരിൽ നിന്നും കലാ സാംസ്കാരിക ലോകം പ്രതീക്ഷിക്കുന്നത് ഫലപ്രദമായ ഇടപെടലുകളും പ്രവർത്തനങ്ങളും ആണ് അത് അങ്ങ് നേതൃത്വം നൽകുന്ന സർക്കാരിൽ നിന്നും ഉണ്ടാകാൻ ഇനിയും വൈകിക്കൂടാ .