‘ഞാൻ മാറിയിട്ടുണ്ട്. എന്നാൽ മമ്മൂട്ടിസാർ അന്നത്തെക്കാൾ ചെറുപ്പമായിരിക്കുന്നു.’ കത്രീന കെയ്ഫ് ഇതു പറഞ്ഞപ്പോൾ മമ്മൂട്ടി നിറഞ്ഞു ചിരിച്ചു. ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിൽ 2006ലാണ് ബോളിവുഡ് സുന്ദരിയായ കത്രീന കെയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. 11 വർഷം മുൻപ്. കത്രീന പിന്നീടു ബോളിവുഡിൽ തിരക്കേറിയ താരമായി. അതോടെ ദക്ഷിണേന്ത്യൻ സിനിമയിൽ അപൂർവ സാന്നിധ്യമായി.
കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷത്തിന്റെ സ്വകാര്യ ചടങ്ങിനു എത്തിയതായിരുന്നു കത്രീന കെയ്ഫ്. മമ്മൂട്ടി വരുന്നുണ്ടെന്ന കാര്യം കത്രീനയോടു പറഞ്ഞിരുന്നില്ല. മമ്മൂട്ടി കയറി വന്നതും കത്രീന ഓടി വന്നു.
11വർഷത്തിനു ശേഷമാണു കാണുന്നതെന്നു കത്രീനയാണു ഓർമ്മിപ്പിച്ചത്. അതിനു ശേഷമായിരുന്നു മലയാളത്തിന്റെ പ്രിയതാരത്തിനു 11 വർഷംകൂടി ചെറുപ്പമായിരിക്കുന്നുവെന്നു കത്രീന പറഞ്ഞത്. മമ്മൂട്ടിയെ കാണാൻ കഴിഞ്ഞതാണു ഈ യാത്രയിലെ വലിയ സന്തോഷമെന്നു കത്രീന പറഞ്ഞു.
മറ്റൊരു അപൂർവ്വ മുഖം കൂടി ഈ സംഗമത്തിലുണ്ടായിരുന്നു. അധികമാരും ആദ്യം തിരിച്ചറിയാതെ പോയ മുഖം. തെലുങ്കു താരം നാഗാർജ്ജുന ക്ളീൻ ഷേവു ചെയ്താണു എത്തിയത്. മമ്മൂട്ടിയെപ്പോലെ എന്നും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന നാഗാർജ്ജുനയുടെ മീശയായിരുന്നു അദ്ദേഹത്തെ ചെറുപ്പമായി നിർത്തിയത്. എന്നാൽ നാഗാർജ്ജുന ഇന്നലെ എത്തിയതു ആ മീശയില്ലാതെയാണ്. പല സഹ പ്രവർത്തകരും ആദ്യം ചോദിച്ചതു മീശയെക്കുറിച്ചാണ്. തമിഴു താരങ്ങളായ പ്രഭു,സൂര്യ, കാർത്തി എന്നിവർക്കൊപ്പം ഒറ്റനോട്ടത്തിൽ നാഗാർജ്ജുനയെ തിരിച്ചറിയാനായില്ല.