ഈ വർഷം മലയാളിആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ സിനിമയാണ് മോഹൻലാലിന്റെ വില്ലൻ. റിലീസിന് മുമ്പേ തന്നെ ചിത്രം കോടികൾ വാരിക്കഴിഞ്ഞു. 3 കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയത്. ഇപ്പോഴിതാ ചിത്രത്തിന് മറ്റൊരു റെക്കോർഡ് കൂടി. സിനിമയുടെ ഓവർസീസ് റൈറ്റ്സ് വിറ്റുപോയത് 2.50 കോടി രൂപയ്ക്കാണ്. മോഹൻലാലിന്റെ തന്നെ പുലിമുരുകൻ സിനിമയുടെ റെക്കോർഡ് ആണ് വില്ലൻ തകർത്തത്. 175 കോടിയായിരുന്നു പുലിമുരുകന്റേത്.
ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഏകദേശം മുപ്പതുകോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സാറ്റലൈറ്റ് ഉൾപ്പെടെയുള്ള തുക കണക്കാക്കുമ്പോൾ പ്രി റിലീസ് ബിസിനസ്സിൽ ചിത്രം ഇപ്പോൾ തന്നെ 13 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു.
സാറ്റലൈറ്റ് – 7 കോടി
ഹിന്ദി ഡബ്ബിങ് റൈറ്റ്സ് – 3 കോടി
മ്യൂസിക് റൈറ്റ്സ്– 50 ലക്ഷം
ഓവർസീസ്–2.50 കോടി
മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഇതും റെക്കോർഡ് ആണ്. തമിഴിലും തെലുങ്കിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറങ്ങുന്നുണ്ട്.
സ്റ്റൈലിഷ് ക്രൈം ത്രില്ലറിൽ മോഹൻലാലിനൊപ്പം തമിഴ്താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും എത്തുന്നു. മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരാണ് മറ്റുതാരങ്ങൾ. സിനിമയുടെ ടീസറും ട്രെയിലറും ആരാധകരിൽ തരംഗം സൃഷ്ടിച്ചിരുന്നു. മോഹൻലാലിന്റെ സാൾട് ആൻഡ് പെപ്പർ ലുക്ക് ആണ് മറ്റൊരു ആകർഷണം. ചിത്രം ഒക്ടോബർ 27ന് തിയറ്ററുകളിലെത്തും.