അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത മിശ്രലിംഗ വ്യക്തിത്വത്തെ കേന്ദ്രീകരിച്ച് പുതുമുഖ സംവിധായകന്‍ കിങ് ജോണ്‍സ് ഒരുക്കുന്ന ഏകയുടെ ട്രെയ്‍ലര്‍ പുറത്തിറക്കി. ഒരു യുവതിയും മിശ്രലിംഗലൈംഗികതയുള്ള ഒരാളും കര്‍ണാടകയില്‍ നിന്നു തമിഴ്നാട്ടിലൂടെ കേരളത്തിലേയ്ക്കു നടത്തുന്ന യാത്രയും അതിനിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇന്ത്യന്‍ സിനിമയില്‍ പോലും കൈകാര്യം ചെയ്തിട്ടില്ലാത്ത വിഷയമാണ് മുന്നോട്ടു വയ്ക്കുന്നത് എന്നതാണ് ഏകയെ വ്യത്യസ്തമാക്കുന്നത്. പുരുഷന്റെ ശരീരഭാഗങ്ങളിൽ കാണാത്ത അശ്‌ലീലം സ്ത്രീയുടേതാകുമ്പേള്‍ അശ്‌ലീലമാകുന്നതെങ്ങനെയാണ്. അത് പുരുഷന്റെയും സ്ത്രീയുടേതുമാല്ലാതെയാകുമ്പോള്‍ അശ്‌ലീലത്തിന്റെ തോത് എത്രത്തോളമായിരിക്കും? അല്ല, പുരുഷനും സ്ത്രീയുമായ് ഒരാളെ നിര്‍വചിക്കുന്നതിന്റെ മാനദണ്ഡമെന്ത് എന്നെല്ലാം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് ട്രെയ്‌ലറില്‍.
ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പു തന്നെ ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവങ്ങളും വാര്‍ത്തയായിരുന്നു. കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം നഗ്‌നരായി അഭിനയിച്ച സിനിമയെന്ന രീതിയിലാണ് ഏക ചർച്ചയായത്.
നല്ല മഴയുള്ള ദിവസങ്ങളിലായിരുന്നു ഷൂട്ടിങ്. നഗ്നയായി തണുത്ത നിലത്തു കിടക്കുന്ന രംഗം ഷൂട്ടു ചെയ്യുന്നത് നീണ്ടു പോയതോടെ ആര്‍ടിസ്റ്റ് ദേഷ്യത്തിലായി. വസ്ത്രം ധരിച്ചു ജോലി ചെയ്യുന്ന നിങ്ങള്‍ക്ക് ഇങ്ങനെ തണുത്ത തറയില്‍ കിടക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയില്ലെന്നായിരുന്നു ആര്‍ട്ടിസ്റ്റിന്റെ പ്രതികരണം. ഇതു കേട്ട സംവിധായകന്‍ ഉടന്‍ നിര്‍ദേശിച്ചു, ക്രൂ മൊത്തം വിവസ്ത്രരായി ഷൂട്ട് തുടര്‍ന്നാല്‍ മതിയെന്ന്. നിര്‍മാതാവും, സംവിധായകനും മുതല്‍ എല്ലാവരും നിര്‍ദേശം പാലിച്ചതോടെ ഷൂട്ടിങ് പൂത്തിയാക്കാനായി. സംഭവം വലിയ വാര്‍ത്തയുമായി. എന്നാല്‍ ആര്‍ട്ടിസ്റ്റിനോടു കാണിച്ച നീതി മാത്രമായിരുന്നു അതെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.
കൂടിയ അധ്വാനവും കുറഞ്ഞ മുതല്‍ മുടക്കുമായാണ് കിങ് ജോണും സംഘവും സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതേ സമയം ലൈംഗികതയെ കൈകാര്യം ചെയ്യുന്നതില്‍ സെന്‍സര്‍ബോര്‍ഡെടുക്കുന്ന നിലപാടിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മനോജ് കെ ശ്രീധറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം: ടോണി ലോയ്ഡ് ആറുജ.