കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഒരു ബിഗ് ബജറ്റ് പ്രോജക്ടിന്റെ പ്രഖ്യാപനം നടക്കുന്നത്. നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് ഒരുക്കുന്ന മാമാങ്കം പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് പറയുന്നത്. പൃഥ്വിരാജിനെ നായകനാക്കി വിമൽ അനൗൺസ് ചെയ്ത കർണൻ സിനിമയുടെ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമിക്കുന്നത്.
മാമാങ്കം സിനിമയെക്കുറിച്ചും കർണൻ സിനിമയിൽ നിന്ന് പിന്മാറാനുളള കാരണത്തെക്കുറിച്ചും വേണു കുന്നപ്പിള്ളി സംസാരിക്കുന്നു. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കര്‍ണൻ അനൗൺസ് ചെയ്തത് ബിഗ് ബജറ്റ് ചിത്രമായായിരുന്നു. സ്വപ്നപദ്ധതിയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ പ്രോജക്ടിൽ നിന്നും പിന്തിരിയേണ്ടിവന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്. കർണൻ സിനിമയെ മറ്റൊരു രീതിയിലാണ് സമീപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാർത്ത വന്നു. അതൊക്കെ തെറ്റാണ്. അറുപതുകോടി അല്ലെങ്കില്‍ എഴുപത് ഈ ബജറ്റിലാണ് കർണൻ പ്രഖ്യാപിച്ചത്. മറ്റു ഫിഗറുകൾ എങ്ങനെ വന്നെന്ന് എനിക്ക് അറിയില്ല. ഇതാണ് ഇതിന്റെ വാസ്തവം.
കർണൻ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അതുമായി മുന്നോട്ട് പോയപ്പോൾ പല പ്രശ്നങ്ങളുണ്ടായി. ഇതു വീണ്ടും തുടർന്നാല്‍ കൂടുതല്‍ പൈസ ചിലവാകുമെന്ന് തോന്നി. അങ്ങനെയാണ് കർണനിൽ നിന്നു പിന്മാറുന്നത്.
ഇങ്ങനെയൊരു അനുഭവമുണ്ടായിരുന്നതിനാൽ മാമാങ്കത്തിൽ കാര്യങ്ങൾ എളുപ്പമായി. പല കാര്യങ്ങളിലും മുന്നോട്ട് പോയി കഴിഞ്ഞു. ആറേഴുമാസമായി ഈ സിനിമയുടെ പണിപ്പുരയിലാണ്. ടെക്നീഷ്യൻസിന്റെ കരാർ ഒപ്പിട്ട് കഴിഞ്ഞു. അഡ്വാൻസ് നൽകി. കളരി ചെയ്യുന്ന ചില ആളുകളെ ഒഡീഷൻ ചെയ്തു. കാരക്ടർ ഡിസൈന്‍, ലൊക്കേഷൻ തീരുമാനിച്ചു. ഈ പ്രോജട്കിന്റെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട.
കർണന് ശേഷം മറ്റൊരുപാട് പ്രോജക്ടുകൾ എന്നെത്തേടി വന്നു. അതെല്ലാം വലിയ ബജറ്റുകൾ ആവശ്യപ്പെടുന്നതായിരുന്നു. മാമാങ്കം കഥ കേൾക്കുന്നത് 2016 അവസാനമാണ്. ആ പ്രോജക്ടിനെക്കുറിച്ച് എന്റെയൊരു സുഹൃത്താണ് പറയുന്നത്, സംവിധായകനായിരുന്നില്ല. പിന്നീട് സംവിധായകൻ വന്നുകഥപറയുകയും ആ പ്രോജക്ട് െചയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഇതുപോലുള്ള വലിയ സിനിമകൾ ചെയ്യാൻ പ്രചോദനമായത് ബാഹുബലിയാണ്. മാമാങ്കം സിനിമ വേണമെങ്കിൽ ചെറിയ ബജറ്റിൽ എടുക്കാം. എന്നാൽ സിനിമയുടെ എല്ലാതലങ്ങളുംവച്ച് നോക്കുമ്പോൾ അത് വലിയ രീതിയിൽ ചെയ്യാനേ തോന്നൂ. വിഷ്വൽ ഇഫക്ട് ആയാലും ഫൈറ്റ് ആയാലും ആർട് ആയാലും എല്ലാ രീതിയിലും ചിത്രത്തോട് നീതിപുലർത്തണം.
ഏകദേശം പത്തുവർഷത്തിന് മുമ്പേ തന്നെ മാമാങ്കത്തിന്റെ കഥ ഇതിന്റെ സംവിധായകനായ സജീവ് പിളള ചിട്ടപ്പെടുത്തിയിരുന്നു. മാമാങ്കം നടന്നസഥലത്ത് പോയി താമസിക്കുകയും ഇതിന് വേണ്ടി വലിയ രീതിയിൽ ഗവേഷണം നടത്തുകയും ചെയ്തിരുന്നു. 2010ൽ തിരക്കഥ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സിനിമയുടെ മുഴുവൻ തിരക്കഥയുമായാണ് സജീവ് എന്റെ മുന്നിലെത്തിയത്. അദ്ദേഹത്തിന്റെ ആത്മസമർപ്പണം തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചത്.
സജീവ് ഈ സിനിമയുടെ കഥ പറയുമ്പോൾ തന്നെ മമ്മൂട്ടിയുടെ മുഖം തന്നെയാണ് മനസ്സിൽ തെളിഞ്ഞുവന്നത്. മറ്റൊരാളുടെയും മുഖം വന്നിട്ടില്ല. അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചെങ്കിൽ മാത്രമേ ഈ ചിത്രം മുന്നോട്ട് പോകൂ എന്നു ഞാനും ചിന്തിച്ചു.
ഈ സിനിമ ഷൂട്ട് ചെയ്യുന്നത് മലയാളത്തിലാണെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറക്കും. അതുകൊണ്ടുതന്നെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും താരങ്ങൾ അണിനിരക്കും. ഈ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് അതിന്റെ തിരക്കഥയും മേയ്ക്കിങും പിന്നെ നായകനായ മമ്മൂട്ടിയുമായിരിക്കും.
ഹോങ്‌കോങ്, ഹോളിവുഡ് എന്നിവിടങ്ങളിൽ നിന്നായിരിക്കും സിനിമയുടെ അണിയറപ്രവർത്തകർ. ഛായാഗ്രാഹകൻ ഇന്ത്യയില്‍ നിന്നുതന്നെയാണ്. അവർ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ഈ സിനിമയ്ക്ക് എന്തുപേരിടും എന്നായിരുന്നു മറ്റൊരു ടെൻഷൻ. മമ്മൂക്ക തന്നെ പറഞ്ഞിരുന്നു മാമാങ്കം എന്ന ടൈറ്റിൽ തന്നെ കിട്ടുമോ എന്നു നോക്കണമെന്ന്. അങ്ങനെ നവോദയിൽ എത്തി ഇക്കാര്യം സംസാരിച്ചപ്പോൾ ഒരുരൂപ പോലും മേടിക്കാതെ അവർ അത് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. പഴയ സിനിമയുടെ അതേ മികവ് ഈ സിനിമയ്ക്കും പുലർത്തണമെന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടത്. അവരോട് ഇക്കാര്യത്തിൽ വളരെയധികം കടപ്പെട്ടിരിക്കുന്നു.
ഈ സിനിമയുടെ 30–40 ശതമാനവും വിഎഫ്എക്സ് ഉപയോഗിച്ചാകും ഷൂട്ട് ചെയ്യുക. ആക്ഷൻ രംഗങ്ങൾ വളരെയധികം കൂടുതലാണ്. തുടക്കം മുതൽ അവസാനം വരെ ആൾക്കാരെ പിടിച്ചിരുത്തുന്ന അത്യുഗ്രൻ സംഘട്ടനരംഗങ്ങളും വികാരതീവ്രരംഗങ്ങളുമാകും ചിത്രത്തിലുണ്ടാകുക.
മമ്മൂക്കയുടെ കരിയറിലെ ബിഗ് ബജറ്റ് സിനിമയെന്നാണ് അദ്ദേഹം തന്നെ ഈ പ്രോജക്ടിനെക്കുറിച്ച് പറഞ്ഞത്. അതിനോട് നൂറുശതമാനം നീതിപുലർത്തണ രീതിയിലാണ് ഈ സിനിമ വരാൻ പോകുന്നത്. എല്ലാവരുടെയും പ്രതീക്ഷകൾക്കപ്പുറമാകും മാമാങ്കം. കഴിഞ്ഞ ആറുമാസമായി ഇതിന്റെ പ്രി–പ്രൊഡക്ഷൻ ആരംഭിച്ചുകഴിഞ്ഞു.