നമ്മുടെ റോഡുകളുടെ ദുരവസ്ഥയെ കുറിച്ച് ഏറ്റവും ശക്തമായി പ്രതികരിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് നടൻ ജയസൂര്യ. എറണാകുളത്തെ റോഡിലിറങ്ങി കുഴിയടച്ചതും, മോശം അവസ്ഥയിലെ റോഡിൽ സഞ്ചരിക്കുമ്പോൾ ടോൾ കൊടുക്കില്ലെന്ന് പറഞ്ഞതും വൻ ചർച്ചയായിരുന്നു. പിന്നീട് പുണ്യാളൻ എന്ന സിനിമയിലൂടെയും നടൻ ഈ വിഷയം രസകരമായി അവതരിപ്പിച്ചു. ദാ ഇപ്പോഴും ഇതേ വിഷയമാണ് പുണ്യാളൻ ടീം പറയുന്നത്. ഇത്തവണ പ്രശ്നക്കാരനും കുഴി തന്നെ. അതും നാലു വർഷം മുൻപത്തെ കുഴി.
PUNYALAN AGARBATHIS OFFICIAL TRAILER HD
പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലെ രസകരമായ രംഗങ്ങളിലൊന്നാണ്, ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു റോഡിലെ കുഴി അടയ്ക്കുന്നത്. ഇതേ കുഴിയെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത് ശങ്കർ. നാലു വർഷം മുൻപ് റോഡിലുണ്ടായിരുന്ന കുഴി ഇപ്പോഴും അവിടെ അതേപടിയുണ്ടെന്നാണ് ചിത്രം സഹിതം അദ്ദേഹം പറയുന്നത്.
പുണ്യാളന്റെ രണ്ടാം ഭാഗവുമായി എത്തുമ്പോഴും കുഴി അതുപോലെ തന്നെ കിടക്കുന്നു എന്നതാണ് ചർച്ച ചെയ്യേണ്ട വിഷയം. രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്തു 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോൾ പുതിയൊരു പ്രോഡക്ടുമായാണ് ജോയ് എത്തുന്നത്. പുണ്യാളന്‍ വെള്ളവുമായിട്ടാണ് ജോയിയും ഗ്രീനുവുമൊക്കെ രഞ്ജിത്ത് ശങ്കറിനൊപ്പമെത്തുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടുക്ക് തന്നെ ബിസിനസ്സ് വ്യാപിക്കുകയാണ് ഇത്തവണത്തെ ശ്രമം. അമ്പാനി ജിയോ ഇറക്കിയ പോലെ തരംഗമാക്കാനാണ് ഇവരുടെ പരിശ്രമം.
ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ ധര്‍മ്മജനും ആര്യയും പക്രുവുമൊക്കെ രണ്ടാം ഭാഗത്തിലുണ്ട്. നവംബറില്‍ 17–ന് ചിത്രം തിയറ്ററുകളിലെത്തും.