മലയാള സിനിമയിൽ അടുത്ത കാലത്തൊന്നും ഇത്രയും ദീർഘമായൊരു കോൾഷീറ്റ് ഒരു ഗജവീരൻ നൽകിയിട്ടുണ്ടാവില്ല. ഒന്നും രണ്ടും ആഴ്ചയല്ല, 50 ദിവസത്തെ കോൾഷീറ്റാണ് നന്ദിലത്ത് അർജുനൻ എന്ന ‘കൊമ്പൻ’ വിനീത് ശ്രീനിവാസൻ നായകനായ പുതിയ ചിത്രത്തിനു നൽകിയത്.
‘ആന അലറലോടലറൽ’ എന്ന പേരു പോലെതന്നെ ഈ ആനച്ചിത്രത്തിൽ ഉടനീളം അർജുനന്റെ സാന്നിധ്യമുണ്ട്. നവാഗത സംവിധായകൻ ദിലീപ് മേനോനും തിരക്കഥാകൃത്ത് ശരത് ബാലനും നായകനെയും നായികയെയും ഉറപ്പിച്ചശേഷം ആദ്യം തിരക്കിയിറങ്ങിയത് ലക്ഷണമൊത്ത ഒരു കൊമ്പനെയായിരുന്നു.
വിനീതിനും അനുസിതാരയ്ക്കുമൊപ്പം അർജുനനും അഭിനയിച്ചു തകർത്തുവെന്നു പറഞ്ഞാൽ സംവിധായകൻ എതിർക്കും– അർജുനൻ ശരിക്കും ബിഹേവ് ചെയ്യുകയായിരുന്നു. നല്ല ടൈമിങ് ഉള്ള ആർട്ട്സ്റ്റിനെപ്പോലെയാണ് രണ്ടു ദിവസത്തിനുള്ളിൽ അർജുനൻ അഭിനയിച്ചത്.– ദിലീപ് പറഞ്ഞു.
രാവിലെ ആദ്യ ഷോട്ട് എടുക്കുന്നതിനു മുൻപ് അർജുനന് ഒരു കുല പഴം നൽകും. പിന്നീടാണു ഷൂട്ടിങ് തുടങ്ങിയിരുന്നത്. അതു കക്ഷിക്ക് അങ്ങു രസിച്ചു. ഒരു സീൻ കഴിഞ്ഞാൽ അപ്പോൾ തന്നെ ശർക്കരയും പഴവും കൊടുത്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അതൊരു ശീലമായി. തന്റെ സീൻ എടുത്തു കഴിഞ്ഞാൽ ശർക്കരയും കാത്തൊരു നിൽപാണ്. അർജുനൻ ഒരു കുടുംബാംഗത്തെപ്പോലെ ആയതോടെ സെറ്റിലും പേടി മാറി. വിനീത് ശ്രീനിവാസൻ രണ്ടുമണിക്കൂർ ആനപ്പുറത്ത് ഒരേയിരുപ്പ് ഇരുന്നിട്ടും അർജുനൻ കൂൾ..കൂൾ.കൊല്ലങ്കോട്ടെ മഴയും വെയിലുമൊന്നും കൂസാതെ സെറ്റിലെ ആരവങ്ങൾക്കു നടുവിൽ അർജുൻ ചെവിയാട്ടി നിന്നു.അർജുന്റെ ഒന്നാം പാപ്പാൻ രാജൻ സംവിധായകൻ പറയുന്നത് ഏറ്റുപറയും അർജുൻ അനുസരിക്കും.
ചിത്രത്തിൽ അഭിനയിക്കാനെത്തിയ ഇന്നസെന്റ് നൽകിയ കോംപ്ലിമെന്റ് സിനിമാ ടീമിന് ഒന്നാകെ ഇഷ്ടപ്പെട്ടു. വർഷങ്ങൾക്കു മുൻപ് ‘ഗജകേസരിയോഗം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് താൻ ‘ക്ഷ’, ‘ണ്ണ’ വരച്ച കഥയായിരുന്നു ഇന്നസെന്റ് പറഞ്ഞത്. അതുമായി താരതമ്യം ചെയ്യുമ്പോൾ അർജുനന്റെ ശാന്തമായ പെരുമാറ്റം ഇന്നെസന്റിന് അങ്ങു പിടിച്ചുപോയി. നർമത്തിലൂടെ ആനുകാലിക സംഭവങ്ങൾ ചർച്ചചെയ്യുന്ന ഒരു ഗ്രാമീണചിത്രമാണ് ‘ആന അലറലോടലറൽ’. പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറവും നവിസ് സേവ്യറും ചേർന്നാണ് നിർമാണം.