Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാം–പാർവതി പ്രണയം കണ്ടുപിടിച്ചത് ശ്രീനിവാസൻ

jayaram-parvathy

പ്രണയവും വിവാഹജീവതവും എങ്ങനെയെന്നതിന് സിനിമയിലെ മാതൃകാദമ്പതികളാണ് പ്രിയതാരങ്ങളായ ജയറാമും പാർവ്വതിയും. മലയാളത്തിന്റെ ശ്രീത്വം തുളുമ്പുന്ന നായികയെ ജയറാം 1992 സെപ്റ്റംബർ 7 നാണ് വിവാഹം ചെയ്തത്. 

1988 ൽ അപരൻ എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് പാർവതിയെ ജയറാം പരിചയപ്പെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലാകുകയും ചെയ്തു. സിനിമയിലെ അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെ അതീവരഹസ്യമായി കൊണ്ടുനടന്ന ആ പ്രണയം കണ്ടുപിടിച്ചത് നടൻ ശ്രീനിവാസനാണ്.

ശ്രീനിവാസനും ജയറാമും നായകന്മാരായി അഭിനയിച്ച തലയണമന്ത്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആ സത്യം സംവിധായകനായ സത്യൻ അന്തിക്കാട് വരെ അറിയുന്നത്. ആ കഥ ജയറാം തന്നെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. 

‘ജയറാമും പാർവതിയും തമ്മില്‍ എന്തെങ്കിലും ഉണ്ടോ എന്ന് മലയാളസിനിമയുടെ അകത്ത് ചർച്ച തുടങ്ങിയ സമയത്താണ് തലയണമന്ത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. സത്യൻ അന്തിക്കാടിന് സംശയമാണ്, ഇത് ഉള്ളതാണോ ഇല്ലയോ എന്നറിയണം. ഇത് കണ്ടുപിടിക്കാൻ ഏൽപ്പിക്കുന്നത് സാക്ഷാൽ ശ്രീനിവാസനെയും. ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൃത്യമായ കാര്യം പറഞ്ഞുതരാമെന്ന് ശ്രീനിവാസൻ ഉറപ്പും നൽകി.’–ജയറാം പറഞ്ഞു.

‘അങ്ങനെ ഞാൻ ആദ്യം ഷൂട്ടിങിന് വന്നു. കുറച്ചു നേരം കഴിഞ്ഞ് അശ്വതിയും (പാര്‍വതി) എത്തുന്നു. ഞങ്ങൾ അവിടെ ഇരിക്കുന്ന സമയത്ത് ശ്രീനിയേട്ടൻ കുറച്ച് സമയം ഞങ്ങളെ തന്നെ നോക്കി ഇരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രീനിയേട്ടൻ സത്യൻ അന്തിക്കാടിനെ വിളിച്ച് പറഞ്ഞു, ‘സത്യാ സംഗതി സത്യം തന്നെയാണ്, ഇവർ തമ്മിൽ പ്രേമത്തിലാണ്.’–ജയറാം പറഞ്ഞു.

ഞാന്‍ ഇക്കാര്യം ശ്രീനിയേട്ടനോട് ചോദിച്ചു, ‘ഇതെങ്ങനെയാണ് കണ്ട് പിടിച്ചത്. കാരണം ഒരുമനുഷ്യനും ഇക്കാര്യം അറിയില്ലായിരുന്നു. അപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞു, ‘സെറ്റിലുള്ള ബാക്കിയെല്ലാവരുമായി നീ സംസാരിക്കുന്നുണ്ട്, അശ്വതിയുമായി മാത്രം സംസാരിക്കുന്നില്ല, അവരും ബാക്കിയുള്ളവരുമായി സംസാരിക്കുന്നുണ്ട് നിന്നോട് മാത്രം മിണ്ടുന്നില്ല. എന്തിന് ഒരു ഗുഡ് മോർണിങ് പോലും പരസ്പരം പറയുന്നില്ല.’ ശ്രീനിയേട്ടന്റെ നിരീക്ഷണങ്ങളെല്ലാം സത്യമായിരുന്നു.–ജയറാം പറഞ്ഞു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം, ശ്രീനിവാസന്‍, ഉര്‍വശി, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു തലയണമന്ത്രം.