കൊല്‍ക്കത്ത ചലച്ചിത്രമേള; ഡോ. ബിജു മികച്ച സംവിധായകന്‍

ഇരുപത്തിമൂന്നാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡോ. ബിജു മികച്ച സംവിധായകന്‍. സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയുടെ ബംഗാള്‍ ടൈഗര്‍ പുരസ്‌കാരമാണ് ഡോ. ബിജുവിന് ലഭിച്ചത്.

ഇന്ത്യന്‍ ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ നിന്നാണ് പുരസ്‌കാരം. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ കൂടിയാണ് കൊല്‍ക്കത്തയില്‍ നടന്നത്. ഇറ്റാലോ സ്പിനെല്ലി, മുസ്തഫ ഫറൂഖി, ആഞ്ചെലോ ബയേണി എന്നിവരടങ്ങിയ രാജ്യാന്തര ജൂറിയാണ് ഡോ. ബിജുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

നേരത്തേ മോണ്‍ട്രിയല്‍ മേളയിലും കസാഖിസ്ഥാന്‍ യുറേഷ്യ ചലച്ചിത്ര മേളകളിലേക്കും സൗണ്ട് ഓഫ് സൈലന്‍സ് പുരസ്കാരങ്ങൾ നേടിയിരുന്നു. ബിജുവിന്റെ ആദ്യ ഇതര ഭാഷാ ചലച്ചിത്രമാണ് സൗണ്ട് ഓഫ് സയലന്‍സ്. ഇംഗ്ലീഷിന് പുറമേ പഹാഡി, ഹിന്ദി, ടിബറ്റന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

കേരളത്തില്‍ IFFKക്ക് തുടക്കമാകുന്ന ഡിസംബര്‍ 8ന് തിരുവനന്തപുരത്ത് സമാന്തരമായി സിനിമ റിലീസ് ചെയ്യും. ഐഎഫ്എഫ്കെയിലേക്ക് ചിത്രം തെരഞ്ഞെടുത്തിരുന്നില്ല. അതിനിടെയാണ് കൊല്‍ക്കത്ത മേളയില്‍ ചിത്രം മികച്ച പുരസ്‌കാരവും പ്രേക്ഷക പ്രീതിയും നേടുന്നത് എന്ന പ്രത്യേകതയുണ്ട്.

‘സ്വന്തം നാട്ടിലെ മേളയില്‍ ചിത്രം തെരഞ്ഞെടുക്കപ്പെടാത്തത് സങ്കടകരമാണ്. ഇത്തരം ഒഴിവാക്കലുകള്‍ ഇപ്പോള്‍ നിരന്തരം സംഭവിക്കുന്നത് കൊണ്ട് അതൊക്കെ അവഗണിക്കാനാണ് മനസ്സ് പറയുന്നത്.’-പുരസ്‌കാരത്തിന് ശേഷം ഡോ. ബിജു പ്രതികരിച്ചു.

മായാ മൂവീസിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളി ഡോ. എ.കെ. പിള്ളയാണ് നിർമാണം. ഹിമാചല്‍ ഗ്രാമമായ ഷാങ്ഗഡിന്റെ പശ്ചാലത്തില്‍ കഥപറയുന്ന ചിത്രം ഹിമാചലിന്റെ പഹാരി, ടിബറ്റന്‍, ഹിന്ദി ഭാഷകളിലായാണ് നിര്‍മിക്കപ്പെട്ടത്. അനാഥത്വം കൊണ്ട് ബുദ്ധ ആശ്രമത്തില്‍ എത്തിപ്പെടുന്ന ഊമയായ കുട്ടിയുടെ ജീവിത പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബുദ്ധസംസ്‌കാരവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ കുട്ടിയെ അവതരിപ്പിക്കുന്നത്. ഡോ. ബിജുവിന്റെ മകന്‍ മാസ്റ്റര്‍ ഗോവര്‍ദ്ധനാണ്. പേരറിയാത്തവര്‍,വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളിലെ ഗോവര്‍ദ്ധന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡ് താരമായ ഉദയ്ചന്ദ്രയും ഹിമാചല്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ഗുല്‍ഷനും മറ്റുപ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ബുദ്ധ സന്യാസികളും ഹിമാചലിലെ ഗ്രാമീണരും ഒക്കെ അഭിനേതാക്കലാണ് .ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍. ഡോ. ബിജുവിന്റെ സഹസംവിധായകന്‍ ഡേവിസ് മാനുവല്‍ സ്വതന്ത്ര ചിത്രസംയോജകനും സുനില്‍ സി. എന്‍. ആര്‍ട് ഡയറക്ടറുമാകുന്ന ഈ ചിത്രത്തിലൂടെ ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്റെ മകന്‍ യദു രാധാകൃഷ്ണന്‍ ആദ്യമായി അസ്സോസിയേറ്റ് ക്യാമറാമാന്‍ ആകുന്നു. ചിത്രത്തിന്റെ തത്സമയ ശബ്ദലേഖനം സ്മിജിത്കുമാര്‍ പി. ബി. യും ശബ്ദസംവിധാനം കഴിഞ്ഞവര്‍ഷത്തെ ദേശീയപുരസ്‌കാര ജേതാവായ ജയദേവന്‍ ചക്കാടത്തും ശബ്ദമിശ്രണം മറ്റൊരു ദേശീയപുരസ്‌കാര ജേതാവായ പ്രമോദ് തോമസുമാണ്. പശ്ചാത്തല സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി. വസ്ത്രാലങ്കാരം അരവിന്ദും നിശ്ചലഛായാഗ്രാഹണം അരുണ്‍ പുനലൂരും.