തമിഴകത്തിന്റെ യുവതാരം വിശാൽ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് വില്ലന്‍. മോഹൻലാൽ നായകനായി എത്തിയ സിനിമയിൽ നെഗറ്റീവ് റോളിലാണ് വിശാൽ എത്തിയത്. മലയാളത്തിലെ ഒരു സൂപ്പർതാരത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്നെ വലിയൊരു ഭാഗ്യമാണെന്ന് വിശാൽ പറയുന്നു.
‘ലാൽ സാറിന്റെ വീട്ടിലെ ഒരംഗത്തെപ്പോെലയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കുടുംബവും വളരെ സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയത്.’–വിശാൽ പറഞ്ഞു.
എന്നാൽ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളിൽ അൽപം വെള്ളം കുടിച്ചെന്നും വിശാൽ വെളിപ്പെടുത്തി. ‘ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ച ദിവസം ഇപ്പോഴും മറക്കാൻ കഴിയില്ല. ലാൽ സാറിനൊപ്പം നേർക്കുനേർ നിന്ന് സംസാരിക്കുന്ന രംഗമാണ്. മാത്രമല്ല എന്റെ ഡയലോഗ് മലയാളത്തിലും. ഇത്രയും വലിയ നടന്റെ മുന്നിൽ നിന്ന് അഭിനയിക്കുന്ന പേടി മറച്ചുവച്ചാണ് ഞാൻ ഡയലോഗ് പറഞ്ഞിരുന്നത്. സത്യത്തിൽ ഞാനൊരു പുതുമുഖ നടനാണെന്ന് ആ നിമിഷത്തിൽ ഓർത്ത് പോയി. എന്റെ ചങ്കിടിപ്പും കൂടി വരുന്നു. എങ്ങനെെയങ്കിലും ആ രംഗം തീർത്ത് കാരവനിലേക്ക് ഓടി രക്ഷപ്പെടുകയെന്നതായിരുന്നു എന്റെ ലക്ഷ്യം.’–വിശാൽ പറഞ്ഞു.
‘എന്നിട്ടും കഴിവിന്റെ പരമാവധി നന്നായി തന്നെ അഭിനയിക്കാൻ സാധിച്ചു. ലാൽ സാറിന്റെ കണ്ണുകളിൽ നോക്കി ഡയലോഗ് പറയുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വില്ലൻ സിനിമയുടെ ഈ രംഗത്ത് ഞാൻ വിയർത്ത് കുളിച്ചു. ക്ലൈമാക്സിലെ ഫൈറ്റ് സീനിൽ, ഓരോ ഷോട്ട് കഴിയുമ്പോഴും സോറി, സോറി എന്ന് പറയുകയായിരുന്നു.’–വിശാൽ പറഞ്ഞു.