ആദ്യചിത്രം ‘രാജാധിരാജ’യിൽ നായകൻ മമ്മൂട്ടി. രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടിയെ നായകനാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണു സംവിധായകൻ അജയ് വാസുദേവ്. ക്രിസ്മസ് കാലത്തു തിയറ്ററുകളിലെത്തുന്ന പുതിയ ചിത്രം ‘മാസ്റ്റർ പീസി’ലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
∙ മമ്മൂട്ടിയുടെ പുതിയ ലുക്ക്
മമ്മൂട്ടി എഡ്ഡി എന്ന കോളജ് അധ്യപകനായാണ് അഭിനയിക്കുന്നത്. ഇത്രയും സുന്ദരനായി മമ്മൂട്ടിയെ സമീപകാലത്തു കണ്ടിട്ടില്ലെന്നാണു പ്രേക്ഷക പ്രതികരണം. പുതിയ ലുക്കിനായി ഞങ്ങൾ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹം തന്നെ അതിനു പറ്റിയ രൂപം കണ്ടെത്തിയിരുന്നു. കുറച്ചധികം മെലിയുകയും ചെയ്തു. നല്ല വെയിലത്തു കോളജ് ഗ്രൗണ്ടിൽ 12 ദിവസം വരെയെടുത്താണു ഫൈറ്റ് സീനുകൾ പൂർത്തിയാക്കിയത്.
∙ ആറു ഫൈറ്റ് മാസ്റ്റർമാർ
ആറു ഫൈറ്റ് മാസ്റ്റർമാരുള്ള ആദ്യ മലയാള സിനിമ ചിലപ്പോൾ മാസ്റ്റർ പീസായിരിക്കും. കനൽ കണ്ണൻ, സ്റ്റണ്ട് സിൽവ, സ്റ്റണ്ട് ശിവ, സിരുത്തൈ ഗണേഷ്, ജോളി ബാസ്റ്റിൻ പിന്നെ മാഫിയ ശശിയും. സ്ഥിരം പാറ്റേൺ ഒഴിവാക്കാനാണു വിവിധ ഫൈറ്റ് മാസ്റ്റർമാരെ പരീക്ഷിച്ചത്.
∙ വലിയ താര നിര
ഉണ്ണി മുകുന്ദൻ, മുകേഷ്, ഗോകുൽ സുരേഷ്, പൂനം ബജ്‌വ, വരലക്ഷമി ശരത് കുമാർ, ദിവ്യ പിള്ള, മഹിമ നമ്പ്യാർ എന്നിവരാണു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജോൺ തെക്കൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണു ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ശങ്കരൻകുട്ടി എന്ന കഥാപാത്രമായി സന്തോഷ് പണ്ഡിറ്റും എത്തുന്നു.