കാറ്റ് കൂടുകൂട്ടിയ ഹൂസ്റ്റണിലെ വീട്ടിൽ മക്കളുമായി അങ്കത്തിലാണ് ദിവ്യ. വെക്കേഷനായതുകൊണ്ട് രണ്ടാൾക്കും പകൽ അമ്മ അടുത്തു വേണം. ഡാൻസ് സ്കൂളിലേക്ക് പോകും മുമ്പ് ജോലികൾ തീർക്കാനുള്ള ഓട്ടത്തിനിടയിൽ ഏഴു വയസ്സുകാരൻ അർജുൻ അമ്മയ്ക്ക് ആ കാഴ്ച കാണിച്ചുകൊടുത്തു, മേക്കപ്പ് കിറ്റിൽ നിന്ന് നീലനിറമുള്ള ഐലൈനർ തപ്പിയെടുത്ത് വരയ്ക്കുകയാണ് അഞ്ചുവയസ്സുകാരി മീനാക്ഷി.
കുസൃതിക്കാരെ ഒന്നു ഒതുക്കിയിരുത്തി ദിവ്യാ ഉണ്ണി സംസാരിക്കാനിരുന്നു. ‘‘ഇവരോടൊത്തുള്ള കളിചിരികളാണ് എനിക്കിപ്പോള്‍ സന്തോഷം തരുന്നത്. ഈ വെക്കേഷന് ഒരു മാസം അവരെ എനിക്കു കിട്ടി. സ്കൂൾ തുറന്നാൽ പിന്നെ ആഴ്ചയിൽ മൂന്നു ദിവസമേ അവർ എന്നോടൊപ്പം ഉണ്ടാകൂ. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നു എന്നുതോന്നിയ നാളുകളില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തുനല്‍കിയത് ഈ കുസൃതികളാണ്...’’ കൂടുതല്‍ ഉറപ്പോെടയാണ് ദിവ്യയുടെ ഒാരോ വാക്കുകളും. കാലിടറിപ്പോയി എന്നുതോന്നിയ നിമിഷത്തില്‍ നിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിെന്‍റ തെളിച്ചം. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന തത്വചിന്തയില്‍ എല്ലാം മറന്ന്.
ദിവ്യാ ഉണ്ണി മുമ്പ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസ്കത ഭാഗങ്ങൾ വായിക്കാം–
‘‘ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം ഉണ്ടാകണം എന്നല്ലേ നമ്മുടെയൊക്കെ പ്രാര്‍ത്ഥന. ദുഃഖം കൂടി ഇടയ്ക്കു വരുമ്പോഴേ ജീവിതം പൂര്‍ണമാകൂ... ആര്‍ക്കാണു നല്ല േനരവും ചീത്ത േനരവും ഇല്ലാത്തത്.’’
ദിവ്യയെ കണ്ടാല്‍ ആരും പറയില്ല, ഇത്ര കരുത്തുള്ള ഒരു മനസ്സ് ഉള്ളിലുണ്ടെന്ന്...
അതെ ഞാനൊരു തൊട്ടാവാടിയാണ്. െചറിയ കാര്യങ്ങള്‍ മതി എെന്‍റ കണ്ണു നിറയ്ക്കാന്‍. കൂട്ടുകാരോടു വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു എനിക്ക്. അങ്ങനെയുള്ള ഞാനാണ് ജീവിത്തിലെ ഏറ്റവും വലിയ േവര്‍പിരിയല്‍ േനരിടേണ്ടി വന്നത്. ജീവിതാവസാനം വരെ ഒപ്പമുണ്ടാകും എന്നു കരുതിയ ആളോടുള്ള േവര്‍പിരിയല്‍. ആരും തളര്‍ന്നു പോകുന്ന സമയം.
പക്ഷേ എന്‍റെ തളര്‍ച്ച ഒപ്പമുള്ള ഒരുപാടു പേരെ തളര്‍ത്തും എന്നെനിക്കു തോന്നി. ആ ചിന്തയാണു പിടിച്ചു നില്‍ക്കാനുള്ള കരുത്ത് നല്‍കിയത്. ഞാന്‍ മനസ്സിേനാടു പറഞ്ഞുകൊണ്ടിരുന്നു, ‘ ഇല്ല, ഞാന്‍ തളരില്ല,’ മറക്കാനാഗ്രഹിക്കുന്ന എത്രയോ കാര്യങ്ങള്‍ ഒാരോരുത്തര്‍ക്കുമുണ്ടാകും. അവ മറന്നു കളയുന്നതല്ലേ നല്ലത്... വരൂ, നമുക്ക് കുട്ടികളെക്കുറിച്ചു സംസാരിക്കാം, നൃത്തത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും സംസാരിക്കാം...’’ ദിവ്യയുെട ചുണ്ടില്‍ വീണ്ടുമൊരു ചിരി വിടര്‍ന്നു.
‘‘ആദ്യമൊരു രഹസ്യം പറയാം. ഞാന്‍ വീണ്ടും കോളജില്‍ ചേര്‍ന്നു പഠിക്കാന്‍ പോവുന്നു. അമേരിക്കയിലല്ല, നാട്ടില്‍ തന്നെ. എറണാകുളം സെന്റ് തെരേസാസിൽ ഭരതനാട്യം പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സിനാണു ചേര്‍ന്നത്. ക്ലാസ് തുടങ്ങി. ജീവിതത്തിൽ സങ്കടങ്ങൾ വരുമ്പോൾ ദൈവം ചില സന്തോഷങ്ങൾ കൂടി തരുമെന്നു പറയാറില്ലേ. അഞ്ചുവർഷം പഠിച്ച കോളേജിലേക്ക് തന്നെ തിരികെ പോകുന്നതിന്റെ എക്സൈറ്റ്മെന്റുണ്ട്. അതിലൂടെ പഴയ ജീവിതം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസവും.
മക്കളുടെ സൗകര്യത്തിനും കൂടി അനുസരിച്ചു വേണം യാത്രകള്‍ ഷെഡ്യൂൾ െചയ്യാന്‍. ഇനി അവരാണല്ലോ എന്റെ ജീവിതം നിർണയിക്കുന്നത്. മുമ്പ് വർഷത്തിൽ ഒരുതവണ മാത്രം നാട്ടിൽ വന്നിരുന്നത് ഇനി ഇടയ്ക്കിടെ ഉണ്ടാകുമെന്ന സന്തോഷം കൂടിയുണ്ട്. പന്ത്രണ്ടു വർഷമായി അമേരിക്കയിൽ ജീവിക്കുന്നു. കുറേ കാര്യങ്ങളിൽ കമ്മിറ്റഡ് ആണ്. അഞ്ചും ആറും വയസ്സിൽ എന്‍റെയരികില്‍ ഡാന്‍സ് പഠിക്കാൻ വന്ന കുട്ടികൾ പലരും വിവാഹം ക്ഷണിച്ചുതുടങ്ങി. പിന്നെ ഞാൻ പഠിക്കാൻ പോകുന്നു എന്ന് പറയുമ്പോൾ മക്കൾ അത് സീരിയസായി എടുത്തിട്ടില്ല. ഒരേസമയം ടീച്ചറും അമ്മയുമാകാൻ തന്നെ പാടാണ്. അന്നേരമാണ് ഒരേ സമയം ടീച്ചറും അമ്മയും വിദ്യാർഥിനിയുമാകാനുള്ള എന്‍റെ പുറപ്പാട്.’’
അമേരിക്കയിലെ ഇന്ത്യൻ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത് വെല്ലുവിളിയാകുമല്ലോ?
അമേരിക്കയിൽ ആദ്യത്തെ ഡാൻസ് സ്കൂൾ തുടങ്ങിയപ്പോൾ കുറേ കുട്ടികൾ ചേർന്നു. ഞാൻ സിനിമയിൽ നിന്നുള്ള ആളായതു കൊണ്ട് അങ്ങനെ ഒരു എക്സ്പോഷർ കൂടി ഉദ്ദേശിച്ചാണ് മിക്കവരും വന്നത്. അങ്ങനെ വരുന്നവർക്ക് ഭരതനാട്യത്തോട് അടുപ്പമുണ്ടാക്കിയെടുക്കാൻ പാടാണ്. അതിനായി പരീക്ഷണങ്ങൾ പലതും നടത്തി. കഥകളും ഇതിഹാസങ്ങളും പറഞ്ഞുകൊടുത്തു, ബൈബിൾ കഥകൾ ഭരതനാട്യമാക്കി. അപ്പോൾ പിന്നെയും പ്രശ്നം. മൈൽഡ് വികാരങ്ങളേ അവർക്കുള്ളൂ... വിരഹം കൊണ്ടു തകർന്നുപോയ രാധ കൃഷ്ണനോട് ഒന്നുവേഗം എന്റെ അടുത്തേക്ക് വരൂ എന്നുപറഞ്ഞ് കരഞ്ഞു... അഭിനയിച്ചു കാണിക്കുന്നതിനിടയിലാണ് കൂട്ടത്തിലൊരാളുടെ സംശയം, ‘കൃഷ്ണന് വേണ്ട എന്ന് രാധയ്ക്ക് മനസ്സിലായ സ്ഥിതിക്ക് എന്തിനാണ് അയാളെ ഓർത്തുനടക്കുന്നത്? വേറേ ആരെയെങ്കിലും കണ്ടുപിടിച്ചാൽ പോരേ...’ പകച്ചുപോയി എന്റെ ബാല്യം.
കരിയർ പ്ലാൻ മാറ്റിവരയ്ക്കാറായോ?
വിവാഹശേഷം അഭിനയിക്കുന്നില്ല എന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞ് ഒരു സീരിയൽ ചെയ്തിരുന്നു, ‘ശംഖുപുഷ്പം’. പിന്നെ ‘മുസാഫിർ’ എന്ന സിനിമയിൽ ഗസ്റ്റ് റോൾ. എല്ലാം കൂടി ഒന്നിച്ചു കൊണ്ടുപോകുമ്പോൾ ചിലതൊക്കെ മാറ്റിവയ്ക്കേണ്ടി വരാറുണ്ട്. പരിപാടികൾ മാറ്റിവച്ച് വരുമ്പോൾ അത്രയും പ്രാധാന്യമുള്ള റോൾ ആകണ്ടേ... എല്ലാം ശരിയായി വന്നാൽ തീർച്ചയായും സിനിമകൾ ചെയ്യും. ‘കമലദളം’ പോലെ ഒരു സിനിമ ചെയ്യണമെന്നു ഇപ്പോഴും വലിയ ആഗ്രഹമുണ്ട്. നല്ല റോളുകൾ വന്നാൽ തീർച്ചയായും സിനിമകൾ ചെയ്യാൻ തന്നെയാണ് പ്ലാൻ.