മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്ന പേര് എന്തുകൊണ്ടും അനുയോജ്യമാണ് ആമിർ ഖാന്. നടൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ കൈവെച്ച േമഖലകളിലെല്ലാം വിജയം കൊയ്തു. മികച്ച നടൻ മാത്രമല്ല മിടുക്കനായ നിർമാതാവ് കൂടിയാണ് ആമിർ.
ഒരു സിനിമ എവിടെ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ആമിർ ഖാൻ തന്നെ നിര്‍മിച്ച് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമാണ് സീക്രട്ട് സൂപ്പർസ്റ്റാർ. 15 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. (ബോളിവുഡിനെ സംബന്ധിച്ചടത്തോളം വളരെ കുറഞ്ഞ തുകയാണിത്.) ഈ ചിത്രം ഇതുവരെ വാരിയത് 800 കോടി രൂപയാണ്.
ചൈനയിൽ ജനുവരി 19ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 600 കോടിക്ക് മുകളിൽ രൂപയാണ്. ചൈന കൂടാതെയുളള സിനിമയുടെ ആഗോള കലക്ഷൻ 144 കോടിയും.
ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് ചൈനീസ് ബോക്സ്ഓഫീസ് തന്റെ സിനിമയ്ക്ക് ഇരട്ടി നേട്ടമുണ്ടാക്കുമെന്ന് ആമിർ കണ്ടെത്തുന്നത്. ത്രീ ഇഡിയറ്റ്സ് 16 കോടിയാണ് ചിത്രം ചൈനയിൽ നിന്ന് കലക്ട് ചെയ്തത്. എന്നാൽ അതുകഴിഞ്ഞ് റിലീസിനെത്തിയ ഷാരൂഖിന്റെ മൈ നെയിം ഈസ് ഖാൻ ചൈനയിൽ പരാജയമായി.
ചൈനീസ് ആസ്വാദകരുടെ സിനിമാഭ്രാന്ത് എങ്ങനെയാണെന്ന് കൃത്യമായി കണ്ടെത്തിയ ആമിർ ധൂം 3 റിലീസ് ചെയ്തു. 24 കോടി ചിത്രം വാരി. രാജ് കുമാർ ഹിറാനി–ആമിര്‍ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം പി.കെ ചൈനയിൽ ബംബർ ഹിറ്റായി. 123 കോടിയായിരുന്നു ചൈന കലക്ഷൻ.
പിന്നീട് ദംഗലിന്റെ വിജയത്തോടെ നായകൻ ആമിർ ഖാനു ചൈനയിൽ റെക്കോർഡ് ആരാധകരായി. 1300 കോടിയാണ് ചൈനയിൽ മാത്രം ലഭിച്ച കലക്ഷൻ. ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഇന്ത്യക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇതുവരെ. ആ നേട്ടം ഇപ്പോൾ ആമിറിനാണ് – ആറരലക്ഷം പേർ.
സീക്രട്ട് സൂപ്പർസ്റ്റാർ നിർമിച്ചിരിക്കുന്നത് ആമിറിന്റെ പൊഡക്ഷൻ കമ്പനി ഒറ്റയ്ക്കാണ്. ചൈനീസ് റിലീസിൽ പ്രത്യേക റവന്യു–ഷെയറിങ് ഡീൽ ഒപ്പിട്ടാണ് ചിത്രം എത്തിയത്. ഈ കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് സീക്രട്ട് സൂപ്പർസ്റ്റാർ. സാധാരണ വലിയ ഹോളിവുഡ് സിനിമകൾക്ക് മാത്രമാണ് ഈ നിരക്ക് ലഭിക്കൂ. അതായത് ചൈനീസ് ബോക്സ്ഓഫീസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനവും ആമിർഖാനായിരിക്കും. ദംഗലിന് 12.5 ശതമാനം മാത്രമാണ് ആമിറിന് ലഭിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബര്‍ 19ന് ഇന്ത്യയില്‍ റിലീസായ ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത സിനിമയിൽ ദംഗലിലൂടെ ശ്രദ്ധനേടിയ സൈറ വാസിം നായികയായി എത്തുന്നു. ആമിർ ഖാനും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്തിരുന്നു.
നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ നാലാം സ്ഥാനത്താണ് സീക്രട്ട് സൂപ്പർസ്റ്റാർ.
ഏറ്റവും കൂടുതൽ പണം വാരിയ മറ്റു ഇന്ത്യൻ ചിത്രങ്ങൾ:
ദംഗൽ– 2122 കോടി
ബാഹുബലി 2– 1700 കോടി
പി കെ – 854 കോടി
സീക്രട്ട് സൂപ്പര്‍ സ്റ്റാർ –854 കോടി
ബാഹുബലി ദ് ബിഗിനിങ് – 650 കോടി
ബജ്‌റംഗി ഭായിജാൻ – 605 കോടി
സുൽത്താൻ – 589 കോടി
ധൂം ത്രീ – 585 കോടി
ടൈഗർ സിന്ദാ ഹേ – 560 കോടി