അന്ന് ആ മകൾക്ക് വേണ്ടി ശ്രീദേവി പൊട്ടിക്കരഞ്ഞു; അമ്മയെ വീണ്ടും നഷ്ടമായെന്ന് സജൽ

നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യൻ സിനിമാലോകം ഇതു വരെ മോചിതരായിട്ടില്ല. മോം ആണ് ശ്രീദേവിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇതില്‍ ശ്രീദേവിയുടെ മകളായി അഭിനയിച്ച സജലും ആകെ ദുഃഖിതയാണ്. 'എനിക്കെന്റെ അമ്മയെ വീണ്ടും നഷ്ടപ്പെട്ടു' എന്ന ഒറ്റവാചകത്തിലാണ് സജല്‍ തന്റെ വിഷമം പങ്കുവെച്ചത്. 

മോം എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് സജലിന് സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത്. അന്ന്  സജലിനെ ഏറെ പിന്തുണച്ചത് ശ്രീദേവിയായിരുന്നു. സ്വന്തം മകളെ പോലെയാണ് ചിത്രീകരണ വേളയില്‍ ശ്രീദേവി സജലിനോട് പെരുമാറിയതെന്ന് നേരത്തത്തെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണാം. സാധാരണ സെറ്റില്‍ സഹപ്രവര്‍ത്തകരുമായി വലിയ ചങ്ങാത്തത്തിനൊന്നും പോകാത്ത ശ്രീദേവി സജലിനെ സ്നേഹത്തോടെ നോക്കി. പിന്നീട് പാക്കിസ്ഥാനില്‍ നിന്ന് ശ്രീദേവിക്ക് നന്ദി അറിയിച്ച് സജല്‍ ഫോണ്‍ വിളിക്കുകയും ചെയ്തു.

പിന്നീട് ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളിൽ സജലിനെ ഓര്‍ത്ത് ശ്രീദേവി പൊട്ടിക്കരുകയും ചെയ്തിരുന്നു. പരിപാടിയുടെ വിഡിയോ അന്ന് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിരുന്നു. 

മോം സിനിമയെക്കുറിച്ച് എല്ലായിടത്തു നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിക്കുമ്പോള്‍ ഇത് കാണാന്‍ തന്റെ കൂടെ വളര്‍ത്തുമകളായി അഭിനയിച്ച സജല്‍ അലിയും ഭര്‍ത്താവായി വേഷമിട്ട അദ്‌നന്‍ സിദ്ദിഖിയും ഒപ്പമില്ലല്ലോ എന്ന കാര്യമാണ് ശ്രീദേവിയെ കരയിച്ചത്.  മോം സിനിമയില്‍ ശ്രീദേവിയുടെ വളര്‍ത്തുമകളായാണ് സജല്‍ അഭിനയിച്ചത്.  ഉറി സംഭവത്തെത്തുടര്‍ന്ന് പാക്ക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ വരുന്നതിന് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കാണ് താരങ്ങള്‍ക്ക് വിനയായത്.

FROM ONMANORAMA