ആരെയും അസൂയപ്പെടുത്തുന്ന വിവാഹബന്ധമായിരുന്നു അവരുടേത്: പ്രിയദർശൻ

കഴിഞ്ഞ പിറന്നാളിനും ശ്രീദേവിയും ബോണി കപൂറും എന്നെ മുംബൈയിലെ വീട്ടിലേക്കു വിളിച്ചു. ബോണിയാണ് എന്റെ അടുത്ത സുഹൃത്തെങ്കിലും അദ്ദേഹത്തിന്റെ ഒരു പിറന്നാളിനു പോലും പോയിട്ടില്ല. എന്നാൽ‌ ശ്രീദേവിയുടെ മിക്ക പിറന്നാളിനും ഞാനുണ്ടായിരുന്നു ഒപ്പം. എത്രയോ വർഷങ്ങൾക്കു മുൻപു തുടങ്ങിയതാണത്. മുടങ്ങാത്ത സംഗമം. 

ഞാൻ ജീവിതത്തിൽ ആദ്യം കണ്ട സിനിമ ‘പൂമ്പാറ്റ’യാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. ശ്രീദേവി ബാലനടിയായി അഭിനയിച്ച സിനിമ. പൂമ്പാറ്റ കണ്ട ഇന്ത്യയിലെ ഏക ആളാണെന്നു പറഞ്ഞു ശ്രീദേവി എന്നെ കളിയാക്കുമായിരുന്നു. ഇത്തവണയും അതേക്കുറിച്ചു പറഞ്ഞു.  

ബോണിയും ശ്രീദേവിയും തമ്മിലുള്ള ബന്ധം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. ശ്രീദേവിയുടെ അമ്മയുടെ ചികിത്സയ്ക്കായി ലണ്ടനിലേക്കു കൊണ്ടുപോയപ്പോൾ എല്ലാ സഹായവും ചെയ്തതു ബോണിയാണ്. അതോടെ ബോണിയുടെ ജീവിതത്തിലേക്കു ശ്രീദേവി വന്നു. എത്ര മോഡേണായാലും വീടിനകത്തു ശ്രീദേവി പരമ്പരാഗത വീട്ടമ്മയായിരുന്നു. കുട്ടികളുടെ ഓരോ കാര്യവും അവർ നോക്കി നടത്തി. അവർ രാത്രി വൈകി ഏതെങ്കിലും പാർട്ടിക്കു പോയാൽ ശ്രീദേവിതന്നെ പോയി അവരെ കൂട്ടിക്കൊണ്ടുവന്നു. ഒരിക്കലും ആരുടെയെങ്കിലുമൊപ്പം മടങ്ങി വരാൻ സമ്മതിച്ചില്ല. എന്നാൽ സ്വാതന്ത്യം നൽകുകയും ചെയ്തു. മകളെ അഭിനയിപ്പിക്കാനായി കഥകൾ കേട്ടുകൊണ്ടിരുന്ന കാലത്ത് എന്നോടു പറഞ്ഞു, നല്ലൊരു കഥ കണ്ടെത്തിക്കൊടുക്കാൻ. പക്ഷേ, പലതുകൊണ്ടും എനിക്കതിനു കഴിഞ്ഞില്ല. എന്റെ ചെന്നൈയിലെ വീട്ടിലെ പാലുകാച്ചിനു നിർബന്ധമായും പങ്കെടുക്കുമെന്നു പറഞ്ഞ ഒരാൾ ബോണിയായിരുന്നു. ശ്രീദേവിയും അന്നു ബോണിയോടൊപ്പം വന്നു.  

ബോണിയുടെ ഓരോ വാക്കിനും ഇടയിൽ ശ്രീദേവി ഉണ്ടായിരുന്നു. ‘മോം’ എന്ന സിനിമയുടെ ട്രെയിലർ ഞാനും ബോണിയും കൂടിയാണു പോയി കണ്ടത്. ‘ഇംഗ്ലിഷ്, വിംഗ്ലിഷ്’, ‘മോം’ എന്നീ സിനിമകൾ ശ്രീദേവിയുടെ തിരിച്ചുവരവായിരുന്നു. ഹിന്ദി പോലുള്ളൊരു സിനിമാ വ്യവസായത്തിൽ 14 വർഷത്തിനു ശേഷം തിരച്ചുവരികയെന്നത് ആലോചിക്കാൻ പോലുമാകില്ല.  

അഭിനയം തുടങ്ങി 50 വർഷത്തിനു ശേഷവും ഇതുപോലെ ശോഭയോടെ നിന്ന ആരുണ്ടാകും? നാലു മുതൽ 54 വയസ്സുവരെ അവർ തിളങ്ങിത്തന്നെ ജീവിച്ചു. രാജ്കുമാർ, നാഗേശ്വര റാവു, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, അമിതാഭ് ബച്ചൻ, അനിൽ കപൂർ തുടങ്ങി ശ്രീദേവിയുടെ കൂടെ അഭിനയിച്ചവരുടെ പേരെടുത്തു നോക്കിയാൽ അന്തം വിട്ടുപോകും.  

നക്ഷത്രം എന്നെല്ലാം പറയുന്നത് ഇത്തരം അഭിനേതാക്കളെയാണ്. ശ്രീദേവി ശരിക്കും നക്ഷത്രമായിരുന്നു. രാജകീയമായാണ് അവർ വിടവാങ്ങിയത്. ഒരൊറ്റനിമിഷം, എല്ലാവരെയും സ്തംഭിപ്പിച്ചുകൊണ്ടുള്ള വിടവാങ്ങൽ.