ബോണി കപൂർ കണ്ടത് ബാത്ത്ടബ്ബിൽ ചലനമറ്റ് കിടക്കുന്ന ശ്രീദേവിയെ

നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യൻ സിനിമാലോകം ഇതു വരെ മോചിതരായിട്ടില്ല. താരത്തിന്റെ മരണത്തെക്കുറിച്ചും തുടർന്നുള്ള സംഭവങ്ങളെക്കുറിച്ചും പുതിയ ചില വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഭർത്താവ് ബോണി കപൂർ ഒരുക്കിയ സ്വപ്നസമാനമായ ഡിന്നർ ഡേറ്റിന് ഒരുങ്ങുമ്പോഴായിരുന്നു ശ്രീദേവിയുടെ വിടവാങ്ങൽ. കഴിഞ്ഞയാഴ്ചയാണ് അടുത്ത ബന്ധുവായ മോഹിത് മർവയുടെ വിവാഹത്തിനായി ശ്രീദേവിയും കുടുംബവും ദുബായിലേക്കു പോയത്. വിവാഹത്തിനു ശേഷം ബോണി കപൂറും മകളായ ഖുശി കപൂറും മുംബൈയിലേക്കു തിരികെ പോന്നു. എന്നാൽ ശ്രീദേവി സഹോദരിയായ ശ്രീലതയ്ക്കൊപ്പം കുറച്ചു ദിവസം കൂടി ദുബായിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു.  

മുംബൈയിലെത്തിയ ബോണി കപൂർ തന്റെ പ്രിയതമയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാനായി തിരികെ ദുബായിലേക്കു തന്നെ പോയി. ശ്രീദേവിക്കൊപ്പം ഇന്ത്യയിലേക്കു മടങ്ങി വരാനാണ് അദ്ദേഹം അങ്ങോട്ടു പോയത്. മാത്രമല്ല ശ്രീദേവിക്ക് ഒരു സ്പെഷൽ ഡിന്നറും അദ്ദേഹം സ്വകാര്യ ഹോട്ടലിൽ ഒരുക്കിയിരുന്നു.

ഉറങ്ങുകയായിരുന്ന ശ്രീദേവിെയ ബോണി കപൂർ വിളിച്ചുണർത്തുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിന്നറിനെക്കുറിച്ച് പറഞ്ഞതിന് േശഷം ശ്രീദേവി ഒരുങ്ങാനായി കുളിമുറിയിലേക്ക് പോകുകയായിരുന്നു. പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ശ്രീദേവി തിരികെ വരാതിരുന്നതിനാൽ ബോണി വാതിലിൽ തട്ടിവിളിച്ചു. മറുപടി ലഭിക്കാത്തതിനാൽ ബോണി കപൂർ വാതിൽ തള്ളിതുറക്കുകയായിരുന്നു. 

ബാത്ത്ടബ്ബിൽ ചലനമറ്റ് കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കപൂറിന് കാണാനായത്. ബോണി വിളിച്ചിട്ടും ശ്രീദേവി ഉണരാതിരുന്നതിനാൽ ഉടൻ തന്നെ അടുത്ത റൂമിലുള്ള സുഹൃത്തിനെ വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെയും മെ‍ഡിക്കൽ സംഘത്തെയും വിവരമറിയിച്ചു.

ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ നടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ഗൾഫ് മാധ്യമങ്ങൾ പറയുന്നു.