ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം

ദുബായ്∙ ശ്രീദേവിയുടെ ശരീരത്തിൽ നിന്ന് ലഹരിയുടെ അംശം കണ്ടെത്തിയതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലഹരിയുടെ സ്വാധീനത്തിൽ ബാലൻസ് തെറ്റി ബാത്ടബിൽ വീണതാകാം മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദുബായിലെ ഹോട്ടലിലെ കുളിമുറിയിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോധരഹിതയായി വെള്ളത്തില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന ഫോറന്‍സിക് റിപോര്‍ട്ടില്‍ പറയുന്നത്.

ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. എന്നാൽ ബാത്ടബിൽ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയതെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു.

ഇന്നലെ മുതൽ തന്നെ ശ്രീദേവിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ചർച്ചയായിരുന്നു. തുടക്കത്തിൽ ഹൃദയാഘാതം കൊണ്ടുള്ള സ്വാഭാവിക മരണം എന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് പോസ്റ്റ്മോർട്ടം പോലും വേണ്ടിവരില്ലെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം കോൺസുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പുറത്തു വിട്ടത്.

Tribute to Sridevi - Watch Video >>

എന്നാൽ പിന്നീട് ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കുന്നതിനിടെയാണു ദുരൂഹത ഉയർന്നത്. സംഭവത്തിൽ ബർ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ശ്രീദേവി ദുബായിൽ താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തി. ഇതിനിടെയാണിപ്പോൾ മരണ സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്.