ആട് 2 വിന്റെ നൂറാം ദിന ആഘോഷ പരിപാടികള്‍ക്കിടെയാണ് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. വിജയ് ബാബു, ജയസൂര്യ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു.
സ്റ്റേജിലെത്തിയ മമ്മൂട്ടി കുഞ്ഞച്ചനെ കുറിച്ചുള്ള പ്രസംഗത്തിനിടയില്‍ ജയസൂര്യയെ രസകരമായി ട്രോളുകയും ചെയ്തു. ‘ജയസൂര്യ വന്നില്ലേ, ഞാൻ കണ്ടില്ലല്ലോ’ എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ സദസ്സിലിരുന്ന് ജയസൂര്യ കൈപൊക്കി കാണിച്ചു.
അപ്പോള്‍ മമ്മൂട്ടി ചോദിച്ചത് ആണ്‍വേഷത്തില്‍ തന്നെ അല്ലേ എന്നാണ്. ‘ഞാന്‍ കരുതി പെണ്‍വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ആയിരിക്കുമെന്ന്’–മമ്മൂട്ടി പറഞ്ഞു. ഇത് സദസ്സില്‍ വലിയ ചിരി ഉയര്‍ത്തുകയും ചെയ്തു.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി ഗംഭീരമേക്കോവറിലാണ് ജയസൂര്യ എത്തുന്നത്. രണ്ട് കാതും കുത്തി ക്ലീൻ ഷേവ് ചെയ്താണ് ജയസൂര്യ ചടങ്ങിനെത്തിയത്. നേരത്തെ സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിൽ സാരി ഉടുത്ത് നിൽക്കുന്ന ജയസൂര്യയുടെ ഗെറ്റപ്പ് വൈറലായി മാറിയിരുന്നു.