ഗൗതം മേനോനെതിരെ അരവിന്ദ് സാമി

യുവസംവിധായകൻ കാർത്തിക് നരേനും ഗൗതം മേനോനും തമ്മിലുള്ള തർക്കം തമിഴിൽ രൂക്ഷമാകുകയാണ്. പുതിയ ചിത്രമായ നരകസൂരനുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്.  കാര്‍ത്തിക് സംവിധാനം ചെയ്യുന്ന നരകസൂരന്‍ നിര്‍മിക്കുന്നത് ഗൗതം മേനോന് പങ്കാളിത്തമുള്ള ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്സാണ്. എന്നാൽ സിനിമയ്ക്ക് വേണ്ടി ഇതുവരെയും ഒരുതുക പോലും മുടക്കിയിട്ടില്ലെന്നും ഈ ചിത്രത്തിന്റെ പേര് പറഞ്ഞ് മറ്റുസിനിമകൾക്ക് പലിശക്കാരുടെ കയ്യിൽ നിന്നും പണം വാങ്ങിയെന്നാണ് കാർത്തികിന്റെ ആരോപണം.

ചിത്രത്തില്‍ നായകനായി എത്തുന്ന അരവിന്ദ് സാമി ഉൾപ്പടെയുള്ള താരങ്ങൾക്ക് ഗൗതം മേനോൻ പ്രതിഫലം നൽകിയിട്ടില്ലെന്നും എന്നിട്ട് പോലും അരവിന്ദ് സാമി ഡബ്ബിങിന് സഹകരിച്ചെന്നും കാർത്തിക് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാർത്തിക്കിന് പ്രശ്നങ്ങൾ ഒതുങ്ങുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കണമായിരുന്നെന്നും ചെയ്തത് മോശമായി പോയെന്നുമായിരുന്നു ഗൗതം മേനോന്റെ പ്രതികരണം.

ഇപ്പോഴിതാ ഈ വിഷയത്തിൽ അരവിന്ദ് സാമിയുടെ പുതിയ ട്വീറ്റും ചർച്ചയാകുന്നു. അരവിന്ദ് സാമിയുടെ ട്വീറ്റ് ഗൗതം മേനോനെ ഉന്നംവെച്ചാണെന്നാണ് തമിഴകത്തെ ചർച്ച.

'അതെ, നമ്മളെല്ലാം ചില കാര്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മറ്റുള്ളവരോട് നാമെന്താണ് ചെയ്യുന്നത് എന്നറിയാനുള്ള രണ്ട് കണ്ണുകള്‍, സത്യം കേള്‍ക്കാനുള്ള രണ്ട് ചെവികള്‍, എപ്പോഴാണ് നമുക്ക് പിഴവു പറ്റുന്നതെന്ന് നമ്മളോടു പറയുന്ന മനഃസാക്ഷി, നമ്മുടെ പിഴവുകളും പശ്ചാത്താപങ്ങളും സ്വീകരിക്കാനുള്ള ഒരു ജോഡി എന്തോ ഒന്ന്... അതിനു പകരം പൂര്‍ത്തികരിക്കാനാവാത്ത കാര്യങ്ങളുടെ പട്ടിക വലുതാക്കുകയാണ് നാം.'-അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചു.