നടൻ കൊല്ലം അജിത് അന്തരിച്ചു

കൊച്ചി∙ ചലച്ചിത്ര നടൻ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നുതന്നെ സ്വദേശത്തെത്തിക്കും.

തൊണ്ണൂറുകളിൽ‌ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു. രണ്ടു സിനിമകൾ സംവിധാനം ചെയ്ത് സംവിധായകന്റെ റോളിലും അജിത് കഴിവ് പ്രകടിപ്പിച്ചു. 1989 ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയില്‍ അജിത് നായകനുമായി. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

സ്‌ക്രീനിലെ ‘തല്ലുകൊള്ളി’സംവിധായകനായി

പത്മരാജൻ സിനിമകളോടുള്ള പ്രേമം മൂത്ത് പത്മരാജന്റെയടുത്തു സംവിധാനം പഠിക്കാൻ ചെന്നതാണു കൊല്ലംകാരൻ അജിത്ത്; 1980ൽ. സഹ സംവിധായകരായി ഇപ്പോൾ തന്നെ പത്തു പേർ ഒപ്പമുണ്ടെന്ന ധർമ സങ്കടം പറഞ്ഞ പത്മരാജൻ പക്ഷേ, മറ്റൊരു സാധ്യതയിലേക്ക് അജിത്തിന്റെ കണ്ണു തുറന്നു. ഈ രൂപംവച്ച് അഭിനയത്തിലാവും കൂടുതൽ തിളങ്ങാനാവുക എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. മാത്രവുമല്ല, താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു വേഷം തരാമെന്ന വാഗ്‌ദാനവും നൽകിയാണ് അജിത്തിനെ മടക്കിയത്. മൂന്നു വർഷത്തിനു ശേഷം പത്മരാജൻ കൃത്യമായി വാക്കു പാലിച്ചു. ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിലെ വില്ലൻ സ്വഭാവമുള്ളൊരു വേഷം. പത്മരാജൻ വെള്ളിത്തിരയിലേക്കു കൈപിടിച്ചു കയറ്റിയ ഈ വില്ലനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൊല്ലം അജിത്ത് മലയാള സിനിമയിലെ പ്രഖ്യാപിത വില്ലൻമാരിൽ ഒരാളായി.

അഭിനയിച്ച അഞ്ഞൂറോളം സിനിമകളിൽ ഏറെയും തല്ലുകൊള്ളി വേഷം തന്നെ. നായകന്റെ അടികൊണ്ടും വെടിയേറ്റും കുത്തേറ്റും സിനിമാ ജീവിതം മുന്നോട്ടു നയിക്കുമ്പോഴും സംവിധായകനാവുക എന്ന സ്വപ്‌നം അജിത്ത് ഉപേക്ഷിച്ചിരുന്നില്ല. സിനിമാ പ്രവേശനത്തിന്റെ 30-ാം വർഷം ആ സ്വപ്‌നം സാക്ഷാൽക്കരിച്ചു. കൊല്ലം അജിത്ത് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ‘കോളിങ് ബെൽ’ എന്ന സിനിമയിലൂടെ.

മലയാളത്തിനു പുറമേ പ്രിയദർശന്റെ ഹിന്ദി ചിത്രമായ വിരാസത്തിലും മൂന്നു തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അജിത്ത്.