അന്ന് അജിത്ത് വലിയൊരു സങ്കടം പറഞ്ഞു; വലിയ സ്വപ്നവും

സിനിമാവിശേഷങ്ങള്‍ പങ്കിട്ട് പോയവര്‍ഷം മനോരമ ന്യൂസ് പുലര്‍വേളയില്‍ എത്തിയപ്പോള്‍ വലിയൊരു സ്വപ്നവും ഒപ്പം സങ്കടവും പറഞ്ഞിരുന്നു കൊല്ലം അജിത്ത്. ആ സ്വപ്നം ബാക്കിയാക്കിയാണ് പ്രിയതാരം മരണത്തിലേക്ക് നടന്നത്. 

അന്ന് അജിത്ത് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: സിനിമ മാറിയപ്പോള്‍ സാഹചര്യങ്ങളും മാറി. ന്യൂജെന്‍ എന്നുപേരിട്ട സിനിമകള്‍ ഉണ്ടാക്കുന്ന വലിയ പ്രശ്നമുണ്ട്. ഈ സിനിമകളില്‍ എവിടെ അച്ഛന്‍..? എവിടെ അമ്മ..? വില്ലനില്ല... ആരുമില്ല. എല്ലാവര്‍ക്കും തുറന്നുപറയാന്‍ പേടിയുള്ള ഒരു കാര്യം ഞാന്‍ തുറന്നുപറയുന്നു എന്നേയുള്ളൂ. 

ജനാര്‍ദ്ദനന്‍ ചേട്ടന്‍, പൊന്നമ്മച്ചേച്ചി... അങ്ങനെ എത്രയെത്ര വലിയ അഭിനേതാക്കളാണ് ഇപ്പോള്‍ സിനിമയില്ലാതെ നില്‍ക്കുന്നത്. ഞങ്ങളാരും സിനിമ നിര്‍ത്തിയിട്ടൊന്നുമില്ല. അതുകൊണ്ട് ഞങ്ങളൊക്കെ ഇവിടെയുണ്ട് എന്ന് ഓര്‍മിപ്പിക്കാന്‍ ആണ് എന്‍റെ അടുത്ത സിനിമ.  ​‘ഞങ്ങള്‍ ഇവിടെയൊക്കെത്തന്നെയുണ്ട്..’ എന്നാണ് ആ സിനിമയ്ക്ക് കണ്ടുവെച്ച തലക്കെട്ട്. 

പക്ഷേ ആ സ്വപ്ന സിനിമ സഫലമാക്കാന്‍ കാത്തുനില്‍ക്കാതെ അജിത് മടങ്ങി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പകല്‍ പോലെ എന്ന സ്വന്തം ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് മനോരമ ന്യൂസിലെത്തിയത്.