‘ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതുപോലെ എന്റെ ജീവിതത്തിൽ മറക്കാന്‍ പറ്റാത്ത സിനിമയാണ് രാമലീല.’ ദിലീപ് പറയുന്നു. രാമലീലയുടെ 111ാം വിജയാഘോഷ പരിപാടിയിലായിരുന്നു ദിലീപിന്റെ തുറന്നുപറച്ചിൽ.
ദിലീപുമായി ഇതിന് മുമ്പേ സൗഹൃദമുണ്ടെന്നും വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് രാമലീല റിലീസ് ചെയ്തതെന്നും ടോമിച്ചൻ മുളകുപാടം പറഞ്ഞു. ‘ആദ്യം എട്ടുകോടി രൂപയ്ക്കാണ് തുടങ്ങുന്നത്. എന്നാൽ അതിനൊക്കെ ഒരുപാട് മേലെ ബജറ്റ് പോയി. എന്നാൽ സംവിധായകനിൽ വലിയ വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ചിത്രീകരണം പൂർത്തിയായി ഡബ്ബിങ് നടക്കുന്നതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒരുപാട് മാനസികപ്രശ്നങ്ങളിലൂടെ കടന്നുപോയി. ദിലീപിനെ ജയിലിൽ പോയി കണ്ടു. അദ്ദേഹത്തിനൊരുപാട് വിഷമമുണ്ടെന്ന് മനസ്സിലായി. എനിക്ക് സങ്കടമൊന്നുമില്ലെന്നും സിനിമ നന്നായി വന്നിട്ടുണ്ടെന്നും പറഞ്ഞു. ദിലീപ് അന്ന് തന്ന പിന്തുണയ്ക്ക് വലിയ നന്ദി.’–ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.
ദിലീപിന്റെ വാക്കുകൾ–
‘2010 മുതൽ ഞാനും ടോമിച്ചായനും സുഹൃത്തുക്കളാണ്. അതിനിടയിലാണ് അരുൺ വന്ന് ഇങ്ങനെയൊരു സിനിമ ചെയ്യണം എന്ന് പറയുന്നത്. അരുൺ എന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് എന്നല്ലാതെ കൂടുതൽ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. അങ്ങനെ അരുൺ, സച്ചി ഭായിയെ പോയി കാണുകയും സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.
പിന്നീട് സച്ചിയെ കണ്ടപ്പോൾ ഈ കഥ എന്നോട് പറഞ്ഞു. കഥ കേട്ട ശേഷം ഞാൻ എഴുന്നേറ്റ് നിന്ന് കൈകൊടുത്ത് പറഞ്ഞു, ‘ഇതൊരു ഗംഭീരസിനിമയായിരിക്കും’. ഏതോ ഒരു ദൂതൻ വന്ന് ഒരോകാര്യങ്ങൾ പറഞ്ഞുകൊടുത്ത് എഴുതിയതുപോലൊരു സ്ക്രിപ്റ്റ്. അറിയാതെ തന്നെ എവിടെയൊക്കെയോ ചില അംശങ്ങൾ ജീവിതത്തിലും സംഭവിച്ചു.
ഈ സിനിമ റിലീസ് ചെയ്യാൻ തീരുമാനിക്കുന്നു. സത്യത്തിൽ എനിക്ക് വലിയ പേടിയുണ്ടായിരുന്നു. ടോമിച്ചായൻ ചോദിച്ചു ‘എത്ര ശമ്പളമാണ് തരേണ്ടത്.’ ഇപ്പോൾ നിങ്ങൾ അതൊന്നും ആലോചിക്കേണ്ട ഇപ്പോൾ സിനിമ പുറത്തിറക്കൂ എന്ന് ഞാൻ പറഞ്ഞു. അതിൽ ഏറ്റവും വലിയ സന്തോഷം ഈ സിനിമയുടെ പകുതിലാഭം എനിക്ക് തരാമെന്ന് പറഞ്ഞതാണ് (ദിലീപ് ചിരിക്കുന്നു). ടോമിച്ചായൻ അനുഭവിച്ച യാതനയും വേദനയും എനിക്ക് അറിയാം. ടോമിച്ചായൻ ബംഗാളീസിനെയും നേപ്പാളീസിനെയും കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നും ആരോ പറഞ്ഞുകേട്ടു.
ഒരാപത്ത് ഉണ്ടായപ്പോൾ എനിക്കൊപ്പം നിന്ന ജനലക്ഷങ്ങളോടാണ് എനിക്ക് നന്ദി പറയുവാനുള്ളത്. എന്റെ ജീവിതത്തിൽ എനിക്ക് കടപ്പാടുള്ളത് ദൈവത്തോടും പ്രേക്ഷകരോടുമാണ്. ഈ സിനിമയുടെ ഹൃദയമിടിപ്പായ ഗോപിസുന്ദറിന് നന്ദി.
ഒരുപാട് സിനിമകൾ മാറ്റിവച്ചാണ് കലാഭവൻ ഷാജോൺ ഈസിനിമയിൽ അഭിനയിച്ചത്. എന്റെ ഏറ്റവും അടുത്തസുഹൃത്ത് ആണ് ഷാജോൺ. ഷാജോൺ ആണ് അരുൺഗോപിയെക്കുറിച്ച് കൂടുതൽ എന്നോട് പറയുന്നത്. എന്റെ കടുത്ത ആരാധകനാണ് അരുണെന്നും ചെറുപ്പംമുതൽ എന്റെ സിനിമകൾ കണ്ട് ഇഷ്ടംമൂത്താണ് സിനിമ ചെയ്യാൻ ആഗ്രഹിച്ചതെന്നും പറഞ്ഞു. ഒരുദിവസം അരുണിന്റെ അമ്മ പറഞ്ഞു, എന്നെ കാണാൻ ഇവൻ പാടവരമ്പത്തുകൂടി ഓടിയിട്ടുണ്ടെന്ന്. ഇതിൽ ഏറ്റവും വലിയ കാര്യം എന്തെന്നാൽ എന്റെ ആരാധകനായ ഒരു കഴിവുള്ള ചെറുപ്പക്കാരൻ വേണ്ടിവന്നു എനിക്കൊരു രണ്ടാംജന്മം തരാൻ.’