ശങ്കർ പൊട്ടിക്കരഞ്ഞു, സെറ്റിൽ നിറയെ ചോര

shankar-anniyan
SHARE

ഇന്ത്യൻ സിനിമയിൽ ബ്രഹ്മാണ്ഡസിനിമകളുടെ അമരക്കാരിൽ ഒരാളാണ് ശങ്കർ. സാങ്കേതികവിദ്യകളുടെ കടന്നുകയറ്റത്തിന് മുമ്പേ അത്തരം പരീക്ഷണങ്ങൾ സ്വന്തം സിനിമയിലൂടെ നടത്തി വിജയിച്ച സംവിധായകൻ. അത്തരം പരീക്ഷണങ്ങൾ ചിലപ്പോൾ വലിയ അപകടങ്ങളിലേക്കും നാശനഷ്ടങ്ങളിലേക്കും വഴിവെച്ചിട്ടുമുണ്ട്. ശങ്കറിന്റെ അന്യൻ എന്ന സിനിമയിലുണ്ടായ ഒരു സംഭവം ഈയിടെ സ്റ്റണ്ട് സില്‍വ വെളിപ്പെടുത്തുകയുണ്ടായി.

അന്യന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വയായിരുന്നു. പീറ്റര്‍ ഹെയിനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. അന്ന് ശങ്കർ പൊട്ടിക്കരഞ്ഞുപോയെന്ന് സിൽവ പറയുന്നു.

‘അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. ആ സിനിമയിലെ തന്നെ പ്രധാന ഫൈറ്റ് സീൻ. 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെടുന്ന രംഗം. ഏകദേശം മുപ്പതുദിവസമെടുത്താണ് ആ രംഗം ചിത്രീകരിക്കുന്നത്.

വിക്രത്തിന്റെ മുകളിലേയ്ക്ക് ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്.  പത്ത് അടി മുകളിലെങ്കിലും അവർ പറക്കണം. ആ രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ വലിക്കാന്‍ നാല് പേരെങ്കിലും വേണമായിരുന്നു. ഇതിനായി പീറ്റര്‍ ഹെയ്ന്‍ ഒരു ആശയം പറയുകുണ്ടായി. ചിത്രീകരണം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിയ്‌ക്കുക.

എന്നാൽ ആ ലോറി ഡ്രൈവര്‍ക്ക് അതേ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംവിധായകന്‍ ആക്​ഷൻ പറയുന്നതിന് മുന്‍പേ അയാള്‍ ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ തയ്യാറായിരുന്നില്ല. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. അതും കോൺക്രീറ്റ് ഭിത്തി, ചിലർ ഫാനിൽ പോയി ഇടിച്ചു. ആ കയർ പൊട്ടിയാണ് ഏവരും താഴെ വീണത്.

പിന്നീട് അവിടെ ഒരു ചോരപ്പുഴ ആയിരുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കയ്യില്‍ നിന്നും കാലില്‍ നിന്നും ചോര ഒഴുകി. പലരുടെയും ബോധം നശിച്ചു. ഇരുപത്തിമൂന്നുപേരുടെ നില അതീവഗുരുതരം. ചിലർ അവിടെ തന്നെ തൂങ്ങികിടക്കുന്നു. ചിലർ അത് കണ്ടപാടെ ഇറങ്ങി ഓടി.

ഞങ്ങള്‍ അവരെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു. ഷങ്കര്‍ സാര്‍ അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ദിവസങ്ങളെടുത്തു. ഒരു പയ്യൻ മാത്രം മരണത്തോട് മല്ലിട്ട്കിടക്കുയായിരുന്നു. അവന് വേണ്ടി എല്ലാവരും പ്രാർത്ഥനയിലായിരുന്നു. അവസാനം ദൈവാനുഗ്രഹത്താൽ അവനും രക്ഷപ്പെട്ടു.

പിന്നീട് ആറുദിവസം കഴിഞ്ഞ് ഇതേ ഷോട്ട് വീണ്ടും എടുക്കണം. എല്ലാവരും വല്ലാത്തൊരു അവസ്ഥയിലാണ്. ഉള്ളിൽ ഭയമുണ്ട്. എന്നാൽ പുറത്തുകാണിക്കുന്നില്ല. എന്നാൽ പീറ്റർ ഹെയ്ൻ വന്ന് എന്നെ വിളിച്ചു, ‘സെൽവാ വരൂ, നമുക്ക് തയ്യാറാകാം.’ അങ്ങനെ അദ്ദേഹം എല്ലാവർക്കും ധൈര്യം പകർന്നു നൽകി.’–സ്റ്റണ്ട് സിൽവ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA