അന്ന് കളിയാക്കിയവർ ഇന്ന് കീർത്തിയെ വാഴ്ത്തുന്നു

മഹാനടിയിലെ സാവിത്രി എന്ന വേഷം കീർത്തി സുരേഷിനെ സംബന്ധിച്ചടത്തോളം വെല്ലുവിളി മാത്രമല്ല പ്രതികാരം കൂടിയായിരുന്നു. തമിഴിൽ മുൻനിര നായികയായിരുന്നെങ്കിലും അഭിനയത്തിൽ പരിഹാസങ്ങളും ട്രോളുകളും കീർത്തി നേരിടേണ്ടതായി വന്നിട്ടുണ്ട്. തമിഴിൽ ഏറ്റവും കൂടുതൽ ട്രോൾ വിഡിയോ ഇറങ്ങിയതും കീർത്തിയുടെ പേരിലായിരുന്നു.

അഭിനയം അറിയാത്ത നടിയെന്ന രീതിയിലായിരുന്നു കൂടുതൽ ആളുകളും കീർത്തിയെ വിമർശിച്ചത്. പവൻ കല്യാണിന്റെ നായികയായി അഞ്ജാതവാസി എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറി. പക്ഷേ ചിത്രം പരാജയമായിരുന്നു.  എന്നാൽ ഇതിനൊക്കെ മറുപടിയായിരുന്നു മഹാനടിയിലെ സാവിത്രി എന്ന കഥാപാത്രം. മഹാനടി കീർത്തിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ്. 

നിലവിൽ തമിഴിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച് കഴിഞ്ഞ നടി ഇതോടെ തെലുങ്കിലെ നമ്പർ വൺ നായികയായി മാറിയിരിക്കുകയാണ്. മഹാനടിയുടെ വമ്പൻ വിജയത്തോടെ നടിക്ക് ആരാധകരും ഏറി. നടിയെ ഒന്ന് നേരിട്ട് കാണുവാന്‍ ആയിരക്കണക്കിന് ആളുകളാണ് ഓരോ സ്ഥലത്തും എത്തുന്നത്. മുമ്പ് വിമർശിച്ചും പരിഹസിച്ചും വന്നവരൊക്കെ നടിയെ പ്രശംസിച്ച് എത്തുകയാണ് ഇപ്പോൾ.

മഹാനടി സാവിത്രിയുടെ ജീവിതം വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി. സാവിത്രിയായി അഭിനയിക്കുക എന്നു വെച്ചാല്‍ വളരെ എളുപ്പമൊന്നുമായിരുന്നില്ല . അവരുടെ ജീവിതം വളരെ പ്രയാസകരമായിരുന്നുവെന്ന് കീര്‍ത്തി പറയുന്നു.

തന്റെ അഭിനയ മികവു കൊണ്ടു ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ സാവിത്രി  രാജ്യത്തെ  എക്കാലത്തേയും  മികച്ച നടികളിലൊരാളായാണു  കണക്കാക്കപ്പെടുന്നത്. ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും അവർക്കുണ്ട്. 

അർധാംഗി, മായാ ബസാർ, ഗംഗാ കി ലഹരേം, കളത്തൂർ കണ്ണമ്മ, കൈ കൊടുത്ത  ദൈവം, പാസമലർ , പാവമനിപ്പ് , നവരാത്രി  എന്നീ ചിത്രങ്ങളിലൂടെ  ശ്രദ്ധേയായ സാവിത്രി ഹിന്ദിക്കൊപ്പം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ 1973ൽ പുറത്തിറങ്ങിയ ചുഴിയിലാണ് സാവിത്രി അഭിനയിച്ചത്. നടി എന്നതിലുപരി ഗായികയും നർത്തകിയുമൊക്കെയായിരുന്നു  സാവിത്രി.  

മുൻപു  മദ്രാസ് പ്രസിഡന്റസിയുടെ  ഭാഗമായിരുന്ന ഗുണ്ടൂരിൽ (ഇപ്പോൾ ആന്ധ്രയിൽ) 1936ൽ ജനിച്ച സാവിത്രി 1952ലാണു ആദ്യ ചിത്രമായ പെല്ലി ചേസി ചൂഡു എന്ന തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. ജമിനി ഗണേശനെ വിവാഹം ചെയ്ത സാവിത്രിയുടെ കരിയർ ഗ്രാഫ് നടിയിൽ നിന്നും സംവിധായകയും  നിർമാതാവുമൊക്കെയായി  ഉയർന്നു. 45-ാം വയസിൽ  1981ലാണു സാവിത്രി മരിക്കുന്നത്. ജമിനി ഗണേശനെ  വിവാഹം കഴിക്കുമ്പോൾ 16 വയസായിരുന്നു സാവിത്രിക്ക്. സാവിത്രിയുടെ ജീവിതം സിനിമയാകുമ്പോൾ  ആ ജീവിതത്തിലെ വിവാദങ്ങൾ  സ്ക്രീനിലും പിന്തുടരുന്നുണ്ട്. .

കീർത്തി സുരേഷിന്റെ  അഭിനയം ഏറെ നിരൂപക പ്രശംസ ഇതിനോടകം പിടിച്ചു പറ്റിയിട്ടുണ്ട്. ഇതില്‍ ജമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം ദുല്‍ഖറിനും അഭിനന്ദനപ്രവാഹമാണ്.

ആ പരിഹാസം എന്നെ വേദനിപ്പിച്ചു: കീർത്തി സുരേഷ്

എന്തായാലും മഹാനടി നല്‍കിയത് കീർത്തിക്ക് പുതിയൊരു വഴിത്തിരിവ് തന്നെയാണ്. ബാഹുബലിക്കു ശേഷം എസ്.എസ്.രാജമൗലി ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നായികയായി കീര്‍ത്തി സുരേഷിനെ പരിഗണിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.

തമിഴകത്തും നായികയ്ക്ക് കൈനിറയെ പ്രോജക്ടുകളാണ്, വിക്രം നായകനാകുന്ന സാമി 2, വിശാലിന്റെ സണ്ടക്കോഴി 2, വിജയ്–മുരുകദോസ് ചിത്രം. ഇവയാണ് കീർത്തിയുടെ പുതിയ പ്രോജക്ടുകൾ.