തൃശൂരിന്റെ അടയാളമായ രാഗം തിയേറ്റര്‍ വീണ്ടും വരുകയാണ്. സ്വരാജ് റൗണ്ടിലെ "രാഗം' അഥവാ "ജോര്‍ജേട്ടന്‍സ് രാഗം' 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2015ലാണ് പ്രദർശനം നിർത്തുന്നത്. പുതിയകാലത്ത് പുത്തൻ സാങ്കേതികവിദ്യകളുമായി തിയറ്റർ വീണ്ടും ഒരുങ്ങുമ്പോൾ പുതിയ ‘രാഗ’ത്തെ വരവേൽക്കാൻ തൃശൂരുകാരും ഒരുങ്ങി.
ജൂൺ 7ന് റിലീസ് ചെയ്യുന്ന രജനി ചിത്രം ‘കാല’യാണ് ഉദ്ഘാടനചിത്രം. 70 എംഎം സ്ക്രീൻ, ഫോർകെ ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയോടെയാണ് തിയറ്റർ ഒരുക്കിയിരിക്കുന്നത്. 1218 സീറ്റുകളുണ്ട്.
നേരത്തെ ഇതേതിയറ്ററുമായി ബന്ധപ്പെട്ട് ‘മ്മ്ടെ രാഗം’ എന്ന ഹ്രസ്വചിത്രം ഒരുകൂട്ടം ചെറുപ്പക്കാർ പുറത്തിറക്കിയിരുന്നു.. ബാഡ്‌സ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ പാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമായിരുന്നു.
‘നാലുവർഷം വർഷം മുമ്പ് പൂട്ടി താഴിട്ട തിയേറ്റർ വീണ്ടും തുറക്കുകയാണ്. പുതിയ രൂപഭാവങ്ങളോടെ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ 'മ്മ്‌ടെ രാഗം' ഹ്രസ്വ ചിത്രം തൃശൂരുകാരുടെ ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരം മാത്രമല്ല പുത്തൻ പ്രതീക്ഷകളുടേത് കൂടിയാണ്’. സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നു. ഗജശ്രേഷ്ഠനായ തിരുവമ്പാടി ശിവസുന്ദർ ഈ പുരത്തിനില്ലാത്തതിന്റെ വിഷമം പങ്കിടുന്നതോടെയാണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. പഴയ 25 രൂപ ടിക്കറ്റ് ഇനി ഉണ്ടാവില്ലെങ്കിലും, പുതിയ ആ മേക്കോവർ കാണാൻ തൃശൂർകാർ ഏറെ കൊതിയോടെയാണ് കാത്തിരിക്കുന്നത്
1974 ആഗസ്ത് 24 നാണ് "രാഗ'ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ "നെല്ല്'. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ തിയറ്ററിലെത്തി. തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം. അന്നത്തെ കാലത്തെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തിയറ്റർ ആണ് രാഗം.
മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം "രാഗ'ത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം "തച്ചോളി അമ്പു', ആദ്യത്തെ 70 എംഎം ചിത്രം "പടയോട്ടം', ആദ്യത്തെ ത്രീഡി സിനിമ "മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു. "ഷോലെ', "ബെന്‍ഹര്‍', "ടൈറ്റാനിക്' തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി. "ടൈറ്റാനിക്' 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വിതരണ- പ്രദര്‍ശന ഷെയര്‍ ലഭിച്ചത് "ദൃശ്യം' പ്രദര്‍ശിപ്പിച്ചപ്പോഴാണ്.