കാല റിലീസ്; ജോലിക്കാര്‍ക്ക് അവധി നല്‍കി കൊച്ചിയിലെ ഐടി കമ്പനി

സ്റ്റൈൽമന്നൻ രജനികാന്ത് സിനിമകളുടെ റിലീസ് ആരാധകർക്കൊരു ആഘോഷമാണ്. തമിഴ്നാട്ടിലായാലും കേരളത്തിലായാലും ആദ്യദിനം ചിത്രം കാണാൻ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് സിനിമാപ്രേമികളാണ്.

ഓൺലൈനിൽ ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് വിറ്റഴിയുന്നത്. കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ ഒഴികെയുള്ള തിയറ്ററുകളില്‍ ഇപ്പോള്‍ തന്നെ ബുക്കിങ് പൂര്‍ത്തിയായി കഴിഞ്ഞു. തൃപ്പുണിത്തുറ സെന്‍ട്രല്‍ തിയറ്ററില്‍ രാവിലെ ആറിനാണ് ആദ്യ ഷോ നടക്കുന്നത്. 

കൊച്ചിയിലെ ഐടി കമ്പനികളില്‍ ഒന്നായ ടെലിയോസ് ടെക്‌നോളജീസ് ജീവനക്കാര്‍ക്ക് ജൂണ്‍ ഏഴിന് അവധി നല്‍കി. കാല കാണാന്‍ ജീവനക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് അവധി നല്‍കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ഒപ്പിട്ട നോട്ടീസില്‍ പറയുന്നു. തങ്ങളുടെ ആവശ്യപ്രകാരമാണ് കമ്പനി അവധി നൽകിയതെന്നും ഇതാദ്യമായാണ് ഒരു സിനിമയ്ക്കായി ഇങ്ങനെയൊരു അപേക്ഷ സമർപ്പിച്ചതെന്നും കമ്പനി ജീവനക്കാർ പറഞ്ഞു. ഇരുപത്തിയഞ്ചോളം ആളുകളാണ് ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്.

കാല ആദ്യദിനം കാണാം, ടിക്കറ്റ് നേടാൻ ക്ലിക്ക് ചെയ്യൂ

തമിഴ്‌നാട്ടിലെ 700 സ്‌ക്രീനുകളും കേരളത്തിലെ 250 ഓളം സ്‌ക്രീനുകളും ഉള്‍പ്പെടെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് കാല പ്രദര്‍ശനത്തിനെത്തുന്നത്.