അന്ന് സിദ്ദിഖിന്റെ നായിക ഇന്ന് രജനിയുടെ

‘ഞാൻ കരുതിയത് രജനിസാറിന്റെ അമ്മവേഷം ചെയ്യാനായിരിക്കും വിളിച്ചതെന്നാണ്, നായികയാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി’. പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ രജനികാന്ത് ചിത്രം കാലായിലെ നായിക ഈശ്വരി റാവു ഇപ്പോഴും അമ്പരപ്പിലാണ്. കാലായിലെ അതിഗംഭീരപ്രകടനത്തിന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും അമ്പരപ്പ് മാറിയിട്ടില്ല ഈ സൂപ്പർഹിറ്റ് ചിത്രത്തിലെ നായികയ്ക്ക്.

തെലുങ്ക്–തമിഴ് സിനിമകളിലും സീരിയലിലും സജീവമായ നടിയാണ് ഈശ്വരി റാവു. മലയാളത്തിൽ നടി അഭിനയിച്ച ഏക ചിത്രമാണ് 1992ൽ റിലീസ് ചെയ്ത ഊട്ടിപ്പട്ടണം എന്ന സിനിമ. ജയറാമും സിദ്ദിഖും പ്രധാനവേഷങ്ങളിലെത്തിയ സിനിമയിൽ രഞ്ജിനി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഈശ്വരി അവതരിപ്പിച്ചത്. 

കാലായിലെ ശെൽവി എന്ന കഥാപാത്രത്തെക്കുറിച്ചും അപ്രതീക്ഷിതമായി ലഭിച്ച വേഷത്തെക്കുറിച്ചും ഒരു തമിഴ്മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈശ്വരി മനസുതുറന്നത്. 

ടെസ്റ്റ് ഷൂട്ടിനായി വന്നപ്പോള്‍ കഥാപാത്രത്തെക്കുറിച്ച് യാതൊന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ടെസ്റ്റ് ഷൂട്ടിന്റെ വീഡിയോ രജനിയെ കാണിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു. പിന്നീട് മൂന്നുമാസത്തോളം ചിത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍.

അപ്പോഴും രജനികാന്തിന്റെ നായിക വേഷമാണെനിക്കെന്ന് അറിയില്ലായിരുന്നു. രജനി സാര്‍ എന്റെ വിചാരമറിഞ്ഞതും ചിരിച്ചു പോയി. എന്നാലും നായികയാണ് ഞാനെന്ന് അദ്ദേഹം വെളിപ്പെടുത്തിയതേയില്ല. പിന്നീടാണ് നായികയാണെന്ന് ഞാനറിയുന്നത്. ആദ്യം വിശ്വസിക്കാനായില്ല. അതുകഴിഞ്ഞ് വിചാരിച്ചത് ഞാനിത് പറഞ്ഞാല്‍ മറ്റുള്ളവര്‍ വിശ്വസിക്കുമോ എന്ന് സംശയമായിരുന്നു. അതുകൊണ്ട് വീട്ടുകാരോടും മക്കളോടുമൊന്നും പറഞ്ഞില്ല. എല്ലാവരുമറിയുന്നത് പിന്നീടാണ്. ഷൂട്ടിങ് ഇന്‍വിറ്റേഷനില്‍ രജനിസാറിന്റെ പേരിനടിയില്‍ എന്റെ പേര് കണ്ടപ്പോഴാണ് സമാധാനമായത്. ഈശ്വരി പറഞ്ഞു.