ചിലപ്പോൾ അങ്ങനെയാണ്. അപ്രതീക്ഷിമായി ചിലർ നമ്മളെ പുതിയൊരു ജീവിതത്തിലേക്കു കൊണ്ടുപോകും. കോളജിൽ പഠനത്തിനു ശേഷം വെറുതെ നിന്ന സമയത്താണ് സുഹൃത്തിനൊപ്പം എഡിറ്റിങ് പഠിക്കാൻ പോയത്.
പഠനം കഴിഞ്ഞ് ആൽബങ്ങളും കല്യാണ വിഡിയോകളും എഡിറ്റു ചെയ്യാൻ തുടങ്ങി. പലരും ഇതു ശ്രദ്ധിച്ചു. അതോടെ, സുഹൃത്തുക്കൾക്കൊപ്പം ചെന്നൈയിലേക്ക്. പ്രശസ്ത എഡിറ്റർ കിഷോറിനൊപ്പം ജോലി. ഇരുപതോളം സിനിമകൾ. ആക്‌ഷൻ സീനുകൾ എഡിറ്റ് ചെയ്യുന്നതിലെ മിടുക്കു പലരും കണ്ടറിഞ്ഞു. അവർ അതിനായി മാത്രം വിളിക്കാൻ തുടങ്ങി. സ്പോട് എഡിറ്റിങ്ങിന്റെ ലോകവും പതിയെ വാതിൽ തുറന്നു. അങ്ങനെ മലയാള സിനിമയ്ക്ക് പുതിയൊരു എഡിറ്ററുണ്ടായി– ഷമീര്‍ മുഹമ്മദ്.
‘ചാർലി’യിൽ ആണു ഷമീർ സ്വതന്ത്ര എഡിറ്ററായത്. അതു ശ്രദ്ധിക്കപ്പെട്ടു. അടുത്ത വർഷം നാലു സിനിമകൾ– അങ്കമാലി ഡയറീസ്, ഒരു മെക്സിക്കൻ അപാരത, വില്ലൻ, തൃശ്ശിവപേരൂർ ക്ലിപ്തം.... കഴിഞ്ഞ അവധിക്കാലത്തു തിയറ്ററിലെത്തിയ സ്വാതന്ത്ര്യം അർധരാത്രിയിൽ, അങ്കിൾ, മോഹൻലാൽ, ആഭാസം എന്നീ നാലു സിനിമകൾ എഡിറ്റ് ചെയ്തതും ഷമീർ ആയിരുന്നു.
ചാർലിയും അങ്കമാലി ഡയറീസും പേരുണ്ടാക്കി തന്നുവല്ലേ?
ആദ്യമായി ചെയ്ത സ്വതന്ത്ര സിനിമയാണു ‘ചാർലി’. മനോഹരമായ ദൃശ്യങ്ങളുള്ള ചാർലിയുടെ കഥ പറച്ചിൽ രീതിതന്നെ വ്യത്യസ്തമാണ്. അതിന്റെ എഡിറ്റിങ്ങും പുതിയഅനുഭവമായിരുന്നു. അങ്കമാലി ഡയറീസ് വിഭിന്നമായിരുന്നു. പെട്ടെന്നു നീങ്ങുന്ന ഫ്രെയിമുകൾ, ഏറെ കഥാപാത്രങ്ങൾ അങ്ങനെ പലതും. ചില സീനുകൾ വളരെ വലുത്. ഒരിടത്തും കട്ടുചെയ്യാൻ പറ്റാത്തവ. അതെല്ലാം വെല്ലുവിളിയായാണ് എടുത്തത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മനസ്സിലെ സിനിമ ആയിരുന്നു അത്. അതിന്റെ കൂടെ മനസ്സുകൊണ്ടു യാത്രചെയ്യാനായി എന്നതാണ് എന്നെ രക്ഷിച്ചത്.
സിങ്കം ത്രീ അടക്കമുള്ള തമിഴ് സിനിമകളിൽ ആക്‌ഷൻ സീനുകൾ മാത്രം എഡിറ്റ് ചെയ്തിരുന്നല്ലോ?
അക്‌ഷൻ സീനുകൾക്കു വേണ്ടി മാത്രം വിളിക്കാറുണ്ട്. ആക്‌ഷൻ രംഗങ്ങൾക്കു തമിഴിൽ പ്രാധാന്യമേറെയാണ്. കാണികളുടെ മനസ്സിലേക്കു നായകന്റെ വേഗവും ശക്തിയുമെല്ലാം ഒരുമിച്ചു നിറയ്ക്കുന്ന സമയമാണിത്. തിയറ്ററിൽ കാണികൾ അലറിമറിയുന്ന അവസ്ഥ ഉണ്ടാക്കണം. എഡിറ്റിങ്ങിൽ പഠിച്ചതൊന്നുമല്ല അവിടെ വേണ്ടിവരിക.
ഒട്ടേറെ ചിത്രങ്ങളുടെ ട്രെയ്‌ലർ എഡിറ്റ് ചെയ്തിട്ടുണ്ടല്ലോ?
എഡിറ്റർക്ക് എല്ലാ സീനുകളും പ്രധാനപ്പെട്ടതാണ്. അതിൽനിന്ന് 30 സെക്കൻഡിലേക്കു കാര്യങ്ങൾ ചുരുക്കുന്നതു വെല്ലുവിളിയാണ്. കല്യാണ വിഡിയോകളും മറ്റും ചെയ്തതുകൊണ്ടാകാം എനിക്കു ചെറിയ സമയത്തേക്കു പലതും ചുരുക്കാനാകുന്നത്.