Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാമിനും ധർമജനുമൊപ്പം സണ്ണി ലിയോൺ മലയാളത്തിൽ?

jayaram-sunny-leone

ഇനി കൊച്ചിക്കും കണ്ണൂർക്കും വണ്ടികയറേണ്ട. സോഷ്യൽ ലോകത്ത് പലകുറി പ്രചരിച്ച വാർത്തകൾ ഒടുവിൽ സത്യമാകുന്നു. ബോളിവുഡ് പ്രിയ താരം സണ്ണി ലിയോൺ മലയാളത്തിലേക്ക് ഉടൻ എത്തുമെന്ന സൂചനകൾ നൽകി സംവിധായകൻ ഒമർ ലുലു. ‘ഒരു അഡാർ ലൗ’  എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോൺ എത്തുമെന്ന് അടുത്ത വൃത്തങ്ങൾ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഇക്കാര്യത്തിലെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും.

ജയറാമാണ് ചിത്രത്തിലെ നായകൻ. ഹണി റോസ്,ധർമ്മജൻ ബോൾഗാട്ടി,വിനയ് ഫോർട്ട് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക. നേരത്തെ മിയാ ഖലീഫ ഒമർ ലുലു ചിത്രത്തിലെത്തുന്ന എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മിയാ ഖലീഫയെ മാറ്റി സണ്ണി ലിയോണിനെ അഭിനയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പുതിയ ചിത്രത്തിനായി സംഗീതം ഒരുക്കുന്നതും ഷാൻ റഹ്മാനാണ്.

കൊച്ചിയിലെത്തിയ സണ്ണി ലിയോണ് ലഭിച്ച ആരാധക പിന്തുണ വലിയ ചർച്ചയായിരുന്നു. കേരളത്തിലെ ആരാധകസ്നേഹം തന്നെ അമ്പരപ്പിച്ചെന്ന് താരം പിന്നീട് പറയുകയും ചെയ്തു. സണ്ണി ലിയോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കും വൻപിന്തുണയാണ് കേരളത്തിലെ ആരാധകർ നൽകാറുള്ളത്. സണ്ണി ലിയോൺ നായികയായി എത്തുന്ന ‘വീരമാദേവി’ എന്ന ചിത്രം മലയാളത്തിലേക്കും ഉടൻ മൊഴിമാറ്റി എത്തും. ഒരു പക്കാ മലയാളസിനിമയിൽ സണ്ണി ലിയോൺ എത്തുന്നുവെന്ന വാർത്ത ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

സിനിമയിൽ സണ്ണി ലിയോണിന്റെ  കഥാപാത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ചങ്ക്സ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ സണ്ണി എത്തുന്നതായി വാർത്തകൾ പരന്നിരുന്നു. എന്നാൽ ജയറാം ചിത്രത്തിലൂടെയാകും താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റം.

ലോകമെമ്പാടും വൈറലായ ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഒമർ ലുലു. അതിന് ശേഷമാകും ഇൗ ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടക്കുക. ഷാൻ റഹ്മാന്റെ സംഗീതത്തിൽ പുതിയ ഒരു തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഒമർ. സിനിമ ഇറങ്ങും മുൻപ് ലോകമെമ്പാടും ചർച്ചയായ ‘ഒരു അഡാർ ലൗ’ പോലെ സണ്ണി ലിയോൺ എത്തുന്ന ആദ്യ മലയാള ചിത്രം മറ്റൊരു ഒമറേട്ടൻ ബ്രില്ല്യൻസാണെന്ന് വാഴ്ത്തി ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു. ഇനി വേണ്ടത് ഒരു ഒൗദ്യോഗിക സ്ഥിരീകരണം മാത്രം.