ഒരുപിടി സൂപ്പർഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധായകനാവുന്നു. ദീപസ്തംഭം മഹാശ്ചര്യം, നാടൻ പെണ്ണും നാട്ടുപ്രമാണിയും,അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ഹിറ്റുകളൊരുക്കിയ സുരേഷ് രണ്ടാം വരവിൽ സംവിധായകനായി തിളങ്ങാനുള്ള തയാറെടുപ്പിലാണ്. ഉൾട്ട എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വൻതാരനിര അണിനിരക്കുന്ന ചിത്രം നിർമിക്കുന്നത് സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ ഡോ.സുഭാഷ് സിപ്പിയാണ്. ഗോകുൽ സുരേഷ് നായകനാകുന്നു. അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായെത്തുന്നു.
തികച്ചും വ്യത്യസ്തമായ ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ഹ്യൂമർ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും സുരേഷ് പൊതുവാൾ തന്നെയാണ്. രമേഷ് പിഷാരടി, രഞ്ജി പണിക്കർ,ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, രചന നാരായണൻകുട്ടി, തെസ്നിഖാൻ, ആര്യ, മഞ്ജു സുനിച്ചൻ, കോട്ടയം പ്രദീപ്,ജാഫർ ഇടുക്കി, സിനോജ് വർഗ്ഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രകാശ് വേലായുധൻ കാമറയും, ഷമീർ മുഹമ്മദ് എഡിറ്റിങും, ഇന്ദുലാൽ കാവീട് കലാസംവിധാനവും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. സുപ്രീം സുന്ദറാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യംചെയ്യുന്നത്. നൃത്ത സംവിധായകൻ ദിനേഷ് കുമാർ. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനർ. ഗോപി സുന്ദറിനോടൊപ്പം സുദർശൻ എന്ന പുതുമുഖ സംഗീത സംവിധായകനെ കൂടി സുരേഷ് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ഹരിനാരായണന്റെയും അജോയ്ചന്ദ്രന്റേതുമാണ് പാട്ടുകൾ.
പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലി. ഒക്ടോബർ ആദ്യവാരം കണ്ണൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.