‘തല വെട്ടി ഒട്ടിച്ചിട്ടില്ല, കോപ്പിയുമല്ല’; അസ്കർ അലിയുടെ ‘ജീംബൂംബാ’

അസ്കര്‍ അലി നായകനാകുന്ന പുതിയ ചിത്രം ജീം ബൂം ബായുടെ പോസ്റ്റർ ഹോളിവുഡ് സിനിമയുടെ കോപ്പിയടിയാണെന്ന വിമർശനത്തിൽ പ്രതികരണവുമായി അണിയറപ്രവർത്തകർ. ഹോളിവുഡ് ചിത്രം പള്‍പ് ഫിക്​ഷന്റെ പോസ്റ്റിനോട് സാമ്യമുണ്ടെന്നായിരുന്നു ആരോപണം.

പള്‍പ് ഫിക്​ഷന്‍ പോസ്റ്ററിലെ ജോണ്‍ ട്രവോള്‍ട്ടയുടെയും സാമുവല്‍ ജാക്‌സന്റെയും സ്ഥാനത്ത് ബൈജുവും അസ്‌കര്‍ അലിയുമായിരുന്നു ജീംബൂംബാ പോസ്റ്ററില്‍. തല വെട്ടി ഒട്ടിച്ചതെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ ഒരു ആക്ഷേപം. എന്നാല്‍ ഒരു സ്പൂഫ് പോസ്റ്റര്‍ ആണ് ഉദ്ദേശിച്ചതെന്നും ഡിജിറ്റല്‍ പെയിന്റിങ്ങ് ആണ് അതെന്നും അണിയറപ്രവർത്തകർ പറയുന്നു.

പോസ്റ്റർ വിവാദത്തിൽ അണിയറപ്രവർത്തകരുടെ വിശദീകരണം താഴെ– 

മഹാന്മാരെ, ജീം ബൂം ബാ യുടെ പോസ്റ്റർ വിവാദത്തിലേക്ക് സ്വാഗതം. പോസ്റ്റർ റിലീസ് ചെയ്ത ദിവസം തന്നെ ഞാൻ പറഞ്ഞതാണ് ഇത് പൂർണമായും പൾപ് ഫിക്‌ഷൻ എന്നുള്ള സിനിമയുടെ പ്രശസ്തമായ ഒരു സീനിൽ നിന്നും എടുത്തിട്ടുള്ളത് എന്ന്. 

ഒരു ഫ്രെയിം വീണ്ടും പുനസൃഷ്ടിക്കുന്നത് മോശമായി ഞാൻ കാണുന്നില്ല. പിന്നെ ആശയ ദാരിദ്ര്യം കാരണം ചെയ്തത് എന്നു ഉറപ്പിച്ച് പറഞ്ഞ ആളുകൾ വരെ ഉണ്ട്. ഒന്ന് പറയട്ടെ. ഒരു സിനിമയുടെ പബ്ലിസിറ്റി അതിനകത്ത് ആളെ കയറ്റാൻ വേണ്ടി ആണ്. അതിൽ എന്റെ എല്ലാ കുതന്ത്രങ്ങളും ഞാൻ ഉപയോഗിച്ചെന്ന് വരും. ശരിയാണ്. 

നിങ്ങള്‍ ആണല്ലോ തീരുമാനിക്കുന്നത് എന്ത് ചെയ്യണം, ആരു വീട്ടിലിരിക്കണം, ആരു അഭിനയിക്കണം എന്നൊക്കെ. പിന്നെ അസ്കർ അലി, ചങ്ങായി എന്തോ ആയിക്കോട്ടെ, പരിമിതികൾ ഇല്ലാത്ത ആൾക്കാരില്ലല്ലോ. നമ്മുടെ ഇൗ സിനിമയ്ക്ക് ഒരു സൂപ്പർ താരങ്ങളും വന്ന് നിന്നിട്ട് ദേ എന്നെ വെച്ച് പടം ചെയ്തോളൂ എന്നും പറഞ്ഞിട്ടില്ല. 

പിന്നെ കുറ്റപ്പെടുത്തൽ പുച്ഛം തുടങ്ങിയവ പ്രകടിപ്പിക്കുന്ന സുഹൃത്തുകളെ, നിങ്ങളാരും ഞങ്ങളെ സമീപിച്ച് വരൂ നിങ്ങളുടെ പടം ഞങ്ങൾ നല്ല ഒന്നാം നമ്പർ നടന്മാരെ വെച്ച് നിർമിച്ചു തരാം എന്നു പറഞ്ഞില്ല. നിങ്ങളൊക്കെ ചാൻസ് നോക്കി നടക്കുന്ന അതെ അവസ്ഥ തന്നെയാണ് ഒരു സിനിമ ഉണ്ടായി വരുന്നതും. പണ്ട് മോഹൻലാൽ അഭിനയിച്ച "പെരുച്ചാഴി" എന്ന സിനിമയുടെ പോസ്റ്ററിൽ ലാലേട്ടൻ സൂപ്പർമാന്റെ കോസ്റ്റ്യും ഇട്ടും അജു വർഗീസ് അവതാറിന്റെ രൂപത്തിൽ വന്നപ്പോൾ ഒന്നും നിങ്ങൾക്ക് സംശയം ഇല്ലാതിരുന്നത് എന്ത് കൊണ്ടാണ് ? 

പോപ്പുലർ ആയിട്ടുള്ള പല സംഭവങ്ങളും വെച്ച് പോസ്റ്ററുകൾ ഒരുപാട് വന്നിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ പോസ്റ്റർ ഇന്ന് ഇത്രേം റീച്ച് ആയതും അതുകൊണ്ട് തന്നെ ആണ്. പിന്നെ തലവെട്ടി കാലു വെട്ടി എന്ന് പറയുന്നവരോട്, ഇത് മുഴുവൻ ഡിജിറ്റൽ പെയ്ന്റിങ്ങ് ആണ്. പൾപ് ഫിക്​ഷന്റെ പോസ്റ്റർ വെബ് ക്വാളിറ്റി മാത്രം ഉള്ളതാണ്. ഞങ്ങൾക്ക് ഇത് പ്രിന്റ് ചെയ്യണമെങ്കിൽ അത് പോരാ. ഫിലിം പോസ്റ്റർ ചെയ്യുന്നവർക്ക് മനസ്സിലാകും. 

അതുകൊണ്ട് മുഴുവൻ ഫോട്ടോഷോപ്പിൽ ചെയ്ത് ഉണ്ടാക്കിയതാണ്. ചില ഇമേജുകൾ താഴെ ചേർക്കുന്നു. എല്ലാം തികഞ്ഞ ആൾക്കാർക്ക് മനസ്സിലാകുമോ എന്നറിയില്ല. വീണ്ടും പറയുന്നു. വളരെ ബോധപൂർവം ചെയ്ത ഒരു പോസ്റ്റർ തന്നെയാണ് ഇത്. The same pulp fiction ! 

രാഹുല്‍ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അസ്കർ അലിയും ബൈജുവുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്‍. സ്പൂഫ് ഗണത്തിൽപെടുന്ന ചിത്രമായിരിക്കും ജീം ബൂം ബാ. അഞ്ജു കുര്യന്‍, നേഹ സക്‌സേന, അനീഷ് ഗോപാല്‍, രാഹുല്‍ ആര്‍ നായര്‍ എന്നിവരാണ് മറ്റുതാരങ്ങൾ.