പ്രിയ പി. വാരിയരോടുള്ള ദേഷ്യം സിനിമയോട് തീർക്കരുതെന്ന് സംവിധായകൻ ഒമർ ലുലു. പ്രിയ മാത്രമല്ല സിനിമയിൽ ഉള്ളതെന്നും ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലൗവ്, അതിനെ പിന്തുണക്കണമെന്നും ഒമർ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
Omar | Freak Penne | Oru adaar love | Priya Varrier
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിന് ലഭിച്ച വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു ഒമർ. ‘സിനിമയ്ക്കു കാശുമുടക്കിയ നിർമാതാവിനുണ്ട് സ്വപ്നങ്ങൾ, കഴിഞ്ഞ ഒന്നരവർഷമായി ഞാൻ ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ.’
‘പ്രിയയോട് ഇഷ്ടമുള്ളവർ ഉണ്ടാകും അല്ലാത്തവർ ഉണ്ടാകും. നിങ്ങൾക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താൽ ഒരു സിനിമയെ കൊല്ലരുത്.’–ഒമർ ലുലു പറഞ്ഞു.
പാട്ട് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ പ്രിയയോടുള്ള ദേഷ്യംകൊണ്ടാണ് ഡിസ്‌ലൈക്ക് ചെയ്തതെന്നും കമന്റ് ചെയ്ത ആരാധകന് മറുപടി നൽകുക കൂടിയായിരുന്നു ഒമർ.
മാണിക്യമലരിനുശേഷം അഡാറ് ലൗവിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഫ്രീക്ക് പെണ്ണേ എന്ന ഈ ഗാനത്തിനു നേരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
മണിക്കൂറുകൾക്കുള്ളില്‍ പതിനേഴ് ലക്ഷം ആളുകൾ കണ്ട ഗാനത്തിന് രണ്ടുലക്ഷം ഡിസ്‌ലൈക്സ് ആണ് ലഭിച്ചത്.