സിനിമാ ലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാംപെയ്ൻ മലയാള സിനിമയിലേക്ക്. ടെസ് ജോസഫ് എന്ന ടെലിവിഷൻ സംവിധായികയാണ് നടൻ മുകേഷിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
പത്തൊൻപതു വർഷം മുമ്പു നടന്ന സംഭവമാണ് ടെസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മീ ടൂ ഇന്ത്യ, ടൈസ് അപ്, മീ ടൂ എന്നീ ഹാഷ് ടാഗുകൾ ചേർത്ത്, ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തൽ. കോടീശ്വരൻ എന്ന പരിപാടിയുടെ അണിയറപ്രവർത്തകയായിരുന്നു ടെസ്. തന്നെ ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് മുകേഷ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തന്റെ റൂം മാറ്റിയിരുന്നെന്നും ടെസ് ആരോപിക്കുന്നു.
തന്റെ ബോസ് ആണ് തന്നെ ഇതിൽ നിന്നു രക്ഷിച്ചതെന്നും ടെസ് പറയുന്നു. ‘ആ പരിപാടിയിലെ ഏക വനിതാ അംഗം ഞാനായിരുന്നു. ഒരു രാത്രി ഫോൺ കോളുകൾ നിലയ്ക്കാതെ വന്നപ്പോൾ എന്റെ സഹപ്രവർത്തകരിൽ ഒരാളുടെ റൂമില്‍ താമസിക്കേണ്ടി വന്നു. തന്റെ റൂം മാറ്റിയതെന്തിനെന്ന് ഹോട്ടൽ അധികൃതരോടു ചോദിച്ചപ്പോള്‍ മുകേഷ് പറഞ്ഞിട്ടാണ് മാറ്റിയതാെണന്നായിരുന്നു മറുപടി.’
ഇത് നടൻ മുകേഷ് തന്നെയാണോ എന്നൊരാൾ ട്വീറ്റിനു താഴെയായി ചോദിച്ചപ്പോൾ മുകേഷിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് അതെ എന്നു ടെസ് മറുപടി നൽകിയത്.
ബോളിവുഡിൽ മീ ടൂ ക്യാംപെയ്ൻ ശക്തമായി തുടങ്ങിയതിന്റെ തുടർച്ചയായാണ് മുകേഷിനെതിരെയും ആരോപണം ഉണ്ടായത്. പത്തു വർഷം മുമ്പ് നാനാ പടേക്കർ ഉപദ്രവിച്ചെന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്തയും ക്വീനിന്റെ സംവിധായകൻ വികാസ് ബാൽ അപമര്യാദയായി െപരുമാറിയെന്നു വെളിപ്പെടുത്തി കങ്കണ റണൗത്തും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.