ഈ വാശി കാണുമ്പോൾ വേദന തോന്നുന്നു: ശബരിമല വിഷയത്തിൽ ദേവി അജിത്ത്

ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടി ദേവി അജിത്ത്. ശബരിമലയിൽ പോകുവാനായി വാശി പിടിക്കുന്ന സ്ത്രീകളെക്കുറിച്ച് ഓർത്ത് വേദന തോന്നുവെന്നും ഈ വാശി മറ്റ് പല നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കൂ എന്നും ദേവി അജിത്ത് പറയുന്നു. എല്ലാ ദൈവങ്ങളും ഒന്നാണെന്നും എവിടെ നിന്ന് വിളിച്ചാലും അയ്യപ്പൻ വിളികേൾക്കുമെന്നും നടി പറയുന്നു.

ദേവി അജിത്തിന്റെ വാക്കുകൾ–

എന്റെ വീടിന്റെ അടുത്തുള്ള അമ്പലങ്ങളിൽ ഞാൻ പോകാറുണ്ട്. തിരുവനന്തപുരത്താണ് വീട്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മിക്കപ്പോഴും തന്നെ പോകും. കുട്ടിക്കാലം മുതലെ അങ്ങനെ തന്നെയാണ് തുടരുന്നത്. ദൈവം ഉണ്ടെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

എന്റെ വിഷമഘട്ടങ്ങളിൽ ദൈവം തന്നെയാണ് സഹായിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഞാനൊരു ഭക്തയാണ്. അമ്പലങ്ങളിൽ വെറുതെ പോകുന്നവർ ഉണ്ടോ എന്നറിയില്ല. ഞാൻ പറഞ്ഞുവരുന്നത് ഭക്തിയുടെ കാര്യമാണ്.

ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്. അതിന് ഭാഗ്യം കിട്ടിയിട്ടുള്ള കുട്ടിയാണ് ഞാൻ. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ എന്നെ ശബരിമലയിൽ കൊണ്ടുപോയത്. അയ്യപ്പന്റെ മുന്നിൽ നിൽക്കുമ്പോൾ നമുക്ക് കിട്ടുന്ന അനുഭൂതി, എല്ലാവരും പറയുന്നതുപോലെ കാണേണ്ട കാഴ്ച തന്നെയാണ്. അവിടെ നിന്നും വരാൻ പോലും തോന്നില്ല.

എന്തുകൊണ്ടാണ് അവിടെയൊരു നിയമം ഉണ്ടാക്കിയിരിക്കുന്നതും നമുക്ക് അറിയാം. എന്നാൽ അതിൽ എന്തിനാണ് ഇത്ര വാശി. എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ അയ്യപ്പനെ കാണണമെങ്കിൽ അടുത്തുള്ള അമ്പലങ്ങളില്‍ പോകാമല്ലോ? അല്ലെങ്കിൽ ആ പ്രായം വരുമ്പോൾ നിങ്ങൾക്ക് പോകാമല്ലോ, അതിന് ആരും തടസ്സം നിൽക്കുന്നില്ല. എന്നാൽ ഇപ്പോൾ തന്നെ പോകണമെന്ന് പറഞ്ഞ് വാശി പിടിക്കുന്നത് ഭക്തിയുടെ മാർഗമാണെന്ന് എനിക്ക് തോന്നുന്നില്ല.

ഭക്തി മാർഗമാണെങ്കിൽ ഇവിടെ മറ്റ് അമ്പലങ്ങളുണ്ട്. ദൈവങ്ങൾ എല്ലാം വിളികേൾക്കും, എല്ലാ ദൈവവും ഒന്നല്ലേ. ഇവിടെ നിന്നുവിളിച്ചാലും അയ്യപ്പൻ വിളി കേൾക്കും. ഭംഗി കാണാനാണോ അവിടേയ്ക്ക് പോകുന്നത്. ശുദ്ധമായ സ്ഥലമാണ്.

അവിടെ പോകുന്ന ഓരോരുത്തരും അയ്യപ്പന്മാരായാണ് പോകുന്നത്. വൃതമെടുത്ത് വൃത്തിയിലും വെടുപ്പിലുമാണ് അയ്യപ്പനെ കാണാൻ പോകുന്നത്. കഴിക്കുന്നതിൽ പോലും ശ്രദ്ധിച്ച് പ്രാർത്ഥനാനുഭൂതിയിലാണ് അവർ എത്തുന്നത്. അതൊരു പുണ്യകർമമാണ്.

ഇത് നമുക്ക് സ്ത്രീകൾക്ക് കഴിയില്ല എന്നത് എനിക്ക് മാത്രമല്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെ പോകാൻ കഴിയാത്ത സ്ഥലത്ത് എന്തിനാണ് ഇത്രയും വാശികാണിച്ച് പോണം എന്നുപറയുന്നത്. നിങ്ങൾ എന്നോട് ദേഷ്യപ്പെടുമായിരിക്കും, എനിക്ക് അതിനോട് യോജിക്കാൻ കഴിയില്ല. അതിൽ വേദനയുണ്ട്.

ഇതല്ല ശരിയായ മാർഗം, നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ കഴിയാത്തതാണോ വലിയ പ്രശ്നം. മറ്റ് എന്തൊക്കെ പ്രശ്നങ്ങൾ ഇവിടെ നടക്കുന്നുണ്ട്. എത്ര ചാരിറ്റി പ്രവർത്തനങ്ങൾ െചയ്യാം. ഫെമിനിസമാണോ എന്തിനാണ് ഈ കടുംപിടുത്തം. നിങ്ങൾ തന്നെ അത് വേണ്ടെന്ന് വെയ്ക്കണം.