കുറ്റാരോപിതർ ഇന്ത്യൻ സിനിമാലോകത്ത് സജീവമാകുന്നു എന്ന വാദത്തിന് മറുപടി നൽകി സിനിമാതാരം ഖുശ്ബു. സിനിമ നല്ലതാണെങ്കിൽ വിജയിക്കുമെന്നും ആരോപണങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കരുതെന്നുമാണ് ഖുശ്ബു പറയുന്നത്.
മീ ടു ആരോപണവിധേയനായ ഹോളിവുഡ് താരം കെവിൻ സ്പേസിയുടെ ചിത്രം വലിയ പരാജയമായിരുന്നു. എന്നാൽ അത് സിനിമ മോശമായതിനാലാണെന്ന് ഖുശ്ബു പ്രതികരിച്ചു.
രാമലീല വിജയമായതിനെക്കുറിച്ചും ഖുശ്ബുവിന് ചിലത് പറയാനുണ്ട്. രാമലീല നല്ല സിനിമയായതുകൊണ്ടാണ് അത് വിജയിച്ചത്. ആരോപണ വിധേയന്റെ ചിത്രമായതുകൊണ്ടല്ല. സ്ത്രീകൾക്ക് തുറന്നുപറയാനുള്ള വേദി നൽകുന്ന പോലെ ആരോപണവിധേയർക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നൽകണം. കുറ്റം തെളിയുന്നതുവരെ അയാൾ ആരോപിതൻ മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു.
സംഗീതസംവിധായകൻ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ആരോപണമുന്നയിച്ചപ്പോൾ ഖുശ്ബു നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. 40 വർഷത്തെ സിനിമാജീവിതത്തിനിടയിൽ ഇതുവരെ മീ ടു അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഖുശ്ബു പറഞ്ഞു. എന്തെങ്കിലും പറയണമല്ലോ എന്നുകരുതി വെളിപ്പെടുത്തലുകൾ നടത്തുന്ന സ്ത്രീകളെ ഓർത്ത് കഷ്ടം തോന്നുന്നുവെന്നും ഖുശ്ബു പ്രതികരിച്ചിരുന്നു.