Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയാണ് ആദ്യം പ്രപ്പോസ് ചെയ്തത്, ഞാൻ അപ്പോൾ തന്നെ ഓക്കെ: ജ്യോതിക

suriya-jyothika

തെന്നിന്ത്യൻ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകർക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തി. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്. സിനിമയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിലാണ് നോ പറയാൻ ശീലിച്ചതെന്നും ജ്യോതിക വ്യക്തമാക്കി. 

വിവാഹം എന്റെ വലിയ സന്തോഷം

എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വർഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റിൽ പോയി രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താൽപര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ രണ്ടാമതു ആലോചിക്കാതെ ഞാൻ പെട്ടന്നു തന്നെ സമ്മതം മൂളി. വീട്ടുകാർ കൂടി സമ്മതിച്ചപ്പോൾ അടുത്ത മാസം തന്നെ വിവാഹം നടത്താൻ ഞാൻ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്. 

Suriya Proposed First and Immediately I Said OK” | Jyotika

ചില സിനിമകളോട് നോ പറയാൻ പഠിക്കണം

ചില സിനിമകളോട് നോ പറയണം. അത് പറയാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. ആ സമയത്ത് അതൊരു വലിയ സിനിമ ആകാം. നമുക്ക് ബഹുമാനം ഇല്ലാത്ത വേഷമാണെങ്കിൽ അതിനോട് നോ പറയണം. എനിക്കറിയാം, അതൊരു വിഷമം പിടിച്ച തീരുമാനമാണ്. നിരവധി ചിത്രങ്ങളിൽ ഞാൻ അങ്ങനെ തീരുമാനിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അതൊരു ഭാഗ്യം കൂടിയാണ്. ബിഗ് ബജറ്റ് സിനിമകളിലെ അത്തരം അവസരങ്ങൾ ഞാൻ വേണ്ടെന്നു വച്ചിട്ടുണ്ട്. ഞാൻ പണത്തിനു വേണ്ടിയല്ല ജോലി ചെയ്യുന്നത്. കുഞ്ഞുങ്ങളെ വീട്ടിൽ വിട്ടിട്ടാണ് ഞാൻ പോകുന്നത്. ആ സമയം അത്രയും വിലപ്പെട്ടതാണ്. അങ്ങനെ ചെയ്യണമെങ്കിൽ അതിനുള്ള മൂല്യം അതിനുണ്ടാകണം. അത്തരം സിനിമകളാണ് ഞാൻ തെരഞ്ഞെടുക്കുന്നത്. 

കഥ പോലും കേൾക്കാതെ ചെയ്ത സിനിമകൾ

എന്റെ രണ്ടാമത് വരവിലാണ് ഞാൻ നോ പറയാൻ ശീലിച്ചു തുടങ്ങിയത്. ആദ്യം അങ്ങനെയായിരുന്നില്ല. കഥ പോലും കേൾക്കാതെ ഞാൻ കരാറിൽ ഒപ്പു വയ്ക്കും. പകുതി സിനിമകളുടെ മാത്രമേ ഞാൻ കഥ കേട്ടിട്ടുള്ളൂ. ഇപ്പോൾ സിനിമകൾക്ക് സമ്മതം മൂളുന്നതിന് മുൻപ് ആലോചിക്കും. പ്രേക്ഷകരുടെ പ്രതീക്ഷ എന്താണ്? ഒരു സ്ത്രീ എന്ന നിലയിൽ ഏതൊക്കെ തരത്തിലുള്ള വേഷം  ഞാൻ ചെയ്യണം? സ്ത്രീകൾക്ക് അഭിമാനം തോന്നുന്ന വേഷങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 

ഞാനും അത്തരം തെറ്റുകൾ ചെയ്തിട്ടുണ്ട്

ചില സിനിമകൾ കാണുമ്പോൾ അതിലെ നായികമാർ ചെയ്യുന്നത് എനിക്ക് ഇഷ്ടമാകാറില്ല. ഞാനും അത്തരം തെറ്റുകൾ ചെയ്തിട്ടുണ്ട്. എന്റെ ആദ്യ ഇന്നിംഗ്സിൽ അതുപോലുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ പക്ഷേ ഒരുപാടു കാര്യങ്ങൾ സ്ത്രീകൾക്കിടയിൽ സംഭവിക്കുന്നു. പത്തു വർഷം മുൻപ് കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. നമ്മൾ കുറച്ചു കൂടെ സാമൂഹിക ഉത്തരവാദിത്തം ഉള്ളവരാകണം. എന്തിനാണ് സ്ത്രീകളെ ഇങ്ങനെ പ്രദർശിപ്പിക്കുന്നതെന്ന്, സിനിമയിൽ നിന്ന് പുറത്തു നിന്നു നോക്കുമ്പോഴാണ് എനിക്ക് ചിന്തിക്കാൻ കഴിഞ്ഞത്. 

സംവിധായകന്റെ അമ്മ, മകൾ, പെങ്ങൾ, ഭാര്യ ഇവരൊക്കെ ഇതുപോലെയാണോ വീട്ടിൽ ഇരിക്കുന്നത്? എന്ത് ആലോചിച്ചിട്ടാണ്, ഒരു സംഭാഷണം പോലുമില്ലാതെ, ഇന്റലിജെൻസ് ഇല്ലാതെ വെറുതെ സ്ത്രീ കഥാപാത്രങ്ങൾ വന്നു പോകുന്നതായി കാണിക്കുന്നത്? ഇതൊക്കെ എന്റെ മനസിൽ ഉണ്ട്. എനിക്ക് പടങ്ങൾ വരുമ്പോൾ ഞാനിപ്പോൾ അതാണ് ആദ്യം നോക്കുക. ഈ കഥാപാത്രത്തിന് ആഴമുണ്ടോ? ഈ കഥാപാത്രത്തെ സ്ത്രീകൾ ഇഷ്ടപ്പെടുമോ എന്ന്. 

ഇപ്പോഴാണ് ആശയക്കുഴപ്പം

ഇപ്പോൾ ഞാൻ ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ വർഷം പോലും എനിക്കിത്ര സിനിമയില്ല. 36 വയതിനിലെ എന്ന ചിത്രത്തിനു ശേഷം ഒരു വർഷം കഴിഞ്ഞാണ് മഗിളർ മട്ടും വന്നത്. ഒരോ വർഷവും ഒരു ചിത്രം എന്ന നിലയിലാണ് പോയിക്കൊണ്ടിരുന്നത്. നാചിയാർ എന്ന സിനിമയ്ക്കു ശേഷം എനിക്ക് നിരവധി അവസരങ്ങൾ വരുന്നു. ഇപ്പോഴാണ് എനിക്ക് ആശയക്കുഴപ്പങ്ങളുണ്ടാകുന്ന ഘട്ടം. ഞാൻ രണ്ടു സിനിമകൾ ഒപ്പു വച്ചിട്ടുണ്ട്. എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ചിത്രങ്ങൾ ഇതാകുമെന്നാണ് ഞാൻ കരുതുന്നത്. രണ്ടും പുതിയ സംവിധായകരാണ്. 

ഭക്ഷണമേശയിലാണ് വിമർശനങ്ങൾ വരിക

കുടുംബത്തിലെ എല്ലാവരും സിനിമയെക്കുറിച്ച് അഭിപ്രായങ്ങൾ പറയും. ഡൈനിംഗ് ടേബിളാണ് അതിനുള്ള ഇടം. മേശയ്ക്കു ചുറ്റുമിരുന്ന് എല്ലാവരും സംസാരിക്കും. ഉള്ള കാര്യങ്ങൾ അതുപോലെ തുറന്നു പറയും. വളരെ മനോഹരമായ ഇഴയടുപ്പങ്ങളാണ് അത്. എല്ലാവരും സിനിമയിലുണ്ട്. എല്ലാവർക്കും പറയാൻ നിർദേശങ്ങളുണ്ടാകും. 

സൂര്യ ആ ചിത്രം ഏറ്റെടുക്കും

എനിക്ക് ഇത്തരത്തിൽ വേഷങ്ങൾ വരുന്നതു കണ്ടിട്ട് ഞങ്ങൾ രണ്ടുപേർക്കും വലിയ അൽഭുതമാണ്. സൂര്യ വളരെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. നിർമാതാവിന്റെ കാര്യം എന്തെങ്കിലും പറയുന്നതിനെ മുൻപെ, സൂര്യ പറയും ഈ ചിത്രം റ്റുഡി എന്റർടെയ്ൻമെന്റ്സ് വിതരണം ചെയ്യാമെന്ന്. ചിത്രത്തിന്റെ പബ്ലിസിറ്റി അദ്ദേഹം തന്നെ ഏറ്റെടുക്കും. എന്നെ ഏറ്റവും നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഒരു ചിത്രം ചെയ്യുന്നതും അതു റിലീസ് ചെയ്യുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. റിലീസിംഗ് വലിയൊരു ജോലിയാണ്.  ഞാൻ ചെയ്യുന്നത് ചെറിയ പടങ്ങളാണ്. ഓരോ ആഴ്ചയും അത്തരത്തിൽ ഒരു പക്ഷേ, പത്തു സിനിമകളാവും ഇറങ്ങുക. സൂര്യ ഞങ്ങൾക്കു പിന്തുണ നൽകി കരുത്തായി നിൽക്കും. റിലീസിങ്ങിന്റെ സമയത്ത് സൂര്യയുടെ മുഴുവൻ പിന്തുണയും എനിക്കുണ്ട്. അതു തുറന്നു പറയുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. എന്റെ ഇത്തരം കാര്യങ്ങൾ അദ്ദേഹത്തിനും സന്തോഷമാണ്. ഈ അവസരങ്ങളിൽ ഞങ്ങൾക്കിരുവർക്കും അത്ഭുതമാണ്. സന്തോഷമാണ്. എല്ലാ കാര്യത്തിലും ഞങ്ങളൊരുമിച്ചാണ്. 

സിനിമയിൽ സ്ത്രീകൾക്ക് പിൻസീറ്റ്

നമുക്ക് സ്വയം നമ്മോടു ആദരവ് തോന്നണം. അതാണ് ഞാൻ പഠിച്ച വലിയ പാഠം. സിനിമയിൽ സ്ത്രീകൾക്ക് പിൻസീറ്റാണ് കൊടുക്കുന്നത്. ഞാൻ സിനിമയിൽ നിന്നായതുകൊണ്ടാണ് സിനിമയിലെ കാര്യങ്ങൾ പറയുന്നത്. നമ്മൾ ആദ്യം നമ്മെ തന്നെ ബഹുമാനിക്കണം. എനിക്ക് അഭിനയിക്കാൻ അറിയാം. നല്ല കഥാപാത്രങ്ങൾ നൽകിയാലേ ഞാൻ അഭിനയിക്കുന്നുള്ളൂ. അല്ലെങ്കിൽ ഞാൻ വീട്ടിലിരുന്നോളാം. നമ്മിലൊരു അഭിമാനബോധം വന്നാൽ എല്ലാം ശരിയായി തന്നെ സംഭവിക്കും. 'ആ ചിത്രം നഷ്ടപ്പെടും, അവർക്ക് ദേഷ്യം വരും, അവർ ഇനി എന്നെ സമീപിക്കില്ല' എന്നൊക്കെയുള്ള ഭയമാണ് എല്ലാവർക്കും. അത് സ്വാഭാവികമാണ്. അതെല്ലാം ഒരു വശത്തേക്ക് മാറ്റി വയ്ക്കൂ. ആത്മവിശ്വാസത്തോടെ ഇരിക്കൂ. ഇത് ഞാൻ പഠിച്ച വലിയ പാഠമാണ്

ഇടവേളകൾ പ്രശ്നമല്ല, സിനിമ എന്റെ പേരിൽ ഓടണം

ശരിയാണ്, സിനിമയിൽ വലിയ ഇടവേളകൾ സംഭവിക്കാം. എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. 36 വയതിനിലെ എന്ന ചിത്രത്തിനു ശേഷം ഞാൻ വെറുതെ ഇരുന്നു. എന്നാൽ അതിനു ശേഷം നാചിയാർ വന്നു. മണിരത്നത്തിന്റെ സിനിമ വന്നു. ഇപ്പോൾ നിറയെ സിനിമകൾ വരുന്നു. എല്ലാ കാര്യങ്ങളും നമുക്ക് തീരുമാനിച്ചുറപ്പിച്ച് ചെയ്യാൻ കഴിയില്ല. ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമായെന്നു പറയുന്നതിനെക്കാൾ ഈ ചിത്രം എന്റെ പേരിൽ ഓടി എന്നു പറയുന്നതിലാണ് എന്റെ സന്തോഷം. ഇതൊക്കെ മനസിൽ വച്ചാണ് ഞാനിപ്പോൾ സിനിമ ചെയ്യുന്നത്. 

ഒരു കോമഡി പടം ചെയ്യണം

തമാശ പടം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഉർവശിയൊക്കെ ചെയ്തിട്ടുള്ളതു പോലെ മുഴുനീളൻ കോമഡി കഥാപാത്രം. എനിക്കിഷ്ടമുള്ള ഒരു മേഖലയാണിത്. അതെനിക്ക് നന്നായി ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത്തരത്തിലൊരു വേഷം ഞാനിതു വരെ ചെയ്തിട്ടില്ല.