തമിഴ് നടന്‍ വിഷ്ണു വിശാല്‍ വിവാഹമോചിതനായി. താരം നായകനായ രാക്ഷസൻ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴാണ് ഈ വിവാഹമോചന വാർത്ത പുറത്തുവരുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ വിഷ്ണു വിശാൽ തന്നെയാണ് തന്റെ വിവാഹ മോചന വാർത്ത ആരാധകരെ അറിയിച്ചത്. ‘ഞാനും രജിനിയും ഒരു വർഷമായി വേർപിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോൾ ഞങ്ങൾ നിയമപരമായി വിവാഹമോചിതരായ കാര്യം അറിയിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്കൊരു മകനുണ്ട്. അവന് ഞങ്ങൾ എന്നും രക്ഷിതാക്കളായിരിക്കും. എന്നും അവന് നല്ലത് മാത്രം നൽകുകയെന്നതായിരിക്കും ഞങ്ങളുടെ പ്രഥമ പരിഗണന– വിശാൽ ട്വിറ്ററിൽ കുറിച്ചു.
‘ഒരുമിച്ച് മനോഹരമായ കുറെ വർഷങ്ങൾ ചെലവഴിച്ചു. ഇനിയും നല്ല സുഹൃത്തുക്കളായി തുടരും. ഞങ്ങളുടെ കുടുംബത്തെയും കുഞ്ഞിനെയും കരുതി ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക.–വിഷ്ണു വിശാൽ കുറിച്ചു.
2011 ലായിരുന്ന ഇവരുടെ വിവാഹം. വെണ്ണിലാ കബഡികൂട്ടം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തെത്തുന്നത്. ദ്രോഹി, ജീവ, ഇൻഡ്രുനേട്രു നാളൈ എന്നിവയാണ് മറ്റുപ്രധാനചിത്രങ്ങൾ. രാംകുമാർ സംവിധാനം ചെയ്ത രാക്ഷസൻ വിഷ്ണുവിന്റെ കരിയറിലെ വഴിത്തിരിവായ സിനിമയായി മാറുകയാണ്. അടുത്തവർഷം മൂന്നു ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.