നടൻ ശബരീഷ് വർമ വിവാഹിതനായി; വധു പ്രേമം സിനിമയുടെ അണിയറപ്രവർത്തക

പ്രേമം സിനിമയിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ ശബരീഷ് വർമ വിവാഹിതനായി. പ്രേമം സിനിമയുടെ തന്നെ അസോഷ്യേറ്റ് ആര്‍ട്  ഡയറക്ടറായിരുന്ന അശ്വിനി കെയ്ൽ ആണ് വധു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടേതും റജിസ്റ്റർ വിവാഹമാണ്.

വിവാഹശേഷം ഞായറാഴ്ച കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. ആസിഫ് അലി, വിനയ് ഫോർട്ട് അടക്കമുളള താരങ്ങൾ ചടങ്ങിനെത്തി.

പ്രേമത്തിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ശബരീഷ് അഭിനേതാവും ഗാന രചയിതാവുമാണ്. നേരം സിനിമയിലെ  രാജേഷ് മുരുകേശന്‍െറ സംഗീതസംവിധാനത്തില്‍ ശബരീഷ് വര്‍മ പാടിയ പിസ്ത ഗാനം തരംഗമായിരുന്നു.

സൗണ്ട് എന്‍ജിനീയറായി നിരവധി ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശബരീഷ് പ്രേമം കൂടാതെ നാം, തൊബാമ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്ത ലഡു, മൊഹ്സിന്‍ കാസിമിന്റെ  ചിത്രം എന്നിവയാണ് ശബരീഷിന്റെ പുതിയ പ്രോജക്ടുകൾ.