നിത്യഹരിത നായകൻ എന്ന ചിത്രത്തിലൂടെ നിർമാതാവായിരിക്കുകയാണ് ധർമജൻ. ഈ ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്തതുമുതൽ ധർമജൻ നേരിടേണ്ടി വന്ന ചോദ്യങ്ങളുണ്ട്. ധർമജൻ എങ്ങനെ നിർമാതാവായി, ഇതിനും മാത്രം പൈസ ചേട്ടന്റെ കയ്യിൽ ഉണ്ടോ, ഈ പൈസ ദിലീപ് ഇറക്കുന്നതാണോ എന്നൊക്കെ. ഇതിനൊക്കെ മറുപടിയുമായി ധർമജൻ തന്നെ രംഗത്തുവന്നു.
‘ഇതുപോലുള്ള ചോദ്യങ്ങൾ എന്നോട് നിരവധി ആളുകൾ ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ സിനിമകളുടെ നിർമാതാവ്, ധർമജൻ ഒരു ബിനാമിയാണോ എന്നൊക്കെ. ഒരിക്കലും അല്ല കേട്ടോ, ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാൻ പോലും വഴിയില്ല. നിർമാതാവായത് വലിയ കാശായതുകൊണ്ടൊന്നുമല്ല. രണ്ടു നല്ല സുഹൃത്തുക്കൾ കാശുമുടക്കാൻ വന്നു, ഒപ്പം ഞാനും കാശുമുടക്കി. കാശുമുടക്കാത്ത നിർമാതാവല്ല, നല്ല വേദനയുള്ള നിർമാതാവാണ്. സിനിമ നിങ്ങൾ കണ്ട് തിയറ്ററിൽ പോയി വിജയപ്പിച്ചാലേ എനിക്കു മുടക്കിയ കാശ് തിരിച്ചുകിട്ടൂ.
ഇനിയൊരു സിനിമ ചെയ്യണമെങ്കിൽ നിങ്ങൾ തരുന്ന പ്രോത്സാഹനത്തിലൂടെയേ കഴിയൂ. ഞാൻ വലിയ കോടീശ്വരനാകാൻ വേണ്ടിയൊന്നുമല്ല സിനിമ നിർമിച്ചത്. ഇനിയും നല്ല സിനിമകളുമായി മുന്നോട്ടുവരാൻ വേണ്ടിയാണ്.
ഒരു നല്ല സിനിമ നടക്കാതെ പോകരുത് എന്ന ചിന്തയിലാണ് ഈ സിനിമ നിർമിക്കാൻ തീരുമാനിക്കുന്നത്. ഞാനൊരു കോടീശ്വരന്റെ മകനനൊന്നുമല്ല. സിനിമയിൽനിന്നും മിമിക്രിയിൽനിന്നും സമ്പാദിച്ച പൈസയാണ് എന്റെ കയ്യിൽ ഉള്ളത്. മാത്രമല്ല, ഇതുവലിയ ബജറ്റ് വേണ്ടിവരുന്ന സിനിമയും അല്ലായിരുന്നു. നിർമാതാവ് എന്ന നിലയിൽ എനിക്ക് ടെൻഷനൊന്നും ഇല്ലായിരുന്നു, എന്നേക്കാൾ ചിലപ്പോൾ സംവിധായകനാകും കൂടുതൽ ടെൻഷന്‍ അടിച്ചത്.’– ധർമജൻ പറഞ്ഞു.
നിർമാതാവായ ആദ്യ ചിത്രത്തിൽ പിഷാരടിയെ നായകനാക്കാത്തതിനു എന്തുകൊണ്ടെന്ന ചോദ്യത്തിന് ധർമജന്റെ ഉത്തരം. - ‘ ഞാൻ ഉണ്ടാക്കിയ കാശ് എനിക്കു നശിപ്പിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ്.’