ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകർപ്പിനായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഉൾപ്പടെയുള്ള കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശം ഉണ്ടെന്ന് കാണിച്ചാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

നേരത്തെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹര്‍ജികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട് എന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ കോടതിയിലും ഹൈക്കോടതിയിലും സ്വീകരിച്ച നിലപാട്. ഇതേ നിലപാട് തന്നെ സുപ്രീം കോടതിയിലും ദിലീപിന്റെ അഭിഭാഷകര്‍ സ്വീകരിക്കും എന്നാണ് സൂചന. എന്നാല്‍ ദൃശങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ഒരു കാരണ വശാലും ദിലീപിന് കൈമാറാന്‍ കഴിയില്ല എന്ന നിലപാട് ആണ് അന്വേഷണ ഉദ്യോഗസ്ഥരുടേത്.

ദിലീപിന്റെ ഹര്‍ജി ക്രിസ്മസ് അവധിക്ക് പിരിയുന്നതിന് മുമ്പ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുമെന്നാണ് സൂചന. മുന്‍ അറ്റോര്‍ണി ജനറലും സീനിയര്‍ അഭിഭാഷകനും ആയ മുകുള്‍ റോത്തഗി ആണ് ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകുക. നേരത്തെ റോത്തഗിയെ കേരള ഹൈക്കോടതിയില്‍ ഹാജരാക്കാനും ദിലീപ് ശ്രമിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ ചില അസൗകര്യം കാരണം മുകുള്‍ റോത്തഗിക്ക് കൊച്ചിയില്‍ ഹാജര്‍ ആകാന്‍ സാധിച്ചിരുന്നില്ല.