പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ എത്തി. പ്രണവിന്റെ സ്റ്റൈലിഷ് ഗെറ്റപ്പ് ആണ് ടീസറിന്റെ പ്രധാന ആകർഷണം. ആക്‌ഷനും മാസുമായി തികഞ്ഞ എന്റർടെയ്നറാകും ഇരുപത്തിയൊന്നാം നൂറ്റാണെന്ന് ടീസറിൽനിന്നു വ്യക്തം.
സ്ഫടികത്തിലെ മോഹൻലാലിന്റെ ശ്രദ്ധേമായ ഡയലോഗും പ്രണവ് ചിത്രത്തിൽ പുനവതരിപ്പിക്കുന്നുണ്ട്. ദുൽഖര്‍ സൽമാൻ ആണ് ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്. ‘എന്റെ ബേബി ബ്രൊ പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസർ സന്തോഷത്തോടും സ്നേഹത്തോടും കൂടി ഞാൻ റിലീസ് ചെയ്യുന്നു. ഈ ചിത്രവും അവന്റെ പുതിയൊരു പൊൻതൂവലായി മാറട്ടെ’ - ടീസര്‍ പങ്കുവെച്ച ശേഷം ദുൽഖര്‍ കുറിച്ചു.
ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം വൻമുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റർ ഹെയ്‍ന്‍ ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി ഇന്തൊനീഷ്യയിലെ ബാലിയില്‍ ഒരു മാസത്തോളം താമസിച്ചു സര്‍ഫിങ് പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായത്. പുതുമുഖ നടി റേച്ചല്‍ ആണ് നായിക.
മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്‌ഷന് ഒപ്പം റൊമാൻസിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.