മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരാണ് നിത്യ ദാസും നവ്യാ നായരും. വർഷങ്ങൾക്കിപ്പുറം ഇരുവരും ഒരുമിച്ച് അതിഥികളായി എത്തുകയാണ് മഴവിൽ മനോരമയുടെ ‘ഒന്നും ഒന്നും മൂന്ന്’ വേദിയിൽ. പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവച്ചും പ്രേക്ഷകരെ കൈയിലെടുത്തു ഇരുവരും.
വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിന്ന നിത്യ രണ്ടു കുട്ടികളുടെ അമ്മയാണിപ്പോൾ. നയന എന്ന മകളും ആറു മാസം പ്രായമുള്ള മകനുമൊത്താണ് നിത്യ ഒന്നും ഒന്നും മൂന്ന് വേദിയിൽ എത്തിയത്. കുടുംബവുമൊത്ത് കോഴിക്കോടാണ് ഇപ്പോൾ താമസം. പഞ്ചാബ് സ്വദേശിയും എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് (വിക്കി) ആണ് നിത്യയുടെ ഭർത്താവ്. ഫ്ലൈറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ആ കഥയും നിത്യ പങ്കുവച്ചു.
‘വി.എം വിനു സാറും രഞ്ജിത്ത് ഏട്ടനുമാണ് ഞങ്ങളുടെ ബന്ധം തുടങ്ങിത്തന്നതെന്നു പറയാം. എന്റെ പ്രണയകഥ കേട്ടാൽ ചിലപ്പോൾ അവർ തകർന്നുപോകുമായിരിക്കും. എന്നാലും ഞാൻ പറയും.
ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്കു ഫ്ലൈറ്റിൽ വരുകയാണ്. ചേട്ടൻ ആ ഫ്ലൈറ്റിലെ സ്റ്റാഫ് ആണ്. ഫ്ലൈറ്റിൽ വിനു സാറും രഞ്ജിത്ത് ഏട്ടനും എനിക്കൊപ്പം ഉണ്ട്. ഈ ഫ്ലൈറ്റിൽ കാണാൻ നല്ല പെണ്ണുങ്ങളൊന്നും ഇല്ലെന്നും ഒക്കെ വയസ്സായവരാണെന്നും അവർ കമന്റ് അടിക്കുന്നുണ്ടായിരുന്നു.
അപ്പോൾ ഞാൻ പറഞ്ഞു: ‘എന്തിനാണ് പെണ്ണുങ്ങളെ നോക്കുന്നത്,ദേ ആ നിൽക്കുന്ന പയ്യൻ എത്ര സുന്ദരനാണെന്നു നോക്കൂ, അവനെ നോക്കൂ.’ അപ്പോൾത്തന്നെ രഞ്ജിത്ത് ഏട്ടൻ അത് കേറിപ്പിടിച്ചു, ‘നിനക്ക് അവൻ സുന്ദരനായാണോ തോന്നുന്നത്’ എന്നു ചോദിച്ചു. അതെയെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.
ഉടൻ രഞ്ജിത്ത് ഏട്ടൻ അദ്ദേഹത്തെ അടുത്തേക്കു വിളിച്ച്, ഇവൾക്കു നിങ്ങളുടെ പേര് അറിയാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഇങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിക്കുന്നേ ഇല്ല. നമ്മൾ വളരെ ഡീസന്റ് ആയി ഇങ്ങനെ ഇരിക്കുകയല്ലേ? രഞ്ജിത്തേട്ടന്റെ ചോദ്യം കേട്ട് ‘താങ്കൾക്ക് എന്റെ പേര് അറിയണമോ’ എന്ന് അദ്ദേഹം ചോദിച്ചു. വേണ്ടെന്നു ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആ സംഭവം കഴിഞ്ഞു.
അതിനുശേഷം ഇരുപതോളം തവണ ചെന്നൈ–കോഴിക്കോട് ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ട്. ആ ഇരുപതു പ്രാവശ്യവും ചേട്ടൻ തന്നെയായിരുന്നു കാബിൻ ക്രൂ. അങ്ങനെ പരിചയമായി, പിന്നീട് വിവാഹത്തിലേക്ക് എത്തി. പ്രണയത്തിന് ഭാഷയില്ല എന്നുപറയുന്നതുപോലെയായിരുന്നു എന്റെ ജീവിതം. ഞങ്ങളുടെ വിവാഹം ഗുരുവായൂരു വച്ചായിരുന്നു. അത് ഞങ്ങളുടെ പ്രാർഥനയായിരുന്നു’.–നിത്യ പറഞ്ഞു.
പെണ്ണുകാണൽ വിശേഷമാണ് നവ്യ നായർ പരിപാടിയിൽ പങ്കുവെച്ചത്. ‘പെണ്ണുകാണാൻ വരുന്ന സമയത്ത് എന്റെ ഒരു സിനിമ പോലും സന്തോഷ് ചേട്ടൻ കണ്ടിട്ടില്ലായിരുന്നു. പെണ്ണുകാണൽ കഴിഞ്ഞുള്ള സമയത്ത് അദ്ദേഹം എല്ലാ സിനിമയും കണ്ടുതീർത്തു. മോഹൻലാലിന്റെ ആരാധകനാണെന്ന് പെണ്ണുകാണൽ സമയത്തു പറഞ്ഞു. അപ്പോൾ എനിക്കും സന്തോഷമായി. സിനിമ ഇഷ്ടമല്ലാത്തൊരാൾക്ക് ആരാധകനാകാൻ കഴിയില്ലല്ലോ?. അങ്ങനെ കല്യാണം കഴിഞ്ഞു. ആ സമയത്താണ് മണിരത്നം സാറിന്റെ ഒരു സിനിമ റിലീസ് ആകുന്നത്. എനിക്ക് ആണെങ്കിൽ സിനിമ റിലീസ് ആയാൽ അത് ആദ്യ ദിവസമോ രണ്ടാം ദിവസമോ കാണണം.
റിലീസ് ദിവസം പോകാമെന്ന് ഞാൻ സന്തോഷ് ചേട്ടനോട് പറഞ്ഞു, അദ്ദേഹം അടുത്ത ആഴ്ച പോകാമെന്നാണ് പറഞ്ഞത്. പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യയായതിനാൽ ഞാനും ഓക്കെ പറഞ്ഞു. അങ്ങനെ അടുത്ത ആഴ്ചയായി, ആഴ്ചകൾ കടന്നുപോയി. അദ്ദേഹം അടുത്ത ആഴ്ചയെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ എനിക്ക് സംശയമായി, ‘സന്തോഷേട്ടൻ അവസാനമായി കണ്ട സിനിമ ഏതെന്ന്’ ഞാൻ ചോദിച്ചു.
കിലുക്കമാണ് അദ്ദേഹം അവസാനം തിയറ്ററിൽ കണ്ട സിനിമ. അതോടെ സന്തോഷേട്ടന് മലയാളസിനിമയെക്കുറിച്ചുള്ള ‘വിവരം’ എത്രമാത്രമാണെന്ന് മനസ്സിലായി. എന്റെ സിനിമകളും കാണാനുള്ള മടികൊണ്ട് സിഡി വാങ്ങി ഓടിച്ചു വിട്ടു കാണുകയായിരുന്നു.’– നവ്യ പറഞ്ഞു.
'നന്ദന'ത്തിലെ ‘കാർമുകിൽ വർണന്റെ ചുണ്ടിൽ’ എന്ന ഗാനം ചിത്രീകരിക്കുന്ന സമയത്തെ രസകരമായ അനുഭവങ്ങളും നവ്യ പങ്കുവച്ചു. നവ്യയുടെ വാക്കുകൾ ഇങ്ങനെ: ‘കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന പാട്ട് എടുക്കുമ്പോൾ ആ ഫ്രെയിമിൽത്തന്നെ ഒരു മാവു കാണാം. അതിൽ നിറയെ മാങ്ങയായിരുന്നു. ഞാൻ അതു മുറിച്ച് ഉപ്പും മുളകുപൊടിയും ചേർത്ത് ഒരു പാത്രത്തിൽ വച്ചിരിക്കുകയായിരുന്നു. ഒരു ഷോട്ടെടുക്കും, ഞാൻ ഒരു കഷ്ണം മാങ്ങ കഴിക്കും. അങ്ങനെയായിരുന്നു ആ പാട്ടു മുഴുവൻ ചിത്രീകരിച്ചത്.’
അടുത്തിടെ നവ്യയുടെതായി റിലീസ് ചെയ്ത 'ചിന്നൻചിറുകിളിയെ' എന്ന ആൽബത്തിലെ ഏതാനും രംഗങ്ങളും നവ്യ ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ അവതരിപ്പിച്ചു. പ്രശസ്ത തമിഴ് കവി ഭാരതിയാറിന്റെ 'ചിന്നൻചിറുകിളിയെ' എന്ന കവിതയുടെ ഭരതനാട്യരൂപമാണ് നവ്യ ആൽബം രൂപത്തിൽ ആരാധകരിലേക്ക് എത്തിച്ചത്. മികച്ച പ്രതികരണം നേടിയിരുന്നു ഈ വിഡിയോ.