തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ തുറന്ന പോര്. സംഘടനയുടെ പ്രസിഡന്റ് വിശാലിനെ എതിർക്കുന്ന വിഭാഗം ടി നഗറിലെ സംഘടനാ ഓഫിസ് പൂട്ടി. പൂട്ട് തുറക്കാനെത്തിയ വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
നിർമാതാവ് എ.എൽ. അഴഗപ്പന്റെ നേതൃത്വത്തിൽ രാവിലെയാണ് 300–ഒാളം ആളുകൾ പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ ഒാഫിസ് പൂട്ടിയത്. ‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഭാരവാഹികളെ ഒാഫിസിനകത്തേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിക്കുന്നില്ല. ചോദ്യം ചെയ്താൽ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്യുന്നത്’ വിശാൽ പറഞ്ഞു. സംഘടനയിൽ അംഗത്വമില്ലാത്തവരാണ് ഒാഫിസ് പൂട്ടിയതെന്നും പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംവിധായകൻ ഭാരതി രാജയുടെ നേതൃത്വത്തിൽ എതിർവിഭാഗം മുഖ്യമന്ത്രിയെ കണ്ടു. വിശാൽ ഏഴുകോടിയുടെ അഴിമതി നടത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. വിശാലിന്റെ രാജിയാണ് എതിർപക്ഷത്തിന്റെ ആവശ്യം.