ചതിച്ചവർ കരുതിയില്ല ഞാൻ രക്ഷപ്പെടുമെന്ന്: ജോജു ജോർജ്

‘നിങ്ങൾ ഒരു നടനാവണം എന്ന് കരുതിയിട്ടുണ്ടെങ്കിൽ നിങ്ങളായിരിക്കും..’ ബെസ്റ്റ് ആക്ടർ എന്ന സിനിമയിലെ ഇൗ വാചകം അവസരം തേടി നടക്കുന്ന ഏതൊരു സിനിമാമോഹിയുടെയും പ്രചോദനമാണ്. ജോജു ജോർജിന്റെ ജീവിതത്തോടും ഇൗ വാചകം ചേർത്തുവയ്ക്കാം. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി ഇന്ന് നായകനും നിർമാതാവുമായി മലയാള സിനിമയിൽ നിറയുന്ന ജോജു മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ ജീവിതം പറഞ്ഞപ്പോൾ പ്രേക്ഷകനും പുതിയ അനുഭവമായി... 

സിനിമാഭ്രാന്ത് മൂത്തപ്പോൾ സൈകാട്രിസ്റ്റിനെ കണ്ടു

ചെറുപ്പം മുതൽ തന്നെ സിനിമാനടനാകണമെന്ന് ഒരുപാട് ആഗ്രഹിക്കുകയും അതിന്റെ പിന്നാലെ നടക്കുകയും ചെയ്ത ആളാണ് ഞാൻ.  സിനിമാഷൂട്ടിങ്ങ് ഉണ്ടെന്നറിഞ്ഞ് പരീക്ഷ എഴുതാതെ ജൂനിയർ ആർട്ടിസ്റ്റാകാൻ പോയ സംഭവമുണ്ട്. ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുന്ന സമയത്തും ക്ലാസിൽ ഒന്നും കയറാതെ മിമിക്രി വേദികളിൽ പോയിട്ടുണ്ട്. അവസാനം കോഴ്സ് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ഗോവയിൽ ഒരു മാസം ഇന്റൺഷിപ്പ് പോലെ ചെയ്യണമായിരുന്നു. ഗോവയിലേക്കുള്ള ട്രെയിൻ നോക്കി റെയിൽവെസ്റ്റേഷനിൽ നിന്നപ്പോഴാണ് എന്റെ മുമ്പിലേക്ക് നമ്പർ 20 മദ്രാസ് മെയിൽ വന്നുനിൽക്കുന്നത്.  വണ്ടി കണ്ടപ്പോൾ മലയാളത്തിലെ പ്രമുഖതാരങ്ങളൊക്കെ ഇതിൽ കയറിയായിരിക്കുമല്ലോ ചെന്നൈയിൽ എത്തിയിരിക്കുക എന്ന ചിന്തയിൽ ഗോവയിൽ പോകുന്നതിന് പകരം ചെന്നൈയിലേക്കാണ് പോയത്. കൈയിലെ കാശൊക്കെ തീർന്ന് കോഴ്സും പൂർത്തിയാക്കാതെ തിരികെ വന്നത് മിച്ചം.

ആ കാലഘട്ടത്തിൽ എളുപ്പത്തിൽ പൈസ ഉണ്ടാക്കണമെന്ന വിചാരവും ഉണ്ടായിരുന്നു. അങ്ങനെ ഒരാൾ അന്ന് പറ്റിച്ചു, നാഗമാണിക്യത്തിന്റെ ബിസിനസ്സ് ആയിരുന്നു. നൂറുകോടി, ഇരുന്നൂറുകോടി എന്നൊക്കെയായിരുന്നു വാഗ്ദാനം. ഇയാള് പറഞ്ഞ വാക്കുകളൊക്കെ ഞാൻ വിശ്വസിച്ചു. കുറേ പൈസ അവിടുന്നു ഇവിടെനിന്നുമൊക്കെ ഒപ്പിച്ചു, പെങ്ങളുടെ സ്വർണവളയും ഊരി വിറ്റു. സലിം കുമാറിന്റെ ഡയലോഗ് പോലെ ‘എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയായിരുന്നു എനിക്ക്. കാരണം സിനിമയിൽ നടന്ന് നടന്ന് ചാൻസ് ഒന്നും ലഭിക്കുന്നില്ല. ആ സാഹചര്യത്തിലാണ് പറ്റിക്കപ്പെടുന്നതും.

പത്തുവർഷത്തോളം ഞാൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. എട്ടുവർഷത്തോളം ചെറിയ വേഷങ്ങളൊക്കെ ചെയ്ത് പതുക്കെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. എല്ലാം ശരിയാകും നല്ല ഒരു വേഷം കിട്ടുമെന്ന പ്രതീക്ഷ ഞാൻ എന്റെ വീട്ടുകാർക്ക് കൊടുത്തുകൊണ്ടേയിരുന്നു. പക്ഷെ ഞാൻ ഡയലോഗുകൾ പറയുമ്പോൾ ഒന്നു ശരിയാകാത്ത ഒരു അവസ്ഥയായിരുന്നു. എന്റെ ഈ സിനിമാഭ്രാന്ത് കണ്ടിട്ട് സുഹൃത്ത് മനശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞു ചികിൽസകൊണ്ട് ഭേദമാകുന്ന സ്റ്റേജൊക്കെ കഴിഞ്ഞു. സിനിമ അത്രത്തോളം തലയ്ക്കുപിടിച്ചു. ഒന്നുങ്കിൽ സിനിമ കൊണ്ട് നന്നാകും, അല്ലെങ്കിൽ നശിക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഈ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ലക്ഷകണക്കിന് ആളുകൾ ഇപ്പോഴും എറണാകുളത്ത് ഉണ്ട്.

സിനിമയിൽ ഒന്നും ആകാതിരുന്നപ്പോൾ പള്ളിയിൽ അച്ചനാകുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്. പക്ഷെ ആയിരുന്നെങ്കിൽ അത് കഠിനമായേനേ. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ അത് കഴിഞ്ഞതിന് ശേഷം അവസരങ്ങൾ തേടിയെത്തിയില്ല.

കല്യാണം കഴിഞ്ഞ് ഭാര്യയോടും എല്ലാം ശരിയാകും എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇതിന്റെ ഇടയ്ക്ക് എനിക്ക് ഇരട്ടകുട്ടികൾ ജനിച്ചു. കുട്ടികൾ വലുതാകുന്നു, എന്തെങ്കിലും ജീവിതോപാധി കണ്ടുപിടിക്കേണ്ടേയെന്ന് ഇടയ്ക്കിടയ്ക്ക് അവൾ എന്നെ ഓർമിപ്പിച്ചു. ജീവിക്കാൻ വേണ്ടി എന്നാൽ കാനഡയ്ക്ക് പോയാലോ എന്ന് ചിന്തിച്ച്, അതിനുള്ള കാര്യങ്ങളെല്ലാം ശരിയാക്കുമ്പോഴാണ് രാജാധിരാജയിലേക്കുള്ള അവസരം വരുന്നത്. അതിലെ അയ്യപ്പൻ എന്ന വേഷം ജീവിതം മാറ്റി. അതിനുശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല– ജോജു പറഞ്ഞു. 

നൂറുദിവസം അഭിനയിച്ചു, പ്രതിഫലം തന്നത് ആയിരം രൂപ

എഴുപത് ദിവസം ഒരു സിനിമയിൽ അഭിനയിച്ചിട്ട് ആയിരം രൂപ മാത്രം പ്രതിഫലം തന്നിട്ടുണ്ട്. പൈസയുടെ കാര്യത്തിൽ സങ്കടം തോന്നിയിട്ടില്ല. എന്റെ ആഗ്രഹം അതിൽ എന്റെ സീനുകളെല്ലാം കട്ട് ചെയ്യാതെ സിനിമയിൽ വരണമെന്നായിരുന്നു. സത്യത്തിൽ എഴുപത് ദിവസമല്ല, നൂറുദിവസം ആ സിനിമയിൽ അഭിനയിച്ചു. എന്നെപ്പോലെ മറ്റ് ജൂനിയർ ആർടിസ്റ്റുകളും അതിൽ അഭിനയിച്ചിരുന്നു. ദിവസം 150 രൂപ വെച്ച് കൂട്ടികഴിഞ്ഞാൽ എന്നേക്കാൾ കൂടുതൽ പ്രതിഫലം അവർ‍ക്കുണ്ടായിരുന്നു. ഇവരേക്കാൾ കൂടുതൽ ജോലി ഞാൻ ചെയ്തിട്ടുണ്ട്. രണ്ട് ഡയലോഗും സിനിമയിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ട് എനിക്ക് ലഭിച്ചത് ആയിരം രൂപ. അതിൽ പരിഭവമോ സങ്കടമോ ഇല്ല.

ഞാൻ രക്ഷപ്പെടുമെന്ന് ആരും വിചാരിച്ചില്ല

എന്നെ കുറേ സുഹൃത്തുക്കൾ ചതിച്ചിട്ടുണ്ട്. അതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷം. അതിഭീകരമായ അവസ്ഥ. അതൊന്നും പെൺസുഹൃത്തുക്കളല്ല. ആൺസുഹൃത്തുക്കൾ. ഇവരാരും തന്നെ ഞാൻ രക്ഷപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. സാമ്പത്തികമായ ചതികളാണ് പലതും. 

മമ്മൂട്ടി നൽകിയ ഉപദേശം

‘മമ്മൂക്ക..എനിക്ക് സിനിമയിൽ ഒരു മൂന്നുകൊല്ലമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റുമോ?’ രാജാധിരാജ എന്ന സിനിമയുടെ ഷൂട്ടിങിനിടയിലാണ് ഇൗ ചോദ്യം ‍ഞാൻ അദ്ദേഹത്തോട് ചോദിക്കുന്നത്. അന്നു മമ്മൂക്ക പറഞ്ഞ ഉത്തരമാണ് എനിക്ക് ഇന്നും പ്രചോദനം നൽകുന്നത്. ‘എടാ ഞാൻ ഒരു വർഷമെങ്കിലും സിനിമയിൽ നിൽക്കണം എന്നാഗ്രഹിച്ച് വന്നതാണ്. വിജയം നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്ക്. ആ വാക്കുകളിൽ നിന്നും ഞാൻ മനസിലാക്കിയത് മറ്റൊന്നാണ്. ഞാൻ വിജയച്ചിതായി കാണുന്നില്ല. അങ്ങനെ വിജയം എന്ന ധാരണ മനസിൽ ഉണ്ടെങ്കിലല്ലേ കൈകാര്യം ചെയ്യണ്ടേ ആവശ്യമുള്ളൂ.. ചിരിയോടെ ജോജു പറയുന്നു. 

ജോസഫ് എന്ന ചിത്രം കണ്ടശേഷം മമ്മൂട്ടി അയച്ച ഒരു സന്ദേശത്തെ കുറിച്ച് ജോജു അഭിമാനത്തോടെയാണ് പറഞ്ഞത്. ‘കൊള്ളാം, പടവും നടിപ്പും’... ഇങ്ങനെ മൂന്നേമൂന്നു വാക്കുകൾ ആയിരുന്നു മേസേജില്‍. പക്ഷേ അതിനപ്പുറം ആ സന്ദേശം എന്നെ പോലൊരു നടന് തരുന്ന ആത്മവിശ്വാസം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാൻ ആ മെസേജ് സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിച്ച് വച്ചിട്ടുണ്ട്. കടന്നുവന്ന വഴി ഓര്‍ക്കുമ്പോള്‍ എന്നും അത് എനിക്ക് ഉൗർജമാണ്.കാണുമ്പോള്‍ ആ മേസേജ് രണ്ടുവരിയേ ഉള്ളൂ. പക്ഷേ എന്നെ സംബന്ധിച്ച് ഇക്ക അയച്ച ആ മേസേജ് മഹത്തരമാണ്.

ജോജുവിന്റെ ശബ്ദവും നടൻ ബിജു മോനോന്റെ ശബ്ദവുമായുള്ള സാമ്യം പലരും പറയാറുണ്ടല്ലോ എന്ന ചോദ്യത്തിന് വർഷങ്ങൾ നീണ്ട ഒരു ആത്മബന്ധത്തിന്റെ കഥകളാണ് അദ്ദേഹത്തിന്  പറയാനുണ്ടായിരുന്നത്. 

‘പത്മ തീയറ്ററിൽ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ പണ്ട് വലഞ്ഞ് നിൽക്കുമ്പോൾ ഒാഫിസിലേക്ക് വിളിച്ച് ബിജു മേനോന്റെ ശബ്ദത്തിൽ സംസാരിച്ച് ടിക്കറ്റ് ഒപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഇൗ ശബ്ദസാമ്യം ഞാൻ ആർക്കും ഉപദ്രവമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ പറഞ്ഞപ്പോൾ സ്നേഹത്തോടെ വഴക്കും പറഞ്ഞിട്ടുണ്ട് ബിജു മോനോൻ. അദ്ദേഹം ജീവിതത്തിലെ മംഗലശേരി നീലകണ്ഠനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാളെ പോലും വേദനിപ്പിക്കാതെ സംസാരിക്കാനും പെരുമാറാനും നന്നായി അറിയുന്ന മനുഷ്യൻ. കഷ്ടപാടിന്റെ കാലത്ത് എന്റെ സഹോദരിയുടെ കല്ല്യാണത്തിന് അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. അന്ന് ഏറെ ആഘോഷമായിട്ടാണ് ആ കല്ല്യാണം നടന്നത്. കാരണം, ബിജു മേനോൻ ഒക്കെ വരുന്ന കല്ല്യാണമല്ലേ.’–ജോജു പറഞ്ഞു. പഴയ ഒാർമകൾ നിറഞ്ഞ കണ്ണുകളുമായി ജോജു ജീവിതം പറയുകയായിരുന്നു.