മണി കാണുന്നുണ്ടാകും തന്റെ പേരിൽ നടക്കുന്ന ഇൗ നന്മകൾ

കലാഭവൻ മണിയുടെ ഓർമകൾ ഇരമ്പിയ വേദിയിൽ, മണിയുടെ ജന്മദിനമായ ജനുവരി ഒന്നിന് പോട്ടയിലെ സനുഷയെന്ന യുവതിയുടെ കുടുംബത്തിനു മണിയുടെ സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള കാസ്കേഡ് ക്ലബ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടന്നു. ഉദ്ഘാടനവും താക്കോൽദാനവും മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. 

മനുഷ്യത്വത്തിന്റെ പ്രതീകമാണ് കലാഭവൻ മണിയെന്നും മനുഷ്യരെ സ്‌നേഹിക്കുവാൻ മാത്രമെ മണിക്ക് അറിയുമായിരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. ബി.ഡി. ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. 7 ലക്ഷം രൂപ ചെലവിലാണു വീട് നിർമിച്ചത്. രക്താർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന മേലൂർ പുഷപഗിരി സ്വദേശി സജിൽ ശാന്തിയുടെ ചികിത്സയ്ക്ക് 60 ലക്ഷം രൂപയും മറ്റ് 20 പേർക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു. 

വസ്ത്രാലങ്കാര വിദഗ്ധൻ വേലായുധൻ കീഴില്ലത്തെ ആദരിച്ചു. നഗരസഭാധ്യക്ഷ ജയന്തി പ്രവീൺകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, നഗരസഭ കൗൺസിലർ ബീന ഡേവിസ്, സംവിധായകൻ സുന്ദർദാസ്, നടൻമാരായ ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, പ്രജോദ്, രമേശ് പിഷാരടി, ജാഫർ ഇടുക്കി, സിനോജ് അങ്കമാലി, ഫുട്ബോൾ താരങ്ങളായ ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, ക്ലബ് പ്രസിഡന്റ് സി.എസ്. സുരേഷ്, സെന്റ് ജയിംസ് ആശുപത്രി ഡയറക്ടർ ഫാ. വർഗീസ് പാത്താടൻ, കെ.എ. ഉണ്ണിക്കൃഷ്ണൻ, പീറ്റർ കലാഭവൻ, ഡോ. സുമേഷ് എന്നിവർ പ്രസംഗിച്ചു.