ലാലേട്ടന്റെ ‘ആ ഉറപ്പിന്മേൽ‌’ മാത്രമാണ് ഒടിയനു വേണ്ടി ഡബ്ബ് ചെയ്തത്: ഷമ്മി തിലകൻ

lal-shammi
SHARE

തിലകനോട് സംഘടന കാണിച്ച അനീതിക്ക് പരിഹാരം നൽകാമെന്ന മോഹൻലാലിന്റെ ഉറപ്പിന്മേലാണ് ഒടിയനിൽ പ്രകാശ് രാജിനു വേണ്ടി ഡബ്ബ് ചെയ്തതെന്ന് നടൻ ഷമ്മി തിലകൻ. അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഒരുമാസത്തോളമാണ് ശ്രീകുമാർ മേനോനെ സഹായിക്കാൻ സ്റ്റുഡിയോയിലിരുന്നത്. തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം മോഹൻലാലിന്റെ കയ്യിലാണെന്നും ഫെയ്സ്ബുക്കിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവെ ഷമ്മി തിലകൻ പറഞ്ഞു. 

സംഘടനയുമായുള്ള പ്രശ്നം അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയെത്തണമെന്ന് പറഞ്ഞ ആരാധകനാണ് ഷമ്മി തിലകന്റെ മറുപടി. ‘വ്യക്തിപരമായി തനിക്ക് സംഘടനയുമായി പ്രശ്നങ്ങൾ യാതൊന്നും തന്നെ ഇല്ലെന്നും പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യമെന്നും ഷമ്മി പറഞ്ഞു. 

‘ഇതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങിൽ ലാലേട്ടൻ എനിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. തുടർന്ന് അദ്ദേഹത്തിന്റെ താൽപ്പര്യാർത്ഥം ഞാൻ അദ്ദേഹത്തിന്‍റെ 'ഒടിയൻ' സിനിമയിൽ പ്രതിനായകന് ശബ്ദം നൽകുകയും (ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടാന്ന് വെച്ച് ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ആ സ്റ്റുഡിയോയിൽ പ്രതിഫലേച്ഛ ഇല്ലാതെ ഞാൻ കുത്തിയിരുന്നത് എനിക്ക് ലാലേട്ടൻ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.

എന്‍റെ ഭാഗം കഴിഞ്ഞു..! ഇനി ലാലേട്ടൻറെ കയ്യിലാണ്...! അനുഭാവപൂർവ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം''-ഷമ്മി തിലകൻ കുറിച്ചു. 

മാമാങ്കം എന്ന ചിത്രത്തിൽ നിന്ന് നടൻ ധ്രുവിനെ പുറത്താക്കിയതിൽ 'അമ്മ'യെ പരിഹസിച്ച് ഷമ്മി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ''അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച് മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത ധ്രുവൻ എന്ന പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരുസ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു എന്നായിരുന്നു ഷമ്മി കുറിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA