മുംബൈ∙ ശിവസേനാ സ്ഥാപകൻ ബാൽതാക്കറെയുടെയും മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെയും കഥപറയുന്ന സിനിമകൾക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വെളളിത്തിരയിലേക്ക്. ‘പിഎം നരേന്ദ്രമോദി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പുറത്തിറക്കി.
'എന്റെ രാജ്യത്തോടുളള സ്നേഹമാണ് എന്റെ ശക്തി' എന്നാണ് സിനിമയുടെ ടാഗ്‍ലൈൻ. നരേന്ദ്രമോദിയുടെ ജീവിതവും രാഷ്ട്രീയവും വിശദമായി പറയുന്നതാകും സിനിമയെന്ന് അണിയറക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാനാണ് ശ്രമം.
ബി. ഒമങ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേന്ദ്രമോദിയുടെ വേഷംചെയ്യുന്നത് വിവേക് ഒബ്റോയ് ആണ്. സുരേഷ് ഒബ്റോയ്, സന്ദീപ്സിങ് എന്നിവരാണ് നിർമാതാക്കൾ. ഇന്ത്യയിലെ ഒട്ടുമിക്കഭാഷകളിലും പുറത്തിറക്കാനുദ്ദേശിക്കുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും ഗുജറാത്തിലാകും.