പേട്ടയോ വിശ്വാസമോ? ആരാണ് മുന്നിൽ

രജനീകാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും നേർക്കുനേർ ഏറ്റുമുട്ടുന്ന പൊങ്കലാണ് ഇത്തവണ സ്ക്രീനുകളിൽ. രണ്ട് സിനിമകൾക്കും മികച്ച പ്രതികരണമാണ് തമിഴകത്തുനിന്നും ലഭിക്കുന്നത്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രമോഷന്‍ വളരെക്കുറച്ച് മാത്രം നൽകിയാണ് പേട്ടയും വിശ്വാസവും തിയറ്റററുകളിലെത്തിയത്.

സ്റ്റൈൽ മന്നന്റെ പേട്ട ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പേട്ടയിൽ രജനിയെ കൂടാതെ നവാസുദ്ദീൻ സിദ്ദീഖി, വിജയ് സേതുപതി, ശശികുമാർ, ബോബി സിംഹ, തൃഷ തുടങ്ങി വലിയൊരു താര നിര തന്നെയുണ്ട്. 2.0 ചില സെന്ററുകളിൽ വിചാരിച്ച നേട്ടം കൊയ്തില്ലെങ്കിലും പേട്ട പ്രതീക്ഷകൾക്കു മീതെ പറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണു  രജനി ആരാധകർ. ആദ്യ റിപ്പോർട്ടുകളും ചിത്രം വൻ വിജയമാണെന്ന സൂചനയാണു നൽകുന്നത്. 

പഴയ രജനി

പഴയകാല രജനിയെ തിരികെ നൽകിയെന്നാണു തമിഴ് മാധ്യമങ്ങൾ വാഴ്ത്തുന്നത്. 2.0 തിയറ്ററിൽ ഉളളപ്പോൾ തന്നെയാണു പുതിയ രജനി ചിത്രമെത്തുന്നതെന്ന പ്രത്യേകതയുണ്ട്. തുടർച്ചയായ 2 രജനി റിലീസുകൾ പതിവുളളതല്ല. തലൈവരുടെ 165–ാം ചിത്രമാണു പേട്ട. മാസ് അപ്പീലുളള ചിത്രങ്ങളിൽ നിന്നു മാറി ഫാന്റസിയും സാമൂഹിക പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രങ്ങളിലക്കു ഇടക്കാലത്തു രജനി ചുവടുമാറിയതു കടുത്ത രജനി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 

സിമ്രനും തൃഷയും

പഞ്ച് ഡയലോഗുകളും ആക്‌ഷനുകളും പതിവു രജനി നമ്പരുകളുമായി സമൃദ്ധമാണു പേട്ട. സിമ്രനും തൃഷയുമാണ് ചിത്രത്തിൽ രജനിയുടെ നായികമാരായി എത്തുന്നത്. ഒരു കാലത്തു തമിഴ് പ്രേക്ഷകരുടെ ഉള്ളം കവർന്ന സിമ്രന്റെ തിരിച്ചു വരവു കൂടിയാണു ചിത്രം. പീറ്റ്സ, ജിഗിർതണ്ട, ഇരൈവി, മെർക്കുറി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണു സംവിധായകൻ കാർത്തിക് സുബ്ബരാജ്.

അജിത്, നയൻസ്

അജിത്തും സംവിധായകൻ  ശിവയും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണു വിശ്വാസം. നയൻതാരയാണു നായിക. പേട്ട ലിസ്റ്റൻ സ്റ്റീഫനും നടൻ പൃഥ്വിരാജും ചേർന്നു കേരളത്തിൽ വിതരണം ചെയ്യുമ്പോൾ ടോമിച്ചൻ മുളകുപാടത്തിനാണു വിശ്വാസത്തിന്റെ വിതരണാവകാശം. തൂക്കു ദുരൈ എന്ന കഥാപാത്രത്തെയാണു  അജിത്ത് വിശ്വാസത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി 4 കോടി രൂപ പ്രതിഫലം  ലഭിച്ച നയൻതാര താൻ തന്നെയാണു തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നു വീണ്ടും തെളിയിച്ചു. പൊങ്കൽ പതിനഞ്ചിനാണെങ്കിലും രണ്ടു ചിത്രങ്ങളും ഇന്നലെ തിയറ്ററുകളിലെത്തി.