ഒരു കരീബിയൻ ഉഡായിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിനായി കേണപേക്ഷിച്ച് മലയാളികളുടെ സ്വന്തം സുഡാനി രംഗത്ത്. ഇൗ സിനിമ ആരും കാണുന്നില്ലെന്ന സത്യം താൻ ഹൃദയം തകരുന്ന വേദനയോടെയാണ് കേട്ടതെന്നും ഡിസ്റ്റ്രിബ്യൂഷനിലുണ്ടായ പിഴവുകൾ ക്ഷമിക്കണമെന്നും പറഞ്ഞാണ് സാമുവൽ അബിയോള റോബിൻസൺ എന്ന മലയാളികളുടെ സ്വന്തം സുഡാനി രംഗത്തു വന്നത്. പുതുമുഖങ്ങൾ ഏറെ ഉൾപ്പെട്ട സിനിമയായതിനാൽ തങ്ങളുടെ ഭാഗത്തു നിന്ന് തെറ്റുകൾ വന്നിട്ടുണ്ടെന്നും പക്ഷേ നിർമാതാവിന് വലിയ നഷ്ടം വരുമെന്നതിനാൽ അദ്ദേഹത്തെ സഹായിക്കണമെന്നും സാമുവൽ പറയുന്നു.
‘ഒരുപാട് പേർക്ക് സിനിമ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കുന്നില്ല. തീയറ്ററുകളിൽ സിനിമ ഇല്ലാത്തതാണ് കാരണം. സിനിമയുടെ ഡിസ്റ്റ്രിബ്യൂഷനിലുണ്ടായ പിഴവുകൾ മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണം. ഞാൻ നിങ്ങളോട് സഹായം അഭ്യർഥിക്കുന്നു. ചിത്രത്തിന്റെ നിർമാതാവിനെ സഹായിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന് വലിയ നഷ്ടം ഉണ്ടാകും.’ സാമുവൽ പറഞ്ഞു.
ജനുവരി 10–നാണ് ഒരു കരീബിയൻ ഉടായിപ്പ് എന്ന ചിത്രം റിലീസാകുന്നത്. എന്നാൽ രജനീകാന്ത് ചിത്രമായ പേട്ടയും അജിത് ചിത്രമായ വിശ്വാസവും റിലീസ് ചെയ്യുന്ന ദിവസമായതിനാൽ വളരെ കുറച്ച് തീയറ്ററകുൾ മാത്രമാണ് ഇൗ സിനിമയ്ക്ക് ലഭിച്ചത്. മികച്ച അഭിപ്രായം ഉണ്ടായിട്ടും ചിത്രത്തിന് കൂടുതൽ തീയറ്ററുകൾ ഇപ്പോഴും ലഭിക്കുന്നില്ല.